ജയിലുകളിലെ ജാതി വിവേചനം; കേന്ദ്രത്തിനും യു.പിയടക്കം 11 സംസ്ഥാനങ്ങൾക്കും സുപ്രിംകോടതി നോട്ടീസ്
ജയിൽ മാനുവൽ ജാതി വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി.
ന്യൂഡൽഹി: ജയിലുകളിലെ ജാതി വിവേചനത്തിൽ കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് അടക്കം 11 സംസ്ഥാനങ്ങൾക്കും സുപ്രിംകോടതി നോട്ടീസ്. ഈ സംസ്ഥാനങ്ങളിലെ ജയിൽ മാനുവൽ ജാതി വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മഹാരാഷ്ട്രയിലെ കല്യാൺ സ്വദേശി സുകന്യ ശാന്ത നൽകിയ ഹരജിയിൽ നോട്ടീസ് അയച്ചത്.
ഈ 11 സംസ്ഥാനങ്ങളിലെ ജയിൽ മാനുവലുകൾ ജയിലിനുള്ളിലെ ജോലി അനുവദിക്കുന്നതിലും തടവുകാരെ പാർപ്പിക്കുന്നതിലും വിവേചനം കാണിക്കുന്നുവെന്ന അഡ്വ. എസ് മുരളീധറിന്റെ വാദങ്ങൾ ബെഞ്ച് കണക്കിലെടുത്തു. ചില ഡീ-നോട്ടിഫൈഡ് ഗോത്രങ്ങളെയും സ്ഥിരം കുറ്റവാളികളെയും വ്യത്യസ്തമായി പരിഗണിക്കുന്നതായും മുതിർന്ന അഭിഭാഷകൻ പറഞ്ഞു.
സംസ്ഥാനങ്ങളിൽ നിന്നുള്ള ജയിൽ മാനുവലുകൾ ക്രോഡീകരിക്കാൻ അഡ്വ. മുരളീധറിനോട് കോടതി ആവശ്യപ്പെടുകയും നാലാഴ്ചയ്ക്ക് ശേഷം ഹരജി പരിഗണിക്കാനായി മാറ്റുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും മറ്റുള്ളവർക്കും നോട്ടീസ് അയച്ച ബെഞ്ച്, പൊതുതാൽപര്യ ഹരജിയിൽ കോടതിയെ സഹായിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെടുകയും ചെയ്തു.
'സംസ്ഥാന ജയിൽ മാനുവലിലെ കുറ്റകരമായ വകുപ്പുകൾ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജിയിൽ കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും നോട്ടീസ് അയക്കുന്നു'- കോടതി പറഞ്ഞു. എന്നാൽ ജയിലുകളിലെ ജാതി വിവേചനത്തെക്കുറിച്ച് താൻ കേട്ടിട്ടില്ലെന്നും സാധാരണയായി വിചാരണ തടവുകാരെയും കുറ്റവാളികളെയുമാണ് വേർതിരിക്കുന്നതെന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ വാദം.
ഉത്തർപ്രദേശിനെ കൂടാതെ മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഒഡീഷ, ജാർഖണ്ഡ്, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവയാണ് നോട്ടീസ് ലഭിച്ച മറ്റ് സംസ്ഥാനങ്ങൾ.
Adjust Story Font
16