Quantcast

'പാകിസ്താൻ മേഖലയിൽ വോട്ട് എണ്ണുമ്പോൾ അവർ ജയിക്കുമെന്നു തോന്നും'; വിവാദ പരാമർശവുമായി യോഗി സർക്കാരിലെ മന്ത്രി

ഉപതെരഞ്ഞെടുപ്പ് നടന്ന ഘോസിയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെക്കുറിച്ചാണ് എൻ.ഡി.എ ഘടകകക്ഷി നിഷാദ് പാർട്ടിയുടെ തലവൻ സഞ്ജയ് നിഷാദിന്റെ അധിക്ഷേപം

MediaOne Logo

Web Desk

  • Published:

    8 Sep 2023 5:50 PM GMT

Sanjay Nishad, BJP ally Nishad Party leader and minister in the yogi government, calls Muslim areas as Pakistan amid Ghosi by election 2023 results, Sanjay Nishad, BJP ally Nishad Party, Ghosi by election 2023, SP
X

സഞ്ജയ് നിഷാദ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഘോസിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ പാകിസ്താനെന്നു വിളിച്ച് യോഗി സർക്കാരിലെ മന്ത്രി. എൻ.ഡി.എ ഘടകകക്ഷിയായ നിഷാദ് പാർട്ടി തലവൻ സഞ്ജയ് നിഷാദാണ് വംശീയാധിക്ഷേപം നടത്തിയത്. സമാദ്‌വാദി പാർട്ടി സ്ഥാനാർത്ഥി സുധാകർ സിങ്ങിനു ഭൂരിപക്ഷം ലഭിച്ച മേഖലയെക്കുറിച്ചായിരുന്നു അധിക്ഷേപം.

ഇന്ന് വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴായിരുന്നു സഞ്ജയ് നിഷാദ് വിവാദ പരാമർശം നടത്തിയത്. 'പാകിസ്താൻ മേഖലയിലെ (ഇ.വി.എം) പെട്ടികൾ എണ്ണുമ്പോൾ പാകിസ്താനാണു ജയിക്കുന്നതെന്നു തോന്നും. എന്നാൽ, ഞങ്ങളുടെ മേഖലയിലെത്തുമ്പോൾ അവർ ചിത്രത്തിൽനിന്നു തന്നെ മായും'-ഇങ്ങനെയായിരുന്നു അധിക്ഷേപം.

പാകിസ്താൻ മേഖല എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നും സഞ്ജയ് നിഷാദ് പിന്നീട് വിശദീകരിച്ചു. എസ്.പിക്ക് വോട്ടു ലഭിക്കുന്ന മേഖലയാണ് പാകിസ്താനെന്നായിരുന്നു വിശദീകരണം. എസ്.പിയുടെ പ്രീണനരാഷ്ട്രീയത്തിന്റെ ഫലമാണിതെന്നും ആരോപണം തുടർന്നു.

യു.പി മന്ത്രിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ എസ്.പി രംഗത്തെത്തി. ഇതെല്ലാം ഭാരതമെന്ന ഇന്ത്യയുടെ ഭാഗമാണെന്ന് ആരെങ്കിലും അദ്ദേഹത്തിനു പറഞ്ഞുകൊടുക്കണമെന്ന് എസ്.പി നേതാവ് ശിവപാൽ യാദവ് പറഞ്ഞു. എല്ലാ ഇന്ത്യക്കാരും ഭാരത മാതാവിന്റെ മക്കളാണെന്നും ആദരിക്കപ്പെടേണ്ട പൗരന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കകത്ത് പാകിസ്താനുണ്ടെന്നു പറയുന്നവർ രാജ്യത്തിന്റെ പരമാധികാരത്തെയാണു വെല്ലുവിളിക്കുന്നതെന്നും ശിവപാൽ 'എക്‌സി'ൽ വിമർശിച്ചു.

അതേസമയം, 'ഇൻഡ്യ' സഖ്യത്തിനു പ്രതീക്ഷ പകരുന്ന ഫലമാണ് ഘോസിയിൽ ഇന്നു പുറത്തുവന്നത്. ബി.ജെ.പി സർവ ഹിന്ദുത്വ പ്രചാരണങ്ങളും അഴിച്ചുവിട്ട തെരഞ്ഞെടുപ്പിൽ ജാതിസമവാക്യങ്ങൾ അനുകൂലമാകുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാൽ, ഇൻഡ്യ സഖ്യത്തിന് ഏറെ പ്രതീക്ഷയും ദിശയും പകർന്നുനൽകിക്കൊണ്ടാണ് വമ്പൻ ഭൂരിപക്ഷത്തിന് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി സുധാകർ സിങ് അവിടെ ജയിച്ചുകയറുന്നത്.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുൻപ് യോഗി ആദിത്യനാഥിനും ബി.ജെ.പിക്കും ആശങ്കയാകുന്ന ഒരു ഫലം കൂടിയാകുമിത്. അതിന് ഒരുപാട് ഘടകങ്ങളുണ്ട്. 42,759 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എസ്.പിയുടെ സുധാകർ സിങ് ബി.ജെ.പി നേതാവും സിറ്റിങ് എം.എൽ.എയുമായ ദാരാ സിങ് ചൗഹാനെ തോൽപിച്ചത്. സുധാകറിന് 1,24,427 വോട്ട് ലഭിച്ചപ്പോൾ ദാരാ സിങ്ങിനു കിട്ടിയത് 81,668 വോട്ടാണ്. കഴിഞ്ഞ തവണത്തേതിൽനിന്ന് ഇരട്ടിയോളം വർധനയാണ് എസ്.പിയുടെ ഭൂരിപക്ഷത്തിലുണ്ടായത്. ചൗഹാൻ എസ്.പി വിട്ട് ബി.ജെ.പിയിലെത്തിയതോടെയാണ് ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങിയത്.

ഇൻഡ്യ സഖ്യത്തിന്റെ രൂപീകരണത്തിനുശേഷം എൻ.ഡി.എയുമായി നേർക്കുനേർ വന്ന ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു ഇത്. കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്താതെ എസ്.പിയെ പിന്തുണച്ചു. മായാവതിയുടെ ബി.എസ്.പി ഇരു മുന്നണികളെയും പിന്തുണയ്ക്കുന്നില്ലെന്നും വ്യക്തമാക്കി.

ഫലം എസ്.പിയുടെ മാത്രമല്ല, ഇൻഡ്യ സഖ്യത്തിന്റെ കൂടി വിജയമാണെന്നാണ് അഖിലേഷ് യാദവ് പ്രതികരിച്ചത്. ഭാവിയിലും ആവർത്തിക്കാൻ പോകുന്ന ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. പോസിറ്റീവ് രാഷ്ട്രീയത്തിന്റെ വിജയവും വർഗീയരാഷ്ട്രീയത്തിന്റെ പരാജയവുമാണെന്നും അഖിലേഷ് വ്യക്തമാക്കി. ഈ ഫലം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബി.ജെ.പി നേതാവ് ഭൂപേന്ദ്ര സിങ് പ്രതികരിച്ചതിൽനിന്നു തന്നെ വ്യക്തമാണ് ഉപതെരഞ്ഞെടുപ്പിലെ ഇൻഡ്യ സഖ്യനീക്കത്തിന്റെ രാഷ്ട്രീയപ്രസക്തി.

Summary: Sanjay Nishad, BJP ally Nishad Party leader and minister in the yogi government, calls Muslim areas as Pakistan amid Ghosi by election 2023 results

TAGS :

Next Story