അയോഗ്യതയ്ക്ക് സ്റ്റേ ഇല്ല; ഹിമാചലിലെ വിമത കോൺഗ്രസ് എം.എൽ.എമാരുടെ ആവശ്യം തള്ളി സുപ്രിംകോടതി
രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തതിനും ബജറ്റ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതിനുമാണ് ആറ് കോൺഗ്രസ് എം.എൽ.എമാരെ അയോഗ്യരാക്കിയത്
ന്യൂഡൽഹി: ഹിമാചൽപ്രദേശിലെ വിമത കോൺഗ്രസ് എം.എൽ.എമാർക്കു തിരിച്ചടി. എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ സുപ്രിംകോടതി വിസമ്മതിച്ചു. വോട്ട് ചെയ്യാനും സഭാനടപടികളിൽ പങ്കെടുക്കാനുമുള്ള അനുമതിയും കോടതി നിഷേധിച്ചു.
ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവർ അംഗങ്ങളായ സുപ്രിംകോടതി ബെഞ്ചാണ് വിമത എം.എൽ.എമാരുടെ ഹരജിയിൽ വാദം കേട്ടത്. എം.എൽ.എമാരുടെ ആവശ്യം നിരസിച്ച കോടതി പക്ഷെ ഹിമാചൽ സർക്കാരിന് നോട്ടിസ് അയച്ചിട്ടുണ്ട്. നാലാഴ്ചക്കകം മറുപടി നൽകാനാണു നിർദേശം. മേയ് ആറിനുശേഷം ഹരജി വീണ്ടും പരിഗണിക്കും.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്തതിനും ബജറ്റ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതിനുമാണ് ആറ് കോൺഗ്രസ് എം.എൽ.എമാരെ അയോഗ്യരാക്കിയത്. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് സ്ഥാനാർഥിയുമായ അഭിഷേക് മനു സിങ്‌വി ഉറച്ച രാജ്യസഭാ സീറ്റിൽ പരാജയപ്പെട്ടതോടെയാണ് പാർട്ടിയിലെ അഭ്യന്തര പ്രശ്‌നങ്ങൾ പുറത്തുവന്നത്. ഇതിനു പിന്നാലെ കൂറുമാറി വോട്ട് ചെയ്ത എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കുകയായിരുന്നു.
Summary: Supreme Court refuses to stay disqualification of 6 Himachal Pradesh Congress MLAs
Adjust Story Font
16