Quantcast

'മാപ്പ് പറഞ്ഞോളൂ, പ്രശ്‌നം തീരും': ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണിക്കിടെ സൽമാൻ ഖാനോട് ബിജെപി നേതാവ്

മാപ്പ് പറഞ്ഞാൽ ഒരാളുടെ അന്തസ് ഇടിയില്ലെന്നും സൽമാൻ ഖാനോട് ബിജെപി നേതാവ് ഹർനാഥ് സിങ്‌

MediaOne Logo

Web Desk

  • Updated:

    2024-10-14 16:10:13.0

Published:

14 Oct 2024 3:56 PM GMT

മാപ്പ് പറഞ്ഞോളൂ, പ്രശ്‌നം തീരും: ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണിക്കിടെ സൽമാൻ ഖാനോട് ബിജെപി നേതാവ്
X

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നാലെ അദ്ദേഹവുമായി അടുപ്പമുള്ളവരൊക്കെ കരുതിയിരിക്കണമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ബിഷ്‌ണോയ് സംഘം.

സിദ്ദീഖിയുമായി വളരെ അടുത്ത ബന്ധമുള്ള സൽമാൻ ഖാന് നേരെ തോക്കുമായി നേരത്തെ തന്നെ ബിഷ്‌ണോയ് സംഘമുണ്ട്. ബിഷ്‌ണോയ് സമുദായം പവിത്രമായി കാണുന്ന കൃഷ്ണ മൃഗത്തെ വേട്ടയാടിയ സംഭവമാണ് സൽമാൻ ഖാനെതിരെ തിരിയാൻ ബിഷ്‌ണോയ് സംഘത്തെ പ്രേരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ പകയുമായാണ് ബിഷ്‌ണോയ് സംഘം നടക്കുന്നത്. അതിനിടെ താരത്തിന്റെ അപാർട്‌മെന്റിന് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വിഷയത്തിൽ മാപ്പ് പറഞ്ഞ് തലയൂരാനാണ് സൽമാൻ ഖാനോട് ബിജെപി നേതാവും മുന്‍ എംപിയുമായ ഹർനാഥ് സിങ് യാദവ് ആവശ്യപ്പെട്ടിരിക്കുന്നത്. കൃഷ്ണമൃഗത്തിന് വലിയ സാംസ്കാരികവും മതപരവുമായ പ്രാധാന്യമുണ്ടെന്നും അതിനെ വേട്ടയാടിയതിലൂടെ ആ സമുദായത്തിന് ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

'മനുഷ്യർ തെറ്റുകൾ വരുത്തുന്നത് സ്വാഭാവികമാണ്. നിരവധി ആരാധകരുള്ള ജനപ്രിയനായ താരമാണ് സൽമാൻ ഖാൻ. ഈ വിവാദം അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം മാപ്പ് പറയുക എന്നതാണ്. ക്ഷമിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ അന്തസ് കൂടുകയല്ലാതെ കുറയില്ല'- ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹർനാഥ് സിങ് യാദവ് വ്യക്തമാക്കുന്നു.

1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ വെച്ചാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. 'ഹം സാഥ് സാഥ് ഹെ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നായാട്ട് നടന്നത്. രണ്ട് കൃഷ്ണമൃഗങ്ങളെയാണ് നടന്റെ നേതൃത്വത്തില്‍ വേട്ടയാടിയത്. കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തില്‍ സൽമാൻ ഖാനൊപ്പം നടന്മാരായ തബു, സൊണാലി ബേന്ദ്രെ, നീലം കോത്താരി എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. 2018ൽ കേസുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാനെ അഞ്ച് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും ജാമ്യം ലഭിച്ചു. നീണ്ട നിയമവ്യവഹാരങ്ങള്‍ക്കും കേസ് സാക്ഷിയായി. 1998ൽ കോടതി കയറിയ കേസ് ഇപ്പോഴും തീർന്നിട്ടില്ല.

അതേസമയം സൽമാൻഖാൻ ക്ഷേത്രത്തിൽ വന്ന് മാപ്പു പറഞ്ഞാൽ അദ്ദേഹത്തോട് ക്ഷമിക്കുന്നത് പരിഗണിക്കാമെന്ന് ഓൾ ഇന്ത്യ ബിഷ്ണോയ് സൊസൈറ്റി പ്രസിഡന്റ് ദേവേന്ദ്ര ബുദിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാവിയിൽ തെറ്റ് ആവർത്തിക്കില്ലെന്നും വന്യമൃഗ- പരിസ്ഥിതി സംരക്ഷണത്തിന് എപ്പോഴും പ്രവർത്തിക്കുമെന്ന പ്രതിജ്ഞ അദ്ദേഹം എടുക്കണമെന്നുമായിരുന്നു ബുദിയയുടെ ആവശ്യം. സല്‍മാന്‍ ഖാന് വേണ്ടി മാപ്പ് പറഞ്ഞ് താരത്തിന്റെ മുന്‍ കാമുകി സോമി അലി രംഗത്ത് എത്തിയിരുന്നു. ഈ പശ്ചാതലത്തിലായിരുന്നു ഓൾ ഇന്ത്യ ബിഷ്ണോയ് സൊസൈറ്റിയുടെ പ്രതികരണം.

കഴിഞ്ഞ ഏപ്രിൽ 14നാണ് സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ രണ്ട് അക്രമികൾ വെടിയുതിർത്തത്. സൽമാൻ ഖാൻ വീട്ടിലുള്ളപ്പോഴായിരുന്നു വെടിവെപ്പ്. തുടർന്നാണ് സൽമാന് ഖാന് വേണ്ടി മാപ്പ് പറഞ്ഞ് മുൻ കാമുകി രംഗത്ത് എത്തിയത്.


TAGS :

Next Story