മലേഗാവ് സ്‌ഫോടനക്കേസ്: കേണൽ പ്രസാദ് പുരോഹിതിന്റെ ഹരജി വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രിംകോടതി
2008 സെപ്റ്റംബർ 29ന് മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ കുറ്റാരോപിതരായ ഏഴുപേരും ഇപ്പോൾ ജാമ്യത്തിലാണ്.
മുംബൈ: മാലേഗാവ് സ്ഫോടന കേസിൽ കുറ്റാരോപിതനായ ലഫ്. കേണൽ പ്രസാദ് പുരോഹിതിന്റെ ഹരജി വേഗത്തിൽ തീർപ്പാക്കണമെന്ന് ബോംബെ ഹൈക്കോടതിയോട് സുപ്രിംകോടതി. തന്നെ വിചാരണ ചെയ്യാൻ സർക്കാർ നൽകിയ ഹരജി നിയമപരമല്ലെന്ന് അവകാശപ്പെട്ട് പുരോഹിത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തിൽ വൈകാതെ തീർപ്പുണ്ടാക്കാനാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, വിക്രംനാഥ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരുന്നത്.
സർക്കാരിന്റെ അനുമതി റദ്ദാക്കണമെന്ന ആവശ്യം 2017ൽ ഹൈക്കോടതി നിഷേധിച്ചിരുന്നു. നേരത്തെ, അനുമതി റദ്ദാക്കണമെന്ന ആവശ്യം പ്രത്യേക എൻ.ഐ.എ കോടതിയും തള്ളിയിരുന്നു. കേസിനാധാരമായ സംഭവം നടക്കുന്ന വേളയിൽ പുരോഹിത് സൈനിക ഉദ്യോഗസ്ഥനായതിനാൽ വിചാരണക്ക് സൈനിക അനുമതി വേണമായിരുന്നു. ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാൻ കേണൽ പുരോഹിത് രൂപം നൽകിയ തീവ്ര ഹിന്ദുത്വ സംഘടന അഭിനവ് ഭാരതാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് എ.ടി.എസ് കണ്ടെത്തൽ. എന്നാൽ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ സംഘടനയിൽ നുഴഞ്ഞുകയറിയതെന്നാണ് പുരോഹിതിന്റെ മറുവാദം.
2008 സെപ്റ്റംബർ 29ന് മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ കുറ്റാരോപിതരായ ഏഴുപേരും ഇപ്പോൾ ജാമ്യത്തിലാണ്. ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കിടെയിലാണ് മാലേഗാവിലെ പള്ളിക്ക് സമീപം സ്ഫോടനമുണ്ടായത്. തുടർന്ന് കേസ് ഏറ്റെടുത്ത ഹേമന്ത കർക്കരയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സേന(എ.ടി.എസ്) സ്ഫോടനം നടന്ന് ഒരു മാസത്തിനകം പ്രതികളെ പിടികൂടുകയും ചെയ്തു. നിലവിലെ ഭോപ്പാലിൽ നിന്നുള്ള ബി.ജെ.പി എം.പിയായ പ്രജ്ഞാസിങ് ഠാക്കൂറാണ് കേസിൽ ആദ്യം അറസ്റ്റിലായിരുന്നത്. എന്നാൽ, പ്രജ്ഞാസിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ലെഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരടക്കം ഏഴുപേർ പ്രതികളായ കേസിൽ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല.
Adjust Story Font
16