വേദാന്തക്ക് തിരിച്ചടി: തൂത്തുക്കുടിയിലെ യൂണിറ്റ് അടച്ചുപൂട്ടാനുള്ള ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു
ഗുരുതരമായ നിയമ ലംഘനങ്ങളാണ് കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കമ്പനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു
തുത്തുക്കുടിയിൽ കമ്പനിക്കെതിരെ സമരം ചെയ്തവർക്ക് നേരെ പൊലീസ് വെടിവെക്കുന്നു (ഫയൽ ചിത്രം)
ന്യൂഡൽഹി: വേദാന്ത ലിമിറ്റഡിന്റെ തൂത്തുക്കുടിയിലെ ചെമ്പ് സംസ്കരണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള മദ്രാസ് ഹൈകോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു. തൂത്തുക്കുടി മേഖലയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കിയ വേദാന്ത ഗ്രൂപ്പിനു കീഴിലുള്ള സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ നടന്ന സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനി പൂട്ടി സീൽ ചെയ്തത്, ഈ തീരുമാനം മദ്രാസ് ഹൈകോടതി ശരിവെച്ചിരുന്നു. അതിനെ ചോദ്യം ചെയ്താണ് കമ്പനി സുപ്രിം കോടതിയെ സമീപിച്ചത്.
ആവർത്തിച്ചുള്ള ഗുരുതരമായ നിയമ ലംഘനങ്ങളാണ് കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കമ്പനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകാനാകില്ലന്നും സുപ്രിം കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. പ്രദേശവാസികൾക്ക് ആരോഗ്യത്തെ പറ്റിയുള്ള ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നും സുപ്രിം കോടതി നിരീക്ഷിച്ചു. കമ്പനിയുടെ ഈ യൂണിറ്റ് രാജ്യത്തിന്റെ ഉൽപ്പാദനമേഖലയിൽ വലിയ സംഭാവന നൽകുന്നുണ്ട്. പ്രദേശത്ത് തൊഴിലും ജനങ്ങൾക്ക് വരുമാനവും ലഭിക്കുന്നുണ്ടെങ്കിലും കമ്പനി രാജ്യത്തെ പരിസ്ഥിതി നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
കമ്പനി പ്രദേശത്ത് ഗുരുതരമായ മലിനീകരണമുണ്ടാക്കുന്നുവെന്നും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും 1999 മുതൽ ജനങ്ങൾ സമരം തുടങ്ങിയിരുന്നു. തുടക്കത്തിൽ സമരത്തെ കമ്പനിയും സർക്കാരും അവഗണിച്ചിരുന്നു. എന്നാൽ സംഘടിത സമരം തുടങ്ങിയതിന്റെ നൂറാം ദിനമായ 2018 മേയ് 22ന് നടന്ന ജനകീയ കലക്ടറേറ്റ് മാർച്ച് പൊലീസ് വെടിവെപ്പിലാണ് കലാശിച്ചത്. 13 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ മെയ് 24നാണ് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനി പൂട്ടി മുദ്രവെച്ചത്. കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയ തമിഴ്നാട് സർക്കാർ വൈദ്യുതി കണക്ഷനും വിച്ഛേദിച്ചതോടെയാണ് പൂർണമായും പ്രവർത്തനം അവസാനിപ്പിച്ചത്. പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡിന്റെ തീരുമാനത്തെ മദ്രാസ് ഹൈകോടതിയും ശരിവെച്ചു. ഈ ഉത്തരവിനെതിരെയാണ് വേദാന്ത സുപ്രിം കോടതിയെ സമീപിച്ചത്.
സമരക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ പൊലീസ് നടപടി ജനാധിപത്യത്തിനു മേല്‍ സംഭവിച്ച മുറിപ്പാടാണെന്നായിരുന്നു മദ്രാസ് ഹൈക്കോടതി കമ്പനി പൂട്ടാനുള്ള തീരുമാനം ശരിവെച്ചുകൊണ്ട് അന്ന് പറഞ്ഞത്. തൂത്തുക്കുടി വെടിവെപ്പ് മറവിക്ക് വിട്ടുകൊടുക്കരുതെന്നും കോടതി കൂട്ടിച്ചേർത്തത് വലിയ ചർച്ചയായിരുന്നു.
എന്ത് സാഹചര്യത്തിലാണ് വെടിവെച്ചത്. അതിന് പ്രേരിപ്പിച്ചതെന്തായിരുന്നുവെന്ന് അറിയണമെന്നും കോടതി പറഞ്ഞു. നിയമപ്രകാരമല്ല സമരം നടന്നതെങ്കിലും ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന് ജനങ്ങളെ വെടിവെച്ചുകൊല്ലാന്‍ അധികാരം നല്‍കുന്നത് എങ്ങനെയാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയും ജസ്റ്റിസ് ടി.എസ് ശിവഗ്നാനവുമടങ്ങിയ ബെഞ്ച് ചോദിച്ചത്.
കോര്‍പ്പറേറ്റ് കമ്പനികള്‍ക്കു വേണ്ടി ജനങ്ങളെ വെടിവെക്കാന്‍ പൊലീസ് സംവിധാനം ഉപയോഗിക്കപ്പെടുന്നു എന്ന സന്ദേശം നല്‍കാന്‍ തൂത്തുക്കുടി വെടിവെപ്പ് കാരണമാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട 13 ല്‍ 12 പേര്‍ക്കും തലയിലും നെഞ്ചിലുമാണ് വെടിയേറ്റെതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. 102 പേര്‍ക്കാണ് അന്ന് പരിക്കേറ്റത്. രണ്ടു പേര്‍ മരിച്ചത് തലയ്ക്ക് വെടിയേറ്റായിരുന്നു. ക്രൂരമായി കൊല്ലപ്പെട്ടത് 17 വയസുകാരനായ സ്നോളിനാണ്. തലയ്ക്കു പിന്നിൽ പതിച്ച വെടിയുണ്ട വായിലൂടെ പുറത്തെത്തിയെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. വെടിവെപ്പിന് പിന്നാലെ കമ്പനിക്കെതിരായ കനത്ത നിലപാടെടുക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു. പോലീസ് വെടിവെപ്പിനെതിരെ ദേശീയ മനുഷ്യാവകാശക്കമ്മിഷൻ സ്വമേധയാ അന്വേഷണം തുടങ്ങിയെങ്കിലും അഞ്ചുമാസം കഴിഞ്ഞ് അത് ഉപേക്ഷിച്ചതും വിവാദമായിരുന്നു.
എന്നാലും പിന്നീട് പലതവണ കമ്പനി സ്ഥാപനം തുറക്കാൻ വിവിധ തരത്തിൽ ശ്രമങ്ങൾ നടത്തിയിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് ഓക്സിജൻ ക്ഷാമം ഉണ്ടായ സാഹചര്യത്തിൽ കമ്പനിയെ ഓക്സിജൻ ഉൽപാദനത്തിന്റെ മറവിൽ തുറക്കാൻ കമ്പനി മാനേജ്മെന്റ് ശ്രമിച്ചിരുന്നു. ഇതിനായി സുപ്രിം കോടതിയെ കമ്പനി സമീപിച്ചിരുന്നു. കമ്പനിയിലെ രണ്ട് പ്ലാൻറുകളിൽ പ്രതിദിനം 1,050 മെട്രിക് ടൺ മെഡിക്കൽ ഒാക്സിജൻ ഉൽപാദിപ്പിക്കാം. ദിവസവും ചുരുങ്ങിയത് 500 മെട്രിക് ടൺ ദ്രവ ഓക്സിജനെങ്കിലും ഉൽപാദിപ്പിച്ച് സൗജന്യമായി നൽകാമെന്നായിരുന്നു വാഗ്ദാനം. ഓക്സിജൻ ഉൽപാദനത്തിന് മാത്രമായി കമ്പനി തുറക്കാൻ അനുമതി നൽകാമെന്ന് കേന്ദ്ര സർക്കാരും നിലപാടെടുത്തിരുന്നു. എന്നാൽ, കമ്പനി തുറക്കാൻ അനുമതി നൽകരുതെന്ന നിലപാടിൽ തമിഴ്നാട് സർക്കാർ ഉറച്ചു നിന്നു. ഓക്സിജൻ ഉൽപാദനത്തിന്റെ മറവിൽ കേന്ദ്ര സർക്കാർ പിന്തുണയോടെ കമ്പനി തുറക്കാനുള്ള നീക്കമാണിതെന്നും ആരോപണം ഉയർന്നിരുന്നു.
Adjust Story Font
16