Quantcast

'രാജ്യദ്രോഹക്കുറ്റം പുനഃപരിശോധിക്കുന്നതുവരെ കേസെടുക്കുന്നത് മരവിപ്പിച്ചുകൂടേ?'; നാളെ നിലപാട് പറയണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

''നിലവിലുള്ള കേസുകളും ഭാവിയിൽ വരാനിരിക്കുന്ന കേസുകളുമാണ് ഞങ്ങളുടെ ആശങ്ക. നിയമം പുനഃപരിശോധിക്കുന്നതുവരെ സർക്കാർ അത്തരം കേസുകൾ എങ്ങനെ കൈകാര്യം ചെയ്യും?''- ചീഫ് ജസ്റ്റിസ് എൻ.വി രമണ

MediaOne Logo

Web Desk

  • Updated:

    2022-05-10 13:21:32.0

Published:

10 May 2022 10:23 AM GMT

രാജ്യദ്രോഹക്കുറ്റം പുനഃപരിശോധിക്കുന്നതുവരെ കേസെടുക്കുന്നത് മരവിപ്പിച്ചുകൂടേ?; നാളെ നിലപാട് പറയണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
X

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുതയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനോട് നിശിതമായ ചോദ്യങ്ങളുമായി സുപ്രീംകോടതി. നിയമം പുനഃപരിശോധിക്കുന്നതുവരെ രാജ്യദ്രോഹക്കുറ്റ പ്രകാരം കേസെടുക്കാന്‍ അധികാരം നല്‍കുന്ന 124 എ വകുപ്പ് താൽക്കാലികമായി മരവിപ്പിക്കുന്ന കാര്യത്തിൽ അഭിപ്രായം പറയാൻ കോടതി സർക്കാരിന് ഒരു ദിവസം സമയം അനുവദിച്ചു. ഇക്കാര്യത്തിൽ നാളെ നിലപാട് അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളിൽ നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് ഇന്നലെ കേന്ദ്ര സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. ''നിയമം പുനഃപരിശോധിക്കുകയാണെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ന്യായരഹിതമായി പെരുമാറാനാകില്ല. പുനഃപരിശോധനയ്ക്ക് എത്ര സമയം വേണമെന്ന് തീരുമാനിക്കേണ്ടതുണ്ട്. നിലവിലുള്ള കേസുകളും ഭാവിയിൽ വരാനിരിക്കുന്ന കേസുകളുമാണ് ഞങ്ങളുടെ ആശങ്ക. നിയമം പുനഃപരിശോധിക്കുന്നതുവരെ സർക്കാർ അത്തരം കേസുകൾ എങ്ങനെ കൈകാര്യം ചെയ്യും?''- ചീഫ് ജസ്റ്റിസ് ചോദിച്ചു.

ഒരാളെ മാസങ്ങളോളം ജയിലിൽ പിടിച്ചിടാമോ? നിങ്ങളുടെ സത്യവാങ്മൂലത്തിൽ പൗരസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നുണ്ട്. എങ്ങനെയാണ് അത്തരം സ്വാതന്ത്ര്യങ്ങളെ നിങ്ങൾ സംരക്ഷിക്കുന്നതെന്നും കോടതി ചോദിച്ചു.

രാജ്യദ്രോഹക്കുറ്റത്തിൽ കേസെടുക്കുന്നത് കേന്ദ്ര സർക്കാരല്ലെന്നും സംസ്ഥാനങ്ങളാണെന്നും സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. സമയം നീട്ടിച്ചോദിച്ച് സുപ്രധാന കേസുകൾ വൈകിപ്പിക്കുന്നത് ഇപ്പോൾ സർക്കാരിന്റെ ഒരു ശൈലിയായി മാറിയിരിക്കുകയാണെന്ന് ഹരജിക്കാർക്കു വേണ്ടി ഹാജരായ ഗോപാൽ ശങ്കരനാരായണൻ ചൂണ്ടിക്കാട്ടി.

രാജ്യദ്രോഹക്കേസുകളിൽ മോറട്ടോറിയം പ്രഖ്യാപിക്കാൻ കേസ് പരിഗണിച്ച ബെഞ്ചിലെ ജസ്റ്റിസ് സൂര്യകാന്ത് ആവശ്യപ്പെട്ടു. നിയമം മാറ്റാൻ സമയമെടുക്കും. എന്നാൽ, ഭാവി കേസുകളെക്കുറിച്ച് സർക്കാരിന് ഒരു നിർദേശമിറക്കാമല്ലോ എന്നും അദ്ദേഹം ആരാഞ്ഞു. അതേസമയം, ഭാവിയിൽ എന്തു സംഭവിക്കുമെന്ന് പറയാനാകില്ലെന്നായിരുന്നു തുഷാർ മേത്തയുടെ പ്രതികരണം. ഇത് ശിക്ഷാ നിയമങ്ങളാണ്. ഇത്തരം നിയമങ്ങൾ നടപ്പാക്കുന്നത് തടഞ്ഞ ചരിത്രമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുനഃപരിശോധന പൂർത്തിയാകുന്നതുവരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുന്നത് നിർത്തിവയ്ക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിക്കൂടേയെന്ന് ജസ്റ്റിസ് ഹിമാ കോഹ്ലി ചോദിച്ചു. രാജ്യദ്രോഹക്കേസുകളിൽ സന്തോഷിക്കാൻ നിൽക്കരുതെന്ന് പറയുന്ന കോടതിയുടെ വിധിന്യായങ്ങളുണ്ട്, അതിനാൽ ഓരോ കേസിനും അനുസരിച്ചേ വിഷയം കൈകാര്യം ചെയ്യാനാകൂവെന്നായിരുന്നു ഇതിനോട് സോളിസിറ്റർ ജനറലിന്റെ മറുപടി.

Summary: 'Hold sedition law till review' Supreme Court wants centre's reply tomorrow

TAGS :

Next Story