'ആദ്യമെല്ലാം ബന്ധുക്കള്‍ ദേഷ്യപ്പെടുമായിരുന്നു': 13 വര്‍ഷമായി അവധിയെടുക്കാത്ത അധ്യാപിക
സ്കൂൾ സമയത്തിന് മുന്‍പോ ശേഷമോ തന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നുണ്ടെന്ന് അധ്യാപിക
ചെന്നൈ: കഴിഞ്ഞ 13 വര്‍ഷമായി അവധിയെടുക്കാത്ത അധ്യാപികയുണ്ട് തമിഴ്നാട്ടിലെ സുന്ദരിപാളയം ഗ്രാമത്തില്‍. എസ് സരസു എന്നാണ് ഒരു ദിവസം പോലും ലീവെടുക്കാതെ സ്കൂളില്‍ ഹാജരാകുന്ന അധ്യാപികയുടെ പേര്.
വാണിയംപാളയം ആനന്ദ ഗവൺമെന്‍റ് പ്രൈമറി സ്‌കൂളിലെ അധ്യാപികയാണ് സരസു. 13 വർഷമായി കാഷ്വൽ, മെഡിക്കൽ ലീവുകളൊന്നും സരസു ടീച്ചര്‍ എടുത്തിട്ടില്ല- "എന്‍റെ 18 വർഷത്തെ സര്‍വീസിനിടെ ഞാൻ ഒരു മെഡിക്കൽ ലീവ് പോലും എടുത്തിട്ടില്ല. കഴിഞ്ഞ 13 വർഷത്തിനിടെയാകട്ടെ ഒരു തരത്തിലുള്ള ലീവും എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ വിദ്യാർഥികൾക്ക് മാതൃകയാകാൻ ഞാൻ ആഗ്രഹിക്കുന്നു"- ടീച്ചര്‍ പറഞ്ഞു.
സ്കൂൾ സമയത്തിന് മുന്‍പോ ശേഷമോ തന്‍റെ വ്യക്തിപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നുണ്ടെന്ന് അധ്യാപിക പറഞ്ഞു. താന്‍ അവധിയെടുക്കാത്തതുകൊണ്ട് പല വിദ്യാർഥികളും ലീവെടുക്കുന്നത് നിർത്തി. ക്ലാസില്‍ മിക്ക ദിവസവും മുഴുവൻ പേരും ഹാജരാണെന്നും അധ്യാപിക പറഞ്ഞു.
സരസു ടീച്ചര്‍ കൃത്യസമയത്ത് എത്തുകയും ഏറ്റവും അവസാനം മാത്രം തിരിച്ചുപോവുകയും ചെയ്യുന്ന അധ്യാപികയാണെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. തമിഴ്‌നാട് സർക്കാരിന്‍റെ മികച്ച അദ്ധ്യാപകയ്ക്കുള്ള കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരം സരസു ടീച്ചര്‍ക്കായിരുന്നു. വിവിധ സംഘടനകളുടെ ആദരവ് ഉള്‍പ്പെടെ 50ലധികം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
"ലീവ് എടുക്കാത്ത ശീലം കാരണം നഗരത്തിന് പുറത്ത് നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാത്തതിന് ബന്ധുക്കൾ എന്നോട് ദേഷ്യപ്പെട്ടിരുന്നു. പക്ഷേ ഇപ്പോള്‍ എന്‍റെ നിലപാട് മനസ്സിലാക്കി അതിൽ സംതൃപ്തരാണവര്‍"- സരസും ടീച്ചര്‍ പറഞ്ഞു.
Summary- A 47 year old teacher from Sundaripalayam village near Villupuram did not take any leave in the last 13 years.
Adjust Story Font
16