Quantcast

'ഭീകരാന്തരീക്ഷം, ചാടിയ ആളെ കീഴ്‌പ്പെടുത്തിയത് ഒരു എംപി': മുൻകൂട്ടിയുള്ള ആക്രമണമെന്ന് എംപിമാർ

സുരക്ഷാവീഴ്ചയിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാർ രംഗത്തെത്തി

MediaOne Logo

Web Desk

  • Published:

    13 Dec 2023 10:28 AM GMT

loksabha_security breach
X

ഡൽഹി: പാർലമെന്റിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് അടൂർ പ്രകാശ് എംപി. കേരളത്തിന്റെ വിഷയങ്ങൾ അവതരിപ്പിക്കാൻ ധനമന്ത്രി നിർമല സീതാരാമന്റെ അപ്പോയിന്മെന്റ് എടുത്ത് എത്തിയതായിരുന്നു യുഡിഎഫ് എംപിമാർ. വിഷയം അവതരിപ്പിച്ച് സഭയിലേക്ക് കയറുമ്പോഴാണ് സംഭവമുണ്ടായത്. ആദ്യം എന്തോ വന്നു വീഴുന്ന പോലെയാണ് തോന്നിയത്. ആളാണെന്ന് പിന്നീടാണ് മനസിലായത്. സീറോ ഔർ നടക്കുന്ന സമയമായിരുന്നു.

രണ്ടു ചെറുപ്പക്കാരാണ് താഴേക്ക് ചാടിയത്. മേശപ്പുറത്ത് കൂടി ഓടിയ ഇവർ ഭരണപക്ഷ എംപിമാരുടെ ഇടയിലേക്കാണ് പോയത്. അടുത്തുണ്ടായിരുന്ന ഒരു എംപിയാണ് ഒരാളെ കീഴ്‌പ്പെടുത്തിയത്. അപ്പോൾ കൂടെയുണ്ടായിരുന്ന മറ്റെയാൾ കളർ സ്മോക്ക് സ്പ്രേ കത്തിച്ചു. പിന്നെ കാണുന്നത് മഞ്ഞ പുകയാണെന്നും അടൂർ പ്രകാശ് എംപി പറഞ്ഞു. ചാടിയവർ മുദ്രാവാക്യമൊന്നും വിളിച്ചില്ലെന്നും സുരക്ഷാ ജീവനക്കാർ കൂടുതൽ ശ്രദ്ധിക്കണമായിരുന്നു എന്നും എംപി കൂട്ടിച്ചേർത്തു.

പാർലമെൻ്റിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി ലക്ഷ്വദ്വീപ് എംപി മുഹമ്മദ് ഫൈസൽ അടക്കമുള്ള എംപിമാർ പറഞ്ഞു. പാർലമെൻ്റ് ആക്രമണ വാർഷിക ദിനം വീണ്ടും പാർലമെൻ്റ് ആക്രമിക്കുമെന്ന് ഖലിസ്ഥാൻ വാദികൾ ഭീഷണി മുഴക്കിയിരുന്നു എന്നും ഫൈസൽ എംപി പറഞ്ഞു.

മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമെന്നാണ് എംപിമാർ പറയുന്നത്. അന്വേഷണം വേണമെന്നും എംപിമാർ ആവശ്യപ്പെട്ടു. അക്രമികൾ പാർലമെൻ്റിൽ എത്തിയത് ബിജെപി എംപിയുടെ പാസുമായി എന്നും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ഉച്ചക്ക് 1.02നായിരുന്നു സംഭവം. രണ്ടുപേര്‍ പൊതു ഗ്യാലറിയിൽ നിന്ന് ചേമ്പറിലേക്ക് എടുത്തുചാടുകയായിരുന്നു. സന്ദർശക പാസിൽ ഗാലറിയിലേക്ക് പ്രവേശിച്ചവരാണ് നടുത്തളത്തിലേക്ക് ചാടിയത്. സാഗർ ശർമ്മ, മനോരഞ്ജൻ എന്നിവരാണ് പിടിയിലായത്.

സഭക്ക് അകത്തും പുറത്തും ഒരേ സമയം പ്രതിഷേധം നടന്നിരുന്നു. പാർലമെന്റിനകത്തും പുറത്തും കളർസ്‌മോക്ക് സ്പ്രേ കത്തിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീ അടക്കം രണ്ടുപേരാണ് പാർലമെന്റിന് പുറത്ത് പിടിയിലായിരുന്നു. സംഭവത്തിൽ ഹരിയാന,കർണാടക,മഹാരാഷ്ട്ര പൊലീസും അന്വേഷണം നടത്തുന്നുണ്ട്. പ്രതികളുടെ സ്വദേശം കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.

കുടകിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പേരിലാണ് ഇവരുടെ പാസിൽ ഒപ്പിട്ടിരിക്കുന്നത്. രാജ്യത്തെ കരിനിയമങ്ങൾ പിൻവലിക്കണമെന്നും തൊഴിലില്ലായ്മ കൊണ്ട് പൊറുതിമുട്ടിയെന്നും അക്രമികൾ മുദ്രാവാക്യം മുഴക്കിയതായും വിവരമുണ്ട്. സംഭവത്തെ തുടർന്ന്, സന്ദർശക പാസ്സ് നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി.

TAGS :

Next Story