ഷിൻഡെ പക്ഷത്തിന് ആശ്വാസം; യഥാർഥ ശിവസേന ആരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം: സുപ്രിംകോടതി
പാർട്ടിയിൽ പാർട്ടി വിപ്പ് ലംഘിച്ച 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്നായിരുന്നു ഉദ്ധവ് പക്ഷത്തിന്റെ ആവശ്യം.
ന്യൂഡൽഹി: യഥാർഥ ശിവസേന ആരാണെന്ന തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാമെന്ന് സുപ്രിംകോടതി. പാർട്ടി ചിഹ്നവും പേരും ആർക്ക് നൽകണമെന്ന് ഇനി തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കും. ഏകനാഥ് ഷിൻഡെ പക്ഷത്തിന് ആശ്വാസം നൽകുന്നതാണ് കോടതി വിധി.
തങ്ങളെ ഔദ്യോഗിക ശിവസേനയായി അംഗീകരിക്കണമെന്നും പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം തങ്ങൾക്ക് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഷിൻഡെ പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ വിഷയത്തിൽ തീരുമാനമെടുക്കുന്നതിൽനിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണം എന്നായിരുന്നു ഉദ്ധവ് പക്ഷത്തിന്റെ ആവശ്യം. ഹരജിയിൽ കോടതി നിലപാട് വ്യക്തമാക്കുന്നതുവരെ ഷിൻഡെ പക്ഷത്തിന്റെ ആവശ്യത്തിൽ തീരുമാനമെടുക്കരുതെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചിരുന്നു.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള എംഎൽഎമാർ ബിജെപിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു. ജൂൺ 30നാണ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റത്.
Adjust Story Font
16