അർജുനായി തിരച്ചിൽ: ലോറിയുടെ ലൊക്കേഷൻ എന്ന് സംശയിക്കുന്ന ചിത്രം പുറത്തുവിട്ട് നേവി
ഒരു ട്രക്ക് കൃത്യമായി വെള്ളത്തിൽ കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി
അങ്കോല: മണ്ണിടിച്ചിലിൽ കാണാതായ അർജുനായി നടത്തിയ തിരച്ചിലിൽ ലോറിയുടെ ലൊക്കേഷൻ എന്ന് സംശയിക്കുന്ന ചിത്രം നേവി പുറത്തുവിട്ടു. സോണാർ സിഗ്നൽ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. നിർണായാക ദൃശ്യം മീഡിയാവണിന്.
ഒരു ട്രക്ക് കൃത്യമായി വെള്ളത്തിൽ കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഢ വ്യക്തമാക്കി. ഇത് കണ്ടെത്തിയ പ്രദേശത്ത് നാവിക ഡീപ് ഡൈവർമാർ ഉടൻ നങ്കൂരമിടാൻ ശ്രമിക്കും.
കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ലോങ് ആം ബൂമർ എക്‌സ്‌കവേറ്റർ നദിയിൽ ഡ്രഡ്ജ് ചെയ്യാൻ ഉപയോഗിക്കും. നൂതന ഡ്രോൺ അടിസ്ഥാനമാക്കിയുള്ള ഇൻ്റലിജൻ്റ് അണ്ടർഗ്രൗണ്ട് ബരീഡ് ഒബ്ജക്റ്റ് ഡിറ്റക്ഷൻ സംവിധാനവും തിരച്ചിലിനായി വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലോഹത്തിന് സമാനമായ വസ്തു നേരത്തെ കണ്ടെത്തിയിരുന്നു. ബൂം എക്സ്കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയാണെന്ന സംശയത്തിലാണ് രക്ഷാപ്രവർത്തകർ. ഉന്നത ഉദ്യോഗസ്ഥർ അൽപ്പസമയത്തിനകം അപകടസ്ഥലത്ത് എത്തും.
ഷിരൂർ പുഴയിലാണ് ലോഹവസ്തു കണ്ടെത്തിയത്. അതേസമയം ലോറിയിൽ തടിക്കെട്ടാൻ ഉപയോഗിക്കുന്ന വെളുത്ത നിറമുള്ള കയറും കണ്ടെത്തിയിട്ടുണ്ട്. ഇതും അർജുന്റെ ലോറിയുടേതാകാം എന്നും സംശയിക്കുന്നുണ്ട്.
Adjust Story Font
16