Quantcast

'ബി.ജെ.പിയെ സഹായിക്കുന്നു': ഗോവയിൽ തൃണമൂലിന്റെ സാന്നിധ്യത്തെ വിമർശിച്ച് ശിവസേന

എല്ലാ പാർട്ടികളും സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പരീക്ഷണശാലയാക്കി മാറ്റിയിരിക്കുകയാണെന്ന് ഗോവയിലെ നിലവിലെ അവസ്ഥയെ പരാമർശിച്ച് എ റാവത്ത് വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2022-01-10 04:07:42.0

Published:

10 Jan 2022 4:05 AM GMT

ബി.ജെ.പിയെ സഹായിക്കുന്നു:  ഗോവയിൽ തൃണമൂലിന്റെ സാന്നിധ്യത്തെ വിമർശിച്ച് ശിവസേന
X

ഗോവ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് സ്വീകരിക്കുന്ന കോൺഗ്രസ് വിരുദ്ധ നിലപാടിനെ വിമർശിച്ച് ശിവസേന. ഗോവ തെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസ് സാന്നിധ്യം ബിജെപിയെ സഹായിക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.

'കോൺഗ്രസ് ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളിൽ നിന്ന് വിശ്വാസയോഗ്യരല്ലാത്ത നേതാക്കളെ ടി.എം.സി തെരഞ്ഞെടുത്തിരിക്കുകയാണ്. അത്തരമൊരു മനോഭാവം ബിജെപിക്കെതിരെ പോരാടുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് അനുയോജ്യമല്ല'- ശിവസേന മുഖപത്രമായ സാംനയിലെഴുതിയ കുറിപ്പില്‍ സഞ്ജയ് റാവത്ത് പറയുന്നു.

'നിയമസഭാ തെരഞ്ഞെടുപ്പിനായി ടിഎംസി ഗോവയിൽ അമിതമായി ചെലവഴിക്കുകയാണ്, പാർട്ടി ചെലവഴിച്ച ഫണ്ടിന്റെ ഉറവിടം "മറ്റെവിടെ നിന്നോ'' ആണെന്ന് പലരും പറയുന്നു- റാവത്ത് വ്യക്തമാക്കി. എന്നാല്‍ എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് ലേഖനത്തില്‍ വിശദീകരിക്കുന്നില്ല. അതേസമയം എല്ലാ പാർട്ടികളും സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പരീക്ഷണശാലയാക്കി മാറ്റിയിരിക്കുകയാണെന്ന് ഗോവയിലെ നിലവിലെ അവസ്ഥയെ പരാമർശിച്ച് എ റാവത്ത് വ്യക്തമാക്കി.

കഴിഞ്ഞ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റുകളുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെന്നും ഇപ്പോൾ അത് വെറും രണ്ട് സീറ്റിൽ ഒതുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗോവയിൽ കോൺഗ്രസിന് ശക്തമായ നേതൃത്വം ഇല്ലാത്തതാണ് തിരിച്ചടിക്ക് കാരണമെന്ന് റാവത്ത് അഭിപ്രായപ്പെട്ടു. ഭരണകക്ഷിയായ ബി.ജെ.പിക്ക് ഗോവയിൽ വിജയിക്കുക എളുപ്പമല്ല, എന്നാൽ എ.എ.പി, ടി.എം.സി തുടങ്ങിയ പാർട്ടികൾ ബി.ജെ.പിയെ സഹായിക്കാൻ കോൺഗ്രസിന്റെ പാതയിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗോവയിലെ 40 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഫെബ്രുവരി 14നാണ് തെരഞ്ഞെടുപ്പ്. ബിജെപി, കോൺഗ്രസ്, ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി), മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി), ആം ആദ്മി പാർട്ടി (എഎപി), തൃണമൂൽ കോൺഗ്രസ് പാർട്ടി (ടിഎംസി), എൻസിപി എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാന രാഷ്ട്രീയ പാർട്ടികൾ.


TMC's Presence in Goa to Help BJP in Polls, Claims Sanjay Raut

TAGS :

Next Story