വിധി എതിരാവുമ്പോൾ ജഡ്ജിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല: സുപ്രിംകോടതി
രാജസ്ഥാൻ ധൗൽപുറിലെ കോടതിയിലുള്ള വിചാരണ ഉത്തർപ്രദേശിലെ നോയ്ഡ കോടതിയിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളിയാണ് കോടതിയുടെ പരാമർശം.
ന്യൂഡൽഹി: വിധി എതിരാവുമ്പോൾ ജഡ്ജിമാർക്കെതിരെ ആരോപണമുന്നയിക്കുന്ന പ്രവണതക്കെതിരെ സുപ്രിംകോടതി. ഇത്തരം നീക്കങ്ങൾ ന്യായാധിപൻമാരുടെ ആത്മവീര്യം തകർക്കുന്നതിലാണ് കലാശിക്കുകയെന്നും ജസ്റ്റിസുമാരായ എം.ആർ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. രാജസ്ഥാൻ ധൗൽപുറിലെ കോടതിയിലുള്ള വിചാരണ ഉത്തർപ്രദേശിലെ നോയ്ഡ കോടതിയിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളിയാണ് കോടതിയുടെ പരാമർശം.
തങ്ങളുടെ എതിർകക്ഷിയായ ചില പ്രമുഖർ ധൗൽപുറിലെ കോടതിയിൽ സ്വാധീനം ചെലുത്തുന്നതുകൊണ്ടാണ് വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതെന്നായിരുന്നു ഹരജിക്കാരുടെ വാദം. കോടതിയുടെ ഭാഗത്തുനിന്ന് എതിരായ വിധി വന്നതുകൊണ്ട് മാത്രം വിചാരണക്കോടതി മാറ്റണമെന്ന വാദം അംഗീകരിക്കാനാവില്ല. സ്വാധീനത്തിന് വഴങ്ങിയാണ് കോടതി ഹരജിക്കാരനെതിരെ വിധിച്ചതെന്ന വാദവും അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Adjust Story Font
16