Quantcast

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയലിന്‍റെ നിയമനം ചോദ്യങ്ങളുയര്‍ത്തുന്നു: സുപ്രീംകോടതി

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിന് മൂന്നംഗ സമിതിയെ നിർദേശിച്ചുകൊണ്ടുള്ള വ്യാഴാഴ്ചത്തെ സുപ്രധാന വിധിയിലാണ് അരുൺ ഗോയലിനെക്കുറിച്ച് പരാമർശിച്ചത്

MediaOne Logo

Web Desk

  • Published:

    4 March 2023 3:23 AM GMT

Arun Goyal
X

അരുണ്‍ ഗോയല്‍

ഡല്‍ഹി: വിരമിച്ച പഞ്ചാബ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറാക്കിയ സംഭവം ചോദ്യങ്ങളുയര്‍ത്തുവെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കപ്പെടാൻ നിർദേശമുണ്ടെന്നറിയാതെ എങ്ങനെയാണ് സ്വയം വിരമിക്കാൻ അദ്ദേഹത്തിന് സാധിച്ചത് എന്നതിൽ കുറച്ച് നിഗൂഢത തോന്നുന്നതായും സുപ്രീംകോടതി പറഞ്ഞു.


തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിന് മൂന്നംഗ സമിതിയെ നിർദേശിച്ചുകൊണ്ടുള്ള വ്യാഴാഴ്ചത്തെ സുപ്രധാന വിധിയിലാണ് അരുൺ ഗോയലിനെക്കുറിച്ച് പരാമർശിച്ചത്. ആറുവർഷം കാലാവധിയുള്ളവരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷണർമാരായി നിയമിക്കേണ്ടതെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെട്ടു. സ്വതന്ത്രമായി പ്രവർത്തിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നതിനുവേണ്ടിയാണ് ആറുവർഷത്തെ സമയപരിധി നിശ്ചയിച്ചിട്ടുള്ളതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

അരുൺ ഗോയലിനെ അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിന്‍റെ പ്രാധാന്യമെന്തെന്ന് സുപ്രീംകോടതി നേരത്തെ ചോദിച്ചിരുന്നു. ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ നിയമന നടപടി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഭരണഘടന ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം. നിയമനം ഒഴിവാക്കാമായിരുന്നുവെന്നു ഭരണഘടന ബെഞ്ച് നിരീക്ഷിച്ചിരുന്നു.

അരുണ്‍ ഗോയലിന്‍റെ നിയമനം ശരിയായ രീതിയിലല്ല നടന്നതെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ബെഞ്ചിന് മുമ്പാകെ ആരോപിച്ചിരുന്നു. സാധാരണ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി വിരമിച്ച ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത്. എന്നാല്‍, ഭരണഘടനാ ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കാന്‍ തുടങ്ങിയതിന് തൊട്ടടുത്ത ദിവസം അരുണ്‍ ഗോയലിന് സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. തൊട്ടടുത്ത ദിവസം അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. മെയ് മാസം മുതല്‍ ഒഴിഞ്ഞുകിടക്കുന്ന ഒഴിവിലേക്കാണ് തിടുക്കത്തില്‍ സര്‍ക്കാര്‍ നിയമനം നടത്തിയതെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചിരുന്നു.

TAGS :

Next Story