'ആ ചോദ്യത്തിന് പിന്നിൽ പാക് അജണ്ട'; മോദിയോട് ചോദ്യം ഉന്നയിച്ച സബ്രിന സിദ്ദീഖിക്കെതിരെ സംഘ് പ്രൊഫൈലുകൾ
മുസ്‌ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾ ഇന്ത്യയില്‍ അനുഭവിക്കുന്ന വിവേചനത്തെ കുറിച്ചായിരുന്നു സബ്രിനയുടെ ചോദ്യം.
വാഷിങ്ടൺ: വൈറ്റ്ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യം ഉന്നയിച്ച വാൾസ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവർത്തക സബ്രിന സിദ്ദീഖിക്കെതിരെ സംഘ് അനുകൂല പ്രൊഫൈലുകളുടെ സൈബർ ആക്രമണം. സബ്രിനയുടെ ചോദ്യത്തിന് പിന്നിൽ പാക് അജണ്ടയാണ് എന്നും ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ഇവരെന്നും പ്രൊഫൈലുകൾ ആരോപിച്ചു. ചോദ്യത്തിന് പിന്നിൽ ടൂൾ കിറ്റ് ഗ്യാങ് പ്രവർത്തിക്കുന്നു എന്നാണ് ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ കുറ്റപ്പെടുത്തിയത്.
യുഎസ് പ്രസിഡണ്ട് ജോ ബൈഡനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ ഇന്ത്യയിലെ മുസ്‌ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വിവേചനത്തെ കുറിച്ചായിരുന്നു സബ്രിനയുടെ ചോദ്യം.
'ജനാധിപത്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഒരുപാട് ലോകനേതാക്കൾ വ്യക്തമാക്കിയ വൈറ്റ്ഹൗസിലാണ് താങ്കളിപ്പോൾ നിൽക്കുന്നത്. മുസ്ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ മെച്ചപ്പെടുത്താനും ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിലനിർത്താനും എന്തു നടപടികൾ കൈക്കൊള്ളാനാണ് താങ്കളും സർക്കാരും താൽപര്യപ്പെടുന്നത്?' - എന്നായിരുന്നു സബ്രിനയുടെ ചോദ്യം.
ചോദ്യത്തിന് മോദി നേരിട്ടുള്ള ഉത്തരം നൽകിയില്ല. പകരം, ജനാധിപത്യത്തില്‍ വിവേചനമില്ല എന്ന മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്.
'ഭരണഘടനയുടെ മൗലികതത്വങ്ങൾ ആധാരമാക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. അവിടെ ജാതിയുടെയും വർഗത്തിന്റെയും ലിംഗത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്ക് ഇടമില്ല. അതുകൊണ്ടാണ് 'സബ് കാ സാത്ത്, സബ് കാ വികാസ്, സബ് കാ പ്രയാസ്' എന്ന മുദ്രാവാക്യത്തിൽ ഇന്ത്യ വിശ്വസിക്കുകയും അതിലൂടെ മുന്നോട്ടുപോകുകയും ചെയ്യുന്നത്. സർക്കാർ സേവനങ്ങളുടെ ഗുണം എല്ലാവർക്കും ലഭ്യമാണ്. ജനാധിപത്യത്തിൽ മാനുഷികമൂല്യങ്ങളും മാനവികതയുമില്ലെങ്കിൽ മനുഷ്യാവകാശങ്ങൾക്കു സ്ഥാനമില്ല. അതൊരിക്കലും ജനാധിപത്യവുമാകില്ല. നമ്മൾ ജനാധിപത്യത്തിലാണ് ജീവിക്കുന്നത്. അവിടെ ഒരിക്കലും വിവേചനത്തിനു സ്ഥാനമില്ല' - എന്നായിരുന്നു മോദിയുടെ മറുപടി.
സബ്രിനയുടെ ചോദ്യം നിരവധി സംഘ് പ്രൊഫൈലുകളെയാണ് ചൊടിപ്പിച്ചത്. 'ഇന്ത്യൻ-പാകിസ്താനി അച്ഛന്റെയും പാകിസ്താനി അമ്മയുടെയും മകളാണ് സബ്രിന. അതുകൊണ്ടു തന്നെ ആ ചോദ്യത്തിന് പിന്നിലെ അജണ്ട ഊഹിക്കാവുന്നതേയുള്ളൂ.' വരുൺ കുമാർ റാണയെന്ന വെരിഫൈഡ് ട്വിറ്റർ യൂസർ കുറിച്ചത് ഇങ്ങനെയാണ്. പാകിസ്താനിൽ സ്ത്രീകളും ന്യൂനപക്ഷങ്ങളും അനുഭവിക്കുന്ന ക്രൂരതകളെ കുറിച്ച് മിണ്ടാതെയാണ് സബ്രിന ഇന്ത്യയിലെ വിവേചനത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് ഇന്ത്യൻ-അമേരിക്കൻ എന്ന പേരിലുള്ള യൂസർ പ്രതികരിച്ചു. 'നിങ്ങളുടെ രാഷ്ട്ര നേതാക്കളോട് ഈ ചോദ്യം എത്ര തവണ നിങ്ങൾ ചോദിച്ചിട്ടുണ്ട്' എന്നാണ് മോണിക്ക വർമയെന്ന യൂസർ ചോദിച്ചത്.
സൈബർ ആക്രമണങ്ങൾക്ക് പിന്നാലെ, ഇന്ത്യയോടുള്ള സ്‌നേഹം വ്യക്തമാക്കി സബ്രിന ട്വിറ്ററിൽ കുറിപ്പിട്ടു. ഇന്ത്യൻ ജഴ്‌സിയണിഞ്ഞ് അച്ഛനൊപ്പം 2011ലെ ലോകകപ്പ് ഫൈനൽ കാണുന്ന സ്വന്തം ചിത്രമാണ് ഇവർ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 'വ്യക്തിപരമായ പശ്ചാത്തലം ചികയുന്നവർക്ക് ഈ മുഴുചിത്രം സമർപ്പിക്കുന്നു. ചിലപ്പോൾ അസ്തിത്വങ്ങൾ അവർ വിചാരിക്കുന്നതിലും സങ്കീർണമാകും' എന്ന അടിക്കുറിപ്പോടെയാണ് സബ്രിന ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.
സബ്രിനയെ അഭിനന്ദിച്ചും നിരവധി പേർ രംഗത്തെത്തി. മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള സബ്രിനയുടെ ചോദ്യത്തിന് ജനാധിപത്യത്തിൽ വിവേചനമില്ലെന്ന മോദിയുടെ മറുപടി അമ്പരപ്പിച്ചെന്ന് ഫോക്‌സ് ന്യൂസിന്റെ വൈറ്റ്ഹൗസ് കറസ്‌പോണ്ടന്റ് ജാക്വി ഹിൻറിച്ച് പറഞ്ഞു. ഇന്ത്യയിൽ വച്ച് മോദി നേരിടേണ്ട ചോദ്യമാണ് ഉന്നയിക്കപ്പെട്ടതെന്ന് നിരവധി ഇന്ത്യക്കാരും സമൂഹമാധ്യമത്തിൽ കുറിച്ചു.
Adjust Story Font
16