പുലിറ്റ്‌സർ പുരസ്കാരം സ്വീകരിക്കാനാവില്ല; സന്ന ഇർഷാദ് മാട്ടുവിന് വീണ്ടും യാത്രാ വിലക്ക്
സാധുവായ ടിക്കറ്റും വിസയും കൈവശമുണ്ടായിട്ടും തന്റെ ന്യൂയോർക്ക് യാത്ര തടഞ്ഞുവെന്ന് സന്ന
ന്യൂഡൽഹി: പുലിറ്റ്‌സർ പുരസ്‌കാര ജേതാവും കാശ്മീരി ഫോട്ടോ ജേർണലിസ്റ്റുമായ സന്ന ഇർഷാദ് മാട്ടുവിന് ഡൽഹി വിമാനത്താവളത്തിൽ വീണ്ടും യാത്രാ വിലക്ക്. പുലിറ്റ്‌സർ സമ്മാനം വാങ്ങാൻ ന്യൂയോർക്കിലേക്ക് പോവാനിരിക്കെയാണ് സന്നയെ അധികൃതർ തടഞ്ഞത്. യാത്രാ വിലക്കേർപ്പെടുത്തിയതിന്റെ കാരണം ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. ഇത് രണ്ടാം തവണയാണ് സന്നയ്ക്ക് യാത്രാ വിലക്കേർപ്പെടുത്തുന്നത്.
സാധുവായ ടിക്കറ്റും വിസയും കൈവശമുണ്ടായിട്ടും തന്റെ ന്യൂയോർക്ക് യാത്ര തടഞ്ഞുവെന്നാണ് സന്ന പറഞ്ഞത്. ''ന്യൂയോർക്കിലെ പുലിറ്റ്സർ അവാർഡ് സ്വീകരിക്കാനുള്ള യാത്രയിലായിരുന്നു ഞാൻ, എന്നാൽ ഡൽഹി എയർപോർട്ടിൽ ഇമിഗ്രേഷനിൽ എന്നെ തടഞ്ഞുനിർത്തി, സാധുവായ യുഎസ് വിസയും ടിക്കറ്റും കൈവശം വച്ചിട്ടും അന്താരാഷ്ട്ര യാത്രയിൽ നിന്നും വിലക്കുകയാണുണ്ടായത്.''- സന്ന ട്വിറ്ററിൽ കുറിച്ചു.
മോദി സർക്കാരിന്റെ ഭരണ പരാജയം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച മാധ്യമ പ്രവർത്തകരെ ഭരണകൂടം വേട്ടയാടുന്നുവെന്ന ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണിത്. 2022 മെയിലാണ് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ സന്നയ്ക്ക് ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ പുലിറ്റ്‌സർ സമ്മാനം ലഭിക്കുന്നത്. റോയിട്ടേഴ്സ് ആയിരുന്നു ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. അന്തരിച്ച പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധീഖി, അമിത് ദവെ, അദ്‌നാൻ ആബിദി എന്നിവരുൾപ്പെടെയുള്ള റോയിട്ടേഴ്‌സ് ടീമുമായാണ് അവാർഡ് പങ്കിട്ടത്. ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയുടെ ചിത്രങ്ങൾക്കാണ് അവാർഡ് ലഭിച്ചത്.
കശ്മീരിലെ സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കൺവെർജന്റ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ സന്ന, ലോകമെമ്പാടുമുള്ള നിരവധി ഔട്ട്‌ലെറ്റുകളിൽ തന്റെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021-ൽ, പ്രശസ്തമായ മാഗ്നം ഫൗണ്ടേഷനിൽ സന്നയ്ക്ക് ഫെലോഷിപ്പ് ലഭിച്ചിരുന്നു. നേരത്തെ ഫ്രഞ്ച് വിസ കൈവശമുണ്ടായിട്ടും ഡൽഹിയിൽനിന്ന് പാരീസിലേക്ക് യാത്ര ചെയ്യുന്നതിന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിലക്കേർപ്പെടുത്തുകയാണുണ്ടായത്. കൊളംബോയിലേക്ക് പോകുന്നതിന് കശ്മീരി പത്രപ്രവർത്തകൻ ആകാശ് ഹസനെയും മുമ്പ് വിലക്കുകയുണ്ടായി. 2019 ൽ ജർമനിയിൽ മാധ്യമപ്രവർത്തകരുടെ സമ്മേളനത്തിന് പോകുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽ ഗൗഹർ ഗീലാനിയെയും തടഞ്ഞു.
Adjust Story Font
16