'ആരാണാ സ്ത്രീ? ഇന്ത്യയ്‌ക്കെതിരെ അടുത്ത ടൂൾകിറ്റിനുള്ള പുറപ്പാടാണോ?'-രാഹുൽ ഗാന്ധിക്കെതിരെ സംഘ്പരിവാർ സൈബർ ആക്രമണം
സംഘ്പരിവാർ പ്രൊഫൈലുകൾ വിവാദമാക്കിയ ചിത്രത്തിൽ കോൺഗ്രസ് വിശദീകരണവും വന്നിട്ടുണ്ട്
ന്യൂഡൽഹി: ഉസ്‌ബെകിസ്താൻ സന്ദർശനത്തിനു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് സംഘ്പരിവാർ സൈബർ ആക്രമണം. യാത്രയ്ക്കിടെ പുറത്തുവന്ന ചിത്രത്തില്‍ രാഹുലിനൊപ്പം നിൽക്കുന്ന സ്ത്രീയുടെ ചിത്രം ചൂണ്ടിക്കാട്ടിയാണ് അധിക്ഷേപം നടക്കുന്നത്. സൈബർ ആക്രമണത്തിനു പിന്നാലെ വിശദീകരണവുമായി കോൺഗ്രസ് വക്താവും രംഗത്തെത്തിയിട്ടുണ്ട്.
ഉസ്‌ബെകിസ്താനിലേക്ക് ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനകൾ നടത്താനാണ് 'രഹസ്യയാത്ര' നടത്തിയിരിക്കുന്നതെന്ന് ആരോപിക്കുന്ന സൈബർ ഹാൻഡിലുകൾ ചിത്രത്തിലുള്ള സ്ത്രീയെയും രാഹുലിനെയും കൂട്ടിക്കെട്ടിയും പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. വിദേശ പാവയായ രാഹുൽ ഗാന്ധി മറ്റൊരു ദുരൂഹയാത്രയ്ക്കു പുറപ്പെട്ടിരിക്കുകയാണെന്നാണു ചിത്രങ്ങൾ പങ്കുവച്ച് ബി.ജെ.പി കർണാടക ഘടകത്തിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ കുറിച്ചത്. ഉസ്‌ബെകിസ്താനിലേക്കുള്ള രാഹുൽ ഗാന്ധിയുടെ ദുരൂഹമായ യാത്രയെന്നാണ് സംഘ്പരിവാർ പോർട്ടലായ 'ഓപ്ഇന്ത്യ' വിശേഷിപ്പിച്ചത്.
എക്‌സിൽ രണ്ടു ലക്ഷത്തിലേറെ ഫോളോവർമാരുള്ള ഹാൻഡിലായ ബാല ഒരുപടി കൂടി കടന്ന് ചിത്രത്തിലുള്ള സ്ത്രീയെക്കുറിച്ചും ടൂൾകിറ്റ് ആരോപണങ്ങൾ ഉയർത്തിയുമുള്ള സംശയങ്ങളും ഉയർത്തുന്നുണ്ട്. ''ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ മറ്റൊരു വിദേശയാത്രയ്ക്ക് പുറപ്പെട്ടിരിക്കുകയാണ് രാഹുൽ ഗാന്ധി. ഇത്തവണ ഉസ്‌ബെകിസ്താനിലേക്കാണു യാത്ര. ഈ ചിത്രത്തിൽ തവിട്ടുനിറത്തിലുള്ള കുപ്പായം ധരിച്ച സ്ത്രീ ആരാണ്? ഇന്ത്യയ്‌ക്കെതിരെ മറ്റൊരു ടൂൾകിറ്റ് പ്രതീക്ഷിക്കുക!''-എന്നാണ് പോസ്റ്റിൽ ചോദിക്കുന്നത്.
ഒടുവിൽ കോൺഗ്രസ് സോഷ്യൽ മീഡിയ-ഡിജിറ്റൽ പ്ലാറ്റ്‌ഫോം വിഭാഗം ചെയർപേഴ്‌സൺ സുപ്രിയ ശ്രീനാഥ് ആണ് വിശദീകരണവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ ബാല്യകാല സുഹൃത്തായ അമിതാഭ് ദുബേയും ഭാര്യയുമാണ് ചിത്രത്തിലുള്ളതെന്ന് അവർ വിശദീകരിച്ചു.
''നിങ്ങളെയോർത്ത് ലജ്ജിക്കുന്നുവെന്നാണ് മണ്ടൻ സംഘികളോടും രണ്ടു രൂപയുടെ ബി.ജെ.പിയുടെ ട്രോളുകളോടും പറയാനുള്ളത്. നിങ്ങൾക്കൊന്നും സംസാരിച്ചിരിക്കാൻ സുഹൃത്തുക്കളില്ലേ.. രാഹുൽ ഗാന്ധിയുടെ ബാല്യകാല സുഹൃത്ത് അമിതാഭ് ദുബേയും അദ്ദേഹത്തിന്റെ ഭാര്യ അമൂല്യയുമാണ് ഈ ചിത്രത്തിലുള്ളത്. മഹാതോൽവികളേ, നയിച്ചുതിന്നൂടേ...!''-സുപ്രിയ എക്‌സിൽ കുറിച്ചു.
2022 മുതൽ കോൺഗ്രസിന്റെ റിസർച്ച്, മോണിറ്ററിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിന്റെ തലവനാണ് അമിതാഭ് ദുബേ. നേരത്തെ ആൾ ഇന്ത്യ പ്രൊഫഷനൽസ് കോൺഗ്രസ് ഡൽഹി ഘടകം പ്രസിഡന്റുമായിരുന്നു. ലണ്ടൻ ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കിങ് സ്ഥാപനമായ ടി.എസ് ലൊംബാർഡിന്റെ ഇന്ത്യൻ വിഭാഗത്തിൽ പൊളിറ്റിക്കൽ അനലിസ്റ്റ് ആയി പ്രവർത്തിക്കുകയാണ് നിലവിൽ. നേരത്തെ ഇന്ത്യ റിസർച്ചിന്റെ ഡയരക്ടറും ന്യൂയോർക്ക് ആസ്ഥാനമായുള്ള യുറേഷ്യ ഗ്രൂപ്പിൽ അനലിസ്റ്റുമായിരുന്നു. ബിസിനസ് സ്റ്റാൻഡേഡ്, ബിസിനസ് ഇന്ത്യ ടെലിവിഷൻ എന്നിവയിൽ ബിസിനസ് ജേണലിസ്റ്റ് ആയും പൊളിറ്റിക്കൽ റിസ്‌ക് അനലിസ്റ്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.
ഷിക്കാഗോ സർവകലാശാലയിൽനിന്ന് ഇന്റർനാഷനൽ റിലേഷൻസിലും കൊളംബിയ സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കൊളംബിയ സോഷ്യൽ ആൻഡ് എക്‌ണോമിക് റിസർച്ച് ആൻഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗ്രാജ്വേറ്റ് ഫെലോയും ആയിരുന്നു.
Summary: Sangh Parivar cyber attack against Rahul Gandhi in his new Uzbekistan trip, Congress leader clarifies
Adjust Story Font
16