‘അഴിമതികളിലൂടെ ബിജെപി സർക്കാർ രാജ്യത്തിന്റെ ഭാവിയെ ഇരുട്ടിലേക്ക് തള്ളുന്നു’: പ്രിയങ്കാ ഗാന്ധി
24 ലക്ഷം വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാൻ നീറ്റ് അഴിമതിയിൽ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ന്യൂഡൽഹി: നീറ്റ്, നെറ്റ് പരീക്ഷാപേപ്പർ ചോർച്ചാ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ബിജെപി ഭരണത്തിന് കീഴിൽ ഇതൊരു ദേശീയ പ്രശ്നമായി മാറിയെന്ന് ആരോപിച്ച പ്രിയങ്ക, ദശലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി നശിപ്പിച്ചതായും ചൂണ്ടിക്കാട്ടി. 24 ലക്ഷം വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാൻ നീറ്റ് അഴിമതിയിൽ കർശന നടപടി സ്വീകരിക്കണമെന്നും അവർ എക്‌സ് പോസ്റ്റിൽ ആവശ്യപ്പെട്ടു.
'നീറ്റ് പരീക്ഷാ അഴിമതിക്കെതിരെ കോൺഗ്രസ് സഹപ്രവർത്തകർ രാജ്യത്തുടനീളം പ്രതിഷേധിച്ചു. ബിജെപി ഭരണത്തിന് കീഴിലുള്ള റിക്രൂട്ട്‌മെൻ്റിലെ വ്യാപകമായ അഴിമതിയും പേപ്പർ ചോർച്ചയും വിദ്യാഭ്യാസ കുംഭകോണവും രാജ്യത്തിൻ്റെ ഭാവിയെ ഇരുട്ടിലേക്ക് തള്ളിവിടുകയാണ്. ഈ അഴിമതിക്കളി ഉടൻ അവസാനിപ്പിക്കണം. 24 ലക്ഷം യുവാക്കൾക്ക് നീതി ലഭിക്കാൻ നീറ്റ് പരീക്ഷയിലെ അഴിമതിയിൽ ഉടനടി കർശന നടപടിയുണ്ടാവണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു'- പ്രിയങ്ക പോസ്റ്റിൽ പറഞ്ഞു.
'കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് 43 റിക്രൂട്ട്‌മെൻ്റ് പരീക്ഷകളുടെ പേപ്പറുകൾ ചോർന്നു. ഇതിലൂടെ കോടിക്കണക്കിന് യുവാക്കളുടെ ഭാവി നശിപ്പിച്ച ബിജെപി ഭരണത്തിൽ രാജ്യത്തിൻ്റെ ദേശീയ പ്രശ്നമായി പേപ്പർ ചോർച്ച മാറിയിരിക്കുന്നു. ഏറ്റവും കൂടുതൽ യുവജനസംഖ്യയുള്ള രാജ്യമാണ് നമ്മുടേത്. ഈ യുവാക്കളെ നൈപുണ്യമുള്ളവരും കഴിവുള്ളവരുമാക്കുന്നതിനു പകരം ബിജെപി സർക്കാർ അവരെ ദുർബലരാക്കുകയാണ്'- അവർ മറ്റൊരു പോസ്റ്റിൽ വിമർശിച്ചു.
കഴിവുള്ള ദശലക്ഷക്കണക്കിന് വിദ്യാർഥികൾ പരീക്ഷയ്ക്ക് തയാറെടുക്കാൻ രാവും പകലും പരിശ്രമിക്കുന്നു. അവരുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാൻ മാതാപിതാക്കൾ കടുത്ത ത്യാഗമാണ് ചെയ്യുന്നത്. എന്നാൽ ബിജെപി സർക്കാർ നടത്തുന്ന അഴിമതിയിൽ അവരുടെ മുഴുവൻ അധ്വാനവും പാഴാവുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
Adjust Story Font
16