Quantcast

'പൗരന്മാർ ആഘോഷിക്കേണ്ട ചരിത്ര വിധി': മീഡിയവൺ വിലക്ക് നീക്കിയതിൽ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ

മാധ്യമങ്ങളുടെ അവകാശവും കടമയും ഓർമിപ്പിക്കുന്ന വിധി കൂടിയാണ് സുപ്രിംകോടതിയുടേതെന്നും അദ്ദേഹം പറഞ്ഞു ദവെ

MediaOne Logo

Web Desk

  • Updated:

    2023-04-05 14:52:52.0

Published:

5 April 2023 2:46 PM GMT

SC quashing telecast ban on mediaone historic
X

ന്യൂഡൽഹി: എല്ലാ പൗരന്മാരും ആഘോഷിക്കേണ്ട ചരിത്ര വിധിയാണ് മീഡിയവണിന്റെ വിലക്ക് നീക്കിക്കൊണ്ട് സുപ്രിംകോടതിയിൽ നിന്നുണ്ടായതെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ. മാധ്യമങ്ങളുടെ അവകാശവും കടമയും ഓർമിപ്പിക്കുന്ന വിധി കൂടിയാണ് സുപ്രിംകോടതിയുടേതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മീഡിയവണിന് വേണ്ടി ഹാജരായ അഭിഭാകനാണ് ദുഷ്യന്ത് ദവെ.

"2014ലെ തെരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളോടും വിമർശനങ്ങളോടും സഹിഷ്ണുതയില്ലാത്ത സർക്കാരാണ് വന്നത്. അതുകൊണ്ടുതന്നെ വളരെ പ്രാധാന്യമുള്ള വിധിയാണ്, ജനങ്ങളെ കൂടി ഇത് ശക്തിപ്പെടുത്തും. സർക്കാരിന് മികച്ച രീതിയിൽ പ്രവർത്തിക്കാൻ വെളിച്ചം കാട്ടുന്നവരാണ് മാധ്യമങ്ങൾ. അത്തരത്തിലൊരു മാധ്യമത്തിന് നൽകിയ വിലക്ക് നീക്കിയ സുപ്രിം കോടതി വിധിക്ക് വളരെ വളരെ പ്രാധാന്യമുണ്ട്". ദവെ പറഞ്ഞു.

2022 ജനുവരി 31ന് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രിംകോടതി റദ്ദാക്കിയത്. കേന്ദ്രനടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കി. സർക്കാർ നയങ്ങൾക്ക് എതിരായ വാർത്തകളുടെ പേരിൽ മീഡിയവൺ രാജ്യവിരുദ്ധമാണ് എന്ന് പറയാൻ പറ്റില്ല. ഇങ്ങനെ പറയുന്നത് മാധ്യമങ്ങൾ എപ്പോഴും സർക്കാരിനെ പിന്തുണയ്ക്കണമെന്ന ധാരണ സൃഷ്ടിക്കും. ഇത് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന ഭരണഘടനാ അവകാശത്തിന് വിരുദ്ധമാണ്. ആരോഗ്യകരമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. കടുത്ത യാഥാർഥ്യങ്ങളെക്കുറിച്ചും പൗരൻമാരെ അറിയിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.

അധിക്ഷേപകരവും നിരുത്തരവാദപരവുമായ രീതിയിലാണ് കേന്ദ്ര സർക്കാർ മീഡിയവൺ കേസിൽ രാജ്യസുരക്ഷാ പ്രശ്‌നം ഉന്നയിച്ചത്. രാജ്യസുരക്ഷാ പ്രശ്‌നം അടിസ്ഥാന രഹിതമായി ഉന്നയിക്കാവുന്നതല്ല. അതിന് മതിയായ തെളിവുകളുടെ പിൻബലം വേണം. മീഡിയവണിന്റെ രാജ്യവിരുദ്ധതയുടെ തെളിവിന് കേന്ദ്ര സർക്കാർ അവലംബിക്കുന്നത്, സി.എ.എ - എൻ.ആർ.സി വാർത്തകളും കോടതി- സർക്കാർ വിമർശനങ്ങളുമാണ്. ഇത് ന്യായമായ വാദമല്ലെന്ന് കോടതി നിരീക്ഷിച്ചു.

TAGS :

Next Story