Quantcast

വൃത്തിയുള്ള ശുചിമുറികളില്ല: പ്രതിമാസം മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി വേണമെന്ന് യു.പിയിലെ അധ്യാപികമാര്‍

അധ്യാപികമാരുടെ പുതുതായി രൂപീകരിച്ച സംഘടനയാണ് ഈ ക്യാമ്പെയിന്‍ തുടങ്ങിയത്.

MediaOne Logo

Web Desk

  • Updated:

    2021-07-31 07:45:22.0

Published:

31 July 2021 7:32 AM GMT

വൃത്തിയുള്ള ശുചിമുറികളില്ല: പ്രതിമാസം മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി വേണമെന്ന് യു.പിയിലെ അധ്യാപികമാര്‍
X

ഉത്തര്‍പ്രദേശില്‍ സർക്കാർ സ്കൂളുകളിലെ ശൗചാലയങ്ങളുടെ മോശം അവസ്ഥ കണക്കിലെടുത്ത് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കണമെന്ന് അധ്യാപികമാര്‍. അധ്യാപികമാരുടെ പുതുതായി രൂപീകരിച്ച സംഘടനയാണ് ഈ ക്യാമ്പെയിന്‍ തുടങ്ങിയത്.

വനിതാ അധ്യാപകരുടെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് മഹിളാ ശിക്ഷക് സംഘത്തിലെ അംഗങ്ങൾ മന്ത്രിമാരെയും ജനപ്രതിനിധികളെയും കണ്ട് ആവശ്യം ഉന്നയിച്ചു. ആറു മാസം മുന്‍പ് രൂപീകരിച്ച അസോസിയേഷന്‍, യു.പിയിലെ 50ലധികം ജില്ലകളില്‍ സജീവമാണ്.

"മിക്ക സ്കൂളുകളിലും അധ്യാപകർ 200 മുതൽ 400 വരെ വിദ്യാർഥികളുമായി ശുചിമുറി പങ്കിടുന്നു. ഒരുതരത്തിലുള്ള ശുചീകരണവും നടക്കുന്നില്ല. ശുചിമുറിയില്‍ പോകുന്നത് ഒഴിവാക്കാൻ പലരും വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നു. ഇതോടെ പല അധ്യാപികമാര്‍ക്കും മൂത്രാശയ അണുബാധയുണ്ടാകുന്നു. വൃത്തിഹീനമായ ശുചിമുറി ഒഴിവാക്കുക, അല്ലെങ്കില്‍ പറമ്പിലേക്ക് പോവുക എന്നൊരു വഴിയേ ഉള്ളൂ. ആര്‍ത്തവ ദിവസങ്ങളിലാണ് ഏറ്റവും ബുദ്ധിമുട്ട്. ദൂരെ ഗ്രാമങ്ങളിലെ സ്കൂളുകളിലെത്താന്‍ 30-40 കിലോമീറ്റർ ദൂരം വരെ പ്രതിദിനം സഞ്ചരിക്കുന്നവരുണ്ട്"-അസോസിയേഷൻ പ്രസിഡന്‍റ് സുലോചന മൗര്യ പറയുന്നു.

ബരാബങ്കി ജില്ലയിലെ ഒരു പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപികയാണ് സുലോചന മൗര്യ. പ്രൈമറി സ്കൂൾ അധ്യാപകരിൽ 60 മുതൽ 70 ശതമാനം വരെ സ്ത്രീകളാണ്. പക്ഷേ അധ്യാപക അസോസിയേഷനുകളിൽ നേതൃസ്ഥാനത്ത് കൂടുതലും പുരുഷന്മാരാണ്. അവർ അധ്യാപികമാരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നില്ല. സ്ത്രീകളെ സംബന്ധിച്ച് പ്രധാന ആശങ്കയാണിത്. അതുകൊണ്ടാണ് പുതിയ സംഘടന രൂപീകരിച്ചതെന്നും സുലോചന മൗര്യ പറഞ്ഞു.

അതേസമയം രേഖകളില്‍ യു.പിയില്‍ 95.9 ശതമാനം സ്കൂളുകളിലും പെൺകുട്ടികൾക്കായി പ്രത്യേക ശൗചാലയം ഉണ്ട്. ദേശീയ ശരാശരി 93.6 ശതമാനമാണ്. യുപി സര്‍ക്കാരിന്‍റെ കായ കല്‍പ പദ്ധതി പ്രകാരം ശുചിമുറികളുടെ നവീകരണം നടക്കുന്നുണ്ടെന്ന് ചില അധ്യാപികമാര്‍ പറയുന്നു. എങ്കിലും ഇനിയും മെച്ചപ്പെടാനുണ്ട്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ ഉള്‍പ്പെടെയുള്ളവരെ കണ്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

TAGS :

Next Story