Quantcast

യു.എ.പി.എ കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി നൽകാൻ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് അധികാരമില്ലെന്ന് സുപ്രീം കോടതി

നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി നിയമപ്രകാരം സ്ഥാപിക്കപ്പെട്ട പ്രത്യേക കോടതികൾക്കോ, അവയുടെ അഭാവത്തിൽ സെഷൻസ് കോടതികൾക്കോ മാത്രമാണ് ഇതിന് അധികാരം

MediaOne Logo

Web Desk

  • Published:

    10 Sep 2021 1:50 PM GMT

യു.എ.പി.എ കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി നൽകാൻ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് അധികാരമില്ലെന്ന് സുപ്രീം കോടതി
X

ന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) പ്രകാരമുള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി നൽകാൻ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് അധികാരമില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. യു.യു ലളിത്, ബെലാ ത്രിവേദി, എസ്. രവീന്ദ്ര ഭട്ട് എന്നിവരുടെ സംയുക്ത ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി നിയമപ്രകാരം സ്ഥാപിക്കപ്പെട്ട പ്രത്യേക കോടതികൾക്കോ, അവയുടെ അഭാവത്തിൽ സെഷൻസ് കോടതികൾക്കോ മാത്രമാണ് ഇതിന് അധികാരമുള്ളതെന്നും വിധിന്യായത്തിൽ പറഞ്ഞു.

യു.എ.പി.എ പ്രകാരം അറസ്റ്റിലായ നാലുപേർ നൽകിയ ഹരജിയിലാണ് വിധി. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥർ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ഇവർ ജാമ്യം തേടി 2014 ൽ ഭോപ്പാൽ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി അനുവദിച്ചില്ല. തുടർന്ന് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഭോപ്പാൽ കോടതി കുറ്റപത്രം സമർപ്പിക്കാനുള്ള അവസാന തിയ്യതി 180 ദിവസത്തേക്ക് നീട്ടി നൽകിയതിനാൽ മധ്യപ്രദേശ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു.

മജിസ്‌ട്രേറ്റിന് ഇത്തരത്തിൽ തിയ്യതി നീട്ടിനൽകാൻ അധികാരമില്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ഹരജിക്കാർക്ക് ജാമ്യം അനുവദിച്ചു.

യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗവും വിമർശനവും

യു.എ.പി.എ നിയമം രാജ്യത്ത് വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നുണ്ടെന്ന് നിയമജ്ഞർ നേരത്തെ വിമർശനമുന്നയിച്ചിരുന്നു. വിചാരണയില്ലാതെ പ്രതികളെ തടവിൽ വെക്കാനായിരുന്നു ഈ ദുരുപയോഗം. സമാധാനപരമായ വിയോജിപ്പുകൾ പോലും ഇല്ലാതാക്കാനാണ് ഈ നടപടിയെന്നും അവർ നിരീക്ഷിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കോടതികളും സുപ്രീംകോടതിയിൽ നിലവിലുള്ളവരും വിരമിച്ചവരുമായ ജഡ്ജിമാരും നിയമത്തിന്റെ അശ്രദ്ധ ഉപയോഗത്തെ എതിർത്ത് സംസാരിച്ചിരുന്നു. 2019 ൽ യു.എ.പി.എ പ്രകാരം അറസ്റ്റിലായ 1948 പേരിൽ 34 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് ആഗസ്തിൽ കേന്ദ്രസർക്കാർ പാർലമെൻറിനെ അറിയിച്ചിരുന്നു.

നിയമം വിയോജിപ്പുകൾ ഇല്ലാതാക്കാൻ നിയമം ഉപയോഗിക്കരുതെന്ന് കഴിഞ്ഞ ജൂലൈയിൽ സുപ്രീംകോടതി ജഡ്ജി ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞിരുന്നു.

യു.എ.പി.എ നിലവിലെ അവസ്ഥയിൽ തന്നെ തുടരരുതെന്ന് മറ്റൊരു ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്തയും പറഞ്ഞിരുന്നു.

യു.എ.പി.എ പ്രകാരവും രാജ്യദ്രോഹവും ചുമത്തിയും അറസ്റ്റിലാകുന്ന ആക്ടിവിസ്റ്റുകളുടെയും മാധ്യമപ്രവർത്തകരുടെയും ജനങ്ങളുടെയും കുടുംബം അനുഭവിക്കുന്ന മാനസിക ആഘാതം കോടതികളും ഭരണകൂടവും സമൂഹവും തിരിച്ചറിയണമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ലോകൂർ അഭിപ്രായപ്പെട്ടിരുന്നു.

TAGS :

Next Story