Quantcast

നിലവിലെ നിയമവ്യവസ്ഥ സാധാരണക്കാരനൊപ്പമല്ലെന്ന് ചീഫ് ജസ്റ്റിസ് രമണ

രാജ്യത്തെ യാഥാർഥ്യങ്ങളോട് യോജിക്കുന്നതും പ്രാദേശികവുമായ നീതിന്യായ വ്യവസ്ഥ വരണമെന്നും ചീഫ് ജസ്റ്റിസ്

MediaOne Logo

Web Desk

  • Updated:

    2021-09-18 12:05:44.0

Published:

18 Sep 2021 10:43 AM GMT

നിലവിലെ നിയമവ്യവസ്ഥ സാധാരണക്കാരനൊപ്പമല്ലെന്ന് ചീഫ് ജസ്റ്റിസ് രമണ
X

നിലവിലെ നിയമവ്യവസ്ഥ സാധരണക്കാരനൊപ്പമല്ലെന്നും അവർക്ക് നീതി ലഭ്യമാകാൻ പല കടമ്പകൾ കടക്കേണ്ടി വരുന്നുണ്ടെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രമണ. അന്തരിച്ച ജസ്റ്റിസ് മോഹന എം. ശാന്തഗൗഡർക്ക് ആദരാജ്ഞലിയർപ്പിക്കാൻ കർണാടക സ്‌റ്റേറ്റ് ബാർ അസോസിയേഷൻ ബംഗളൂരുവിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം കോളനിയായിരുന്ന കാലത്ത് രൂപം കൊണ്ട നിയമങ്ങൾ 'ഇന്ത്യനൈസേഷൻ' ചെയ്യപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നീതിന്യായ സംവിധാനം സാധാരണക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറണം. നിലവിലുള്ള നീതിന്യായ സംവിധാനം ഇന്ത്യയുടെ സങ്കീർണതകൾക്ക് യോജിച്ചതല്ലെന്നും രാജ്യത്തെ യാഥാർഥ്യങ്ങളോട് യോജിക്കുന്നതും പ്രാദേശികവുമായ നീതിന്യായ വ്യവസ്ഥ വരണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഗ്രാമത്തിൽ കുടുംബ കലഹത്തിൽപ്പെടുന്നൊരാൾക്ക് കോടതിയിൽ ഇടമില്ലാത്ത സ്ഥിതിയാണ്. കാരണം വാദങ്ങളും പ്രതിവാദങ്ങളുമെല്ലാം ഇംഗ്ലീഷിലാണ് നടക്കുന്നത്. ദീർഘമേറിയ വിധിന്യായങ്ങളും വ്യവഹാരങ്ങളും എന്തൊക്കെ അനന്തര ഫലങ്ങളാണ് ഉത്തരവ് സൃഷ്ടിക്കുകയെന്ന് ഇവർക്ക് മനസ്സിലാക്കാൻ കഴിയാത്ത സ്ഥിതിയാണ്. വീണ്ടും കൂടുതൽ പണം ചെലവഴിക്കാൻ ഇവർ നിർബന്ധിതരാകുന്നു - ചീഫ് ജസ്റ്റിസ് പറഞ്ഞു.

കോടതികൾ വിധിന്യായങ്ങൾ സുതാര്യവും വ്യക്തവും ഫലപ്രദവുമായി പുറപ്പെടുവിക്കണമെന്നും പൊതുജനം കോടതികളെ പേടിക്കേണ്ടതില്ലെന്നും അദ്ദേഹം നിർദേശിച്ചു. നീതി തേടി കോടതിയിലെത്തുന്നവർക്ക് സൗഹൃദാന്തരീക്ഷം ഒരുക്കേണ്ടത് ന്യായാധിപരുടെ കടമയാണെന്നും അവരാണ് നീതിന്യായ വ്യവസ്ഥയുടെ ശ്രദ്ധാകേന്ദ്രമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വിവിധ കക്ഷികൾക്കിടയിൽ അനുരഞ്ജന ശ്രമങ്ങളും മധ്യസ്ഥതയും പോലെയുള്ള ബദൽ സംവിധാനം ഒരുക്കുന്നത് നീണ്ടുപോകുന്ന വാദപ്രതിവാദങ്ങളും നെടുങ്കൻ വിധിന്യായങ്ങൾ ഒഴിവാക്കാനും സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കറുത്ത ഗൗണണിഞ്ഞ ജഡ്ജിമാരും സ്ഥാന വസ്ത്രമണിഞ്ഞ വക്കീലുമാരും പ്രത്യക്ഷപ്പെടുന്ന കോടതിമുറികളിൽ മാത്രമാണ് തർക്കം പരിഹരിക്കാനാവുകയെന്ന തെറ്റിദ്ധാരണ പൊതുജനം മാറ്റണമെന്നും വേദനിക്കുന്ന ജനങ്ങൾക്ക് എളുപ്പം സാന്ത്വനം ലഭിക്കണമെന്നും യു.എസിലെ മുൻ ചീഫ് ജസ്റ്റിസ് വാരൻ ബർഗറെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

TAGS :

Next Story