Quantcast

ഭാരത് ജോഡോ യാത്ര പോസ്റ്ററില്‍ വീണ്ടും സവര്‍ക്കര്‍; പോസ്റ്റര്‍ തങ്ങളുടേതല്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ

പോസ്റ്റര്‍ തങ്ങള്‍ സ്ഥാപിച്ചതല്ലെന്ന് എന്‍.എ ഹാരിസ് എം.എല്‍.എ

MediaOne Logo

Web Desk

  • Updated:

    2022-10-06 16:43:37.0

Published:

6 Oct 2022 4:31 PM GMT

ഭാരത് ജോഡോ യാത്ര പോസ്റ്ററില്‍ വീണ്ടും സവര്‍ക്കര്‍; പോസ്റ്റര്‍ തങ്ങളുടേതല്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ
X

മാണ്ഡ്യ: കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി സ്ഥാപിച്ച പോസ്റ്ററില്‍ വീണ്ടും ഹിന്ദുത്വ സൈദ്ധാന്തികന്‍ വി.ഡി സവര്‍ക്കറുടെ ചിത്രം. ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പുരോഗമിക്കുന്നതിനിടെ മാണ്ഡ്യയില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം ഇടപിടിച്ചത്. ശാന്തിനഗർ എം.എൽ.എ എന്‍.എ ഹാരിസിന്‍റെ പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ പോസ്റ്റര്‍ തങ്ങള്‍ സ്ഥാപിച്ചതല്ലെന്നാണ് കോണ്‍ഗ്രസ് എം.എല്‍.എയുടെ വിശദീകരണം.

പോസ്റ്ററില്‍ സവര്‍ക്കര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ വി.ഡി ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ ചിത്രങ്ങളുമുണ്ട്. പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതികരണവുമായി ഹാരിസ് എം.എല്‍.എ രംഗത്തെത്തി- "ഇത് ചെയ്തത് സാമൂഹ്യദ്രോഹികളാണ്. ഞങ്ങളല്ല. മാണ്ഡ്യയിൽ ഞങ്ങൾ പരാതി നൽകും".

ഇന്ന് മാണ്ഡ്യ മേഖലയില്‍ നടന്ന യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും പങ്കെടുത്തിരുന്നു. അതിനിടെയാണ് സവര്‍ക്കറുടെ ചിത്രമുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

നേരത്തെ കേരളത്തിലും ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബാനറില്‍ സവര്‍ക്കറുടെ ചിത്രം ഇടംപിടിച്ചിരുന്നു. എറണാകുളം അത്താണിയില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളോടൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും ചേര്‍ത്തത്. വിവാദമായതോടെ ഈ ചിത്രത്തിനു മുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം വച്ച് മറയ്ക്കുകയായിരുന്നു. ബാനര്‍ സ്ഥാപിച്ചത് ഒരു പ്രാദേശിക പ്രവര്‍ത്തകനാണെന്നും അബദ്ധത്തില്‍ സംഭവിച്ച പിഴവാണെന്നുമാണ് നേതൃത്വം വിശദീകരിച്ചത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡി യാത്ര സെപ്തംബര്‍ 7ന് കന്യാകുമാരിയില്‍ നിന്നാണ് ആരംഭിച്ചത്. 150 ദിവസം നീണ്ടുനില്‍ക്കുന്ന ഈ യാത്ര 3,570 കിലോമീറ്റര്‍ പിന്നിട്ട് കശ്മീരില്‍ സമാപിക്കും. മഹാത്മാഗാന്ധിയെ വധിച്ച പ്രത്യയശാസ്ത്രത്തോടുള്ള പോരാട്ടമാണ് തന്റെ യാത്രയെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. ആ യാത്രയുടെ പോസ്റ്ററിലാണ് സവര്‍ക്കറുടെ ചിത്രം വീണ്ടും ഇടംപിടിച്ചത്.

TAGS :

Next Story