Quantcast

ഡല്‍ഹി നിയമസഭയ്ക്കുള്ളില്‍ ചെങ്കോട്ട വരെ നീളുന്ന തുരങ്കം കണ്ടെത്തി

ഡൽഹി നിയമസഭാ സ്പീക്കറാണ് തുരങ്കം കണ്ടെത്തിയ കാര്യം അറിയിച്ചത്

MediaOne Logo

Web Desk

  • Updated:

    3 Sep 2021 7:33 AM

Published:

3 Sep 2021 5:32 AM

ഡല്‍ഹി നിയമസഭയ്ക്കുള്ളില്‍ ചെങ്കോട്ട വരെ നീളുന്ന തുരങ്കം കണ്ടെത്തി
X

ഡൽഹി നിയമസഭയ്ക്കുള്ളില്‍ തുരങ്കം കണ്ടെത്തി. ചെങ്കോട്ട വരെ നീളുന്ന തുരങ്കമാണ് കണ്ടെത്തിയത്. തുരങ്കം സ്വാതന്ത്ര്യ സമര സേനാനികളെ ഭയന്ന് ബ്രിട്ടീഷുകാർ നിർമിച്ചതാകാമെന്നാണ് നിഗമനം.

ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ ആണ് തുരങ്കം കണ്ടെത്തിയ കാര്യം അറിയിച്ചത്. ഈ തുരങ്കം നിയമസഭയെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളെ കോടതിയിലേക്ക് കൊണ്ടുവരാനാണ് ബ്രിട്ടീഷുകാര്‍ ഈ തുരങ്കം നിര്‍മിച്ചത്. ഇവരെ കോടതിയിലേക്ക് കൊണ്ടുവരുമ്പോള്‍ തിരിച്ചടിയുണ്ടാവുമെന്ന് ഭയന്നാണ് രഹസ്യമായി തുരങ്കത്തിലൂടെ കൊണ്ടുവന്നിരുന്നതെന്നാണ് നിഗമനം.

"1993 ൽ ഞാൻ എംഎൽഎ ആയപ്പോൾ ചെങ്കോട്ട വരെ നീളുന്ന ഒരു തുരങ്കത്തെക്കുറിച്ച് കേട്ടുകേൾവി ഉണ്ടായിരുന്നു, അതിന്റെ ചരിത്രം തിരയാൻ ശ്രമിച്ചു. പക്ഷേ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചില്ല. ഇപ്പോൾ ഞങ്ങൾക്ക് തുരങ്കത്തിന്റെ തുടക്കം എവിടെയെന്ന് കണ്ടെത്താനായി. പക്ഷേ മെട്രോ പദ്ധതികളും മലിനജല പൈപ്പുകളും കാരണം തുരങ്കത്തിന്‍റെ പാത തകര്‍ന്നിരിക്കുകയാണ്. അതിനാല്‍ തുരങ്കപാത കൂടുതല്‍ കുഴിക്കുന്നില്ല"- സ്പീക്കര്‍ പറഞ്ഞു.

1912ൽ കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് തലസ്ഥാനം മാറ്റിയ ശേഷം സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയായി ഉപയോഗിച്ചിരുന്നത് ഇന്നത്തെ ഡൽഹി നിയമസഭയാണ്. 1926ൽ ഇത് കോടതിയാക്കി മാറ്റി. ബ്രിട്ടീഷുകാർ സ്വാതന്ത്ര്യസമര സേനാനികളെ കോടതിയിൽ കൊണ്ടുവരാൻ ഈ തുരങ്കം ഉപയോഗിച്ചുവെന്നും ഗോയൽ വിശദീകരിച്ചു.

"ഇവിടെ ഒരു തൂക്കുമരത്തിന്റെ സാന്നിധ്യം നമുക്കെല്ലാവർക്കും അറിയാമായിരുന്നു. പക്ഷേ അത് ഒരിക്കലും തുറന്നിട്ടില്ല. ഇപ്പോൾ സ്വാതന്ത്ര്യത്തിന്‍റെ 75ആം വർഷമാണ്. ഞാൻ ആ മുറി പരിശോധിക്കാൻ തീരുമാനിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഡൽഹി നിയമസഭയുടെ ചരിത്രം കണക്കിലെടുത്ത്, അടുത്ത സ്വാതന്ത്ര്യ ദിനത്തോടെ സഞ്ചാരികൾക്കായി ഈ മുറി തുറക്കാൻ ഉദ്ദേശിക്കുന്നു. അതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്"- നിയമസഭാ സ്പീക്കർ വിശദീകരിച്ചു.

TAGS :

Next Story