രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജി ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റത്തിനെതിരെ ഹരജി; സുപ്രിംകോടതി മെയ് 8ന് പരിഗണിക്കും
സ്ഥാനക്കയറ്റം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കാണിച്ച അസാധാരണമായ തിടുക്കത്തെ കുറിച്ച് സുപ്രിംകോടതി വിശദീകരണം തേടി
ഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അപകീര്‍ത്തിക്കേസിൽ ശിക്ഷിച്ച ജഡ്ജി ഹരീഷ് ഹസ്മുഖ് ഭായ് വർമ ഉൾപ്പെടെ 68 ജുഡീഷ്യൽ ഓഫീസർമാർക്ക് സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ ഹരജി. 68 പേര്‍ക്ക് ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ സുപ്രിംകോടതിയിലാണ് ഹരജി എത്തിയത്. സുപ്രികോടതി മെയ് 8ന് ഹരജി പരിഗണിക്കും. ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
സീനിയർ സിവിൽ ജഡ്ജി കേഡറിലെ രണ്ട് ജുഡീഷ്യൽ ഓഫീസർമാരാണ് ഹരജി നല്‍കിയത്. ഗുജറാത്ത് സർക്കാരിന്റെ നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറി രവികുമാർ മേത്ത, ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിലെ അസിസ്റ്റന്റ് ഡയറക്ടർ സച്ചിൻ പ്രതാപ് റായ് മേത്ത എന്നിവരാണ് ഹരജിക്കാര്‍. 68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. മാർച്ച് 10 ന് ഹൈക്കോടതി പുറപ്പെടുവിച്ച സെലക്ഷൻ ലിസ്റ്റും തുടര്‍ന്ന് ജഡ്ജിമാരെ നിയമിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനവും റദ്ദാക്കാൻ സുപ്രിംകോടതി നിർദേശം നല്‍കണമെന്നാണ് ആവശ്യം. മെറിറ്റും സീനിയോറിറ്റിയും പരിഗണിച്ച് പുതിയ ലിസ്റ്റ് തയ്യാറാക്കാൻ ഹൈക്കോടതിയോട് നിർദേശിക്കണമെന്നും ഹരജിയില്‍ പറയുന്നു.
സ്ഥാനക്കയറ്റം നൽകാനും ഏപ്രില്‍ 18ന് വിജ്ഞാപനം പുറപ്പെടുവിക്കാനും കാണിച്ച അസാധാരണമായ തിടുക്കത്തെ കുറിച്ചും സുപ്രിംകോടതി വിശദീകരണം തേടി. സ്ഥാനക്കയറ്റ കേസ് കോടതിയുടെ പരിഗണനയിലാണെന്ന് അറിയാമായിരുന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ സ്ഥാനക്കയറ്റം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് ഖേദകരമാണ്. ഈ തിടുക്കം അംഗീകരിക്കാനാവില്ല. സീനിയോറിറ്റിക്കാണോ മെറിറ്റിനാണോ പരിഗണന നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.
നിലവില്‍ സ്ഥാനക്കയറ്റം ലഭിച്ചവരേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ ഉണ്ടായിരുന്നുവെന്നാണ് ഹരജിക്കാരന്‍റെ വാദം. കുറഞ്ഞ മാർക്ക് നേടിയവരെ നിയമിച്ചത് മെറിറ്റ് പരിഗണിക്കാതെ സീനിയോറിറ്റിക്ക് പ്രാധാന്യം നല്‍കിയാണെന്നും പരാതിയില്‍ പറയുന്നു. റിക്രൂട്ട്‌മെന്റ് ചട്ടങ്ങൾ അനുസരിച്ച് ജില്ലാ ജഡ്ജിയായി നിയമനം നടത്തേണ്ടത് മെറിറ്റ്-കം-സീനിയോറിറ്റി തത്വത്തിന്‍റെ അടിസ്ഥാനത്തിൽ പരീക്ഷയിലൂടെയും 65 ശതമാനം സംവരണം നിലനിര്‍ത്തിയുമാണ്. സുപ്രിംകോടതി ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാരിനും ഹൈക്കോടതിക്കും സ്ഥാനക്കയറ്റം ലഭിച്ച 68 ജഡ്ജിമാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
Summary- The Supreme Court will, on May 8, hear a petition challenging the promotion of 68 judicial officers, including Judicial Magistrate Harish Hasmukhbhai Varma who convicted Congress leader Rahul Gandhi for criminal defamation and sentenced him to two years simple imprisonment
Adjust Story Font
16