Quantcast

ഇലക്ടറൽ ബോണ്ടുകളുടെ വിൽപ്പന: നടപടിക്രമങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ച് എസ്.ബി.ഐ

വിവരാവകാശ അപേക്ഷക്ക് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചത്

MediaOne Logo

Web Desk

  • Published:

    2 April 2024 2:42 PM GMT

SBI service manager arrested for stealing gold jewellery from bank locker worth over 3 Crore in Mumbai
X

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളുടെ വിൽപ്പനയും വീണ്ടെടുക്കലും സംബന്ധിച്ച പ്രവർത്തന നടപടിക്രമങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചത്. നിയമത്തിലെ ​‘കൊമേഴ്ഷ്യൽ കോൺഫിഡൻസ്’ എന്ന ഇളവ് ഉദ്ധരിച്ചായിരുന്നു വിവരം നൽകാൻ വിസമ്മതിച്ചത്.

ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചത്. ഇലക്ടറൽ ബോണ്ടുകളുടെ വിൽപ്പനയും വീണ്ടെടുക്കലും സംബന്ധിച്ച് എസ്ബിഐയുടെ അംഗീകൃത ശാഖകൾക്ക് നൽകിയ പ്രവർത്തന നടപടിക്രമങ്ങളുടെ വിശദാംശങ്ങളാണ് ഇവർ തേടിയത്.

ഇലക്ടറൽ ബോണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സംബന്ധിച്ച് വിവിധ ബ്രാഞ്ചുകൾക്ക് ആഭ്യന്തരമായി സർക്കുലർ നൽകിയിരുന്നു. ഈ വിവരങ്ങൾ വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1)(ഡി) പ്രകാരം നൽകേണ്ടതില്ലെന്ന് എസ്ബിഐയുടെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറും ഡെപ്യൂട്ടി ജനറൽ മാനേജറുമായ എം. കണ്ണ ബാബു നൽകിയ മറുപടിയിൽ പറയുന്നു.

അതേസമയം, എസ്.ബി.ഐയുടെ മറുപടി ഞെട്ടിപ്പിക്കുന്നതാണെന്ന് അഞ്‍ജലി ഭരദ്വാജ് പറഞ്ഞു. ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഇതി​ന്റെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിവരങ്ങൾ എസ്.ബി.ഐ നിഷേധിക്കുകയാണെന്ന് അഞ്ജലി കൂട്ടിച്ചേർത്തു.

2024 ഫെബ്രുവരി 15നാണ് സുപ്രിംകോടതി ഇലക്ടറല്‍ ബോണ്ട് സ്‌കീം റദ്ദാക്കിയത്. ഭരണഘടന പ്രതിപാധിക്കുന്ന വോട്ടര്‍മാരുടെ വിവരാവകാശത്തിന്റെ ലംഘനമാണ് പദ്ധതിയെന്ന് കോടതി വിലയിരുത്തിയിരുന്നു. 2019 ഏപ്രില്‍ 12 മുതല്‍ വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ തെര​ഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കാന്‍ എസ്.ബി.ഐക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. വാങ്ങുന്നയാളുടെയും ബോണ്ടുകള്‍ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിശദാംശങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. കൂടാതെ, എസ്.ബി.ഐ പങ്കിട്ട വിവരങ്ങള്‍ ലഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടിരുന്നു.

TAGS :

Next Story