ഭാര്യയുടെ മുന്നില്‍ ആളാകാന്‍ എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ ചമഞ്ഞു; അഹമ്മദാബാദിലെ ഓഫീസില്‍ പ്രവേശിക്കുന്നതിനിടെ യുവാവ് പിടിയില്‍
കാന്തിയയുടെ ഐഡി കാര്‍ഡ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആസ്ഥാനത്ത് ഹാജരാക്കി
ഗുഞ്ചന്‍ കാന്തിയയുടെ വ്യാജ ഐഡി കാര്‍ഡ്
ഗാന്ധിനഗര്‍: ഭാര്യക്ക് മുന്നില്‍ ആളാകാന്‍ എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ ചമഞ്ഞ യുവാവ് പിടിയില്‍. ഗുജറാത്തിലെ ഗാന്ധിനഗര്‍ സ്വദേശിയായ ഗുഞ്ജൻ കാന്തിയ(31) ആണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകുന്നേരം, എസ്പി റോഡിലുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ജഗത്പൂർ ഓഫീസിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ തുടങ്ങുമ്പോഴാണ് കാന്തിയ പിടിയിലാകുന്നത്. ഭാര്യയെ പുറത്ത് കാറിലിരുത്തിയ ശേഷമായിരുന്നു കാന്തിയ ഓഫീസിലേക്ക് പോയത്. താന്‍ രഹസ്യ ഏജന്‍റാണെന്ന് ഭാര്യയുടെ മുന്നില്‍ തെളിയിക്കുക എന്നതായിരുന്നു കാന്തിയയുടെ ലക്ഷ്യം. എന്നാല്‍ കാന്തിയയുടെ ഐഡി കാര്‍ഡ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആസ്ഥാനത്ത് ഹാജരാക്കി. കാന്തിയയെ എടിഎസിലേക്ക് കൊണ്ടുവന്ന എൻഐഎ ഉദ്യോഗസ്ഥൻ അയാള്‍ യഥാര്‍ഥത്തില്‍ ആരാണെന്ന് എടിഎസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. ഗാന്ധിനഗറിലെ മൻസ താലൂക്കിലെ അല്ലോവ ഗ്രാമത്തിലെ താമസക്കാരനും അംറേലി സ്വദേശിയുമായ കാന്തിയ മൻസയിൽ വിസ കൺസൾട്ടൻസി സ്ഥാപനം നടത്തുകയാണ്.
"ചൊവ്വാഴ്‌ച വൈകുന്നേരം ഔട്ടിങ്ങിന് കൊണ്ടുപോകാമെന്നും എന്നാൽ അതിന് മുമ്പ് കുറച്ച് നേരം തന്‍റെ ഓഫീസിൽ നിൽക്കണമെന്നും കാന്തിയ ഭാര്യയോട് പറഞ്ഞിരുന്നു. താന്‍ എന്‍ഐഎയുടെ രഹസ്യ ഏജന്‍റാണെന്ന് തെളിയിക്കാന്‍ അവരുടെ കാര്‍ എൻഐഎ ഓഫീസിന് പുറത്ത് നിർത്തി, പക്ഷേ അകത്ത് കടക്കാൻ ശ്രമിച്ചപ്പോൾ പിടിക്കപ്പെട്ടു'' ഇൻസ്പെക്ടർ അഗ്രവത് പറഞ്ഞു.നാല് വർഷമായി കാന്തിയ വ്യാജ കാർഡ് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. "വ്യാജ ഐഡി കാർഡിൽ അദ്ദേഹത്തിന്‍റെ പേരും 2018 മാർച്ച് 14ന് ഇഷ്യൂ ചെയ്ത തിയതിയും സബ് ഇൻസ്‌പെക്ടർ (ഡെപ്യൂട്ടേഷൻ) റാങ്കും കാണിച്ചിരുന്നു," ഗുജറാത്ത് എടിഎസ് പിഎസ്‌ഐ കെ.ബി ദേശായി സമർപ്പിച്ച എഫ്‌ഐആറിൽ പറയുന്നു. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള മറ്റ് വ്യാജ ഐഡികളും കാന്തിയയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
മറ്റ് ഐഡികൾ എൻഐഎ രഹസ്യ ഏജന്‍റ് എന്ന നിലയിലുള്ള തന്‍റെ 'യഥാർഥ ജോലിയുടെ' ഒരു മറ മാത്രമാണെന്ന് കാന്തിയ ഭാര്യയോട് പറഞ്ഞതായി അഗ്രവത് പറയുന്നു. ഭവന, നഗരകാര്യ മന്ത്രാലയത്തിലെ ജൂനിയർ ടൗൺ പ്ലാനര്‍ (IAS ഗ്രേഡ്-2) എന്ന ഐഡിയും കാന്തിയയുടെ കയ്യിലുണ്ടായിരുന്നു. 2021 ഫെബ്രുവരി 18 ആണ് അതില്‍ ജോലിയില്‍ പ്രവേശിച്ച തിയതിയായി കാണിച്ചിരുന്നത്. ഗുജറാത്ത് സർക്കാരിന്‍റെ റോഡ് ആൻഡ് ബിൽഡിംഗ് ഡിപ്പാർട്ട്‌മെന്‍റില്‍ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണെന്ന് കാണിക്കുന്ന മറ്റൊരു വ്യാജ ഐഡിയും കാന്തിയയില്‍ നിന്നും കണ്ടെടുത്തു.
എൻഐഎയിലെയും മറ്റ് സർക്കാർ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ ലോഗോയും ഒപ്പും വ്യാജ ഐഡി ഉണ്ടാക്കുന്നതിനായി കാന്തിയ ഡൗൺലോഡ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.ജോലി ചെയ്യാനും സർക്യൂട്ട് ഹൗസുകളിൽ(സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമുള്ള അതിഥി മന്ദിരം) താമസിക്കാനും താൻ ഈ കാർഡുകൾ പലയിടത്തും ഉപയോഗിച്ചിട്ടുണ്ടെന്ന് കാന്തിയ പൊലീസിനോട് പറഞ്ഞു.
Adjust Story Font
16