''മാംസാഹാരങ്ങള്‍ വിൽക്കുന്നത് ആരുടെയും അവകാശങ്ങൾ ഹനിക്കില്ല''; ഗുജറാത്ത് ഹൈക്കോടതിയിൽ തെരുവുകച്ചവടക്കാര്‍
ഹിന്ദു വികാരം വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് വഡോദര, അഹ്‌മദാബാദ്, രാജ്‌കോട്ട്, ഭാവ്‌നഗർ നഗരസഭകൾ നോൺവെജ് തെരുവുകച്ചവടക്കാരെ ഒഴിപ്പിച്ചത്
നോൺ വെജ് ഭക്ഷണങ്ങൾ വിൽക്കുന്ന തെരുവുകച്ചവടക്കാരെ ഒഴിപ്പിച്ച നഗരസഭാ അധികൃതരുടെ നടപടിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയിൽ ഹരജി. തെരുവുകച്ചവടക്കാരാണ് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തെരുവിൽ മാംസാഹാരങ്ങള്‍ വിൽക്കുന്നത് ആരുടെയും അവകാശങ്ങൾ ഹനിക്കില്ലെന്ന് ഹരജിയിൽ കച്ചവടക്കാർ ചൂണ്ടിക്കാട്ടി.
ഈ മാസം ആദ്യത്തിലാണ് ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് വഡോദര, അഹ്‌മദാബാദ് നഗരസഭകൾ നോൺവെജ് ഭക്ഷണങ്ങൾ വിൽക്കുന്ന തെരുവുകച്ചവടക്കാരെ ഒഴിപ്പിച്ചത്. കച്ചവടക്കാരുടെ ഉന്തുവണ്ടികൾ നഗരസഭാ അധികൃതർ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു ചുവടുപിടിച്ച് ഗുജറാത്തിലെ തന്നെ രാജ്‌കോട്ട്, ഭാവ്‌നഗർ നഗരസഭകളും നോൺവെജ് തെരുവുകച്ചവടക്കാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
എന്നാൽ, ഒരു ന്യായവുമില്ലാതെയും കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് ഉന്തുവണ്ടികൾ പിടിച്ചെടുത്തതെന്ന് ഹരജിയിൽ തെരുവുകച്ചവടക്കാർ ചൂണ്ടിക്കാട്ടി. തെരുവിൽ സസ്യേതര വിഭവങ്ങൾ വിൽക്കുന്നത് ആരുടെയും അവകാശങ്ങൾ ഹനിക്കുന്നതല്ല. ഭരണഘടന ഉറപ്പുനൽകുന്ന ഉപജീവനാവകാശ പ്രകാരം രാജ്യത്തിന്റെ നിയമങ്ങൾ ലംഘിക്കാത്ത എന്തും വിൽക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
കോവിഡ് തങ്ങളുടെ സാമ്പത്തികനിലയെ സാരമായി ബാധിച്ചിട്ടുണ്ട്. അനധികൃതമായി പിടിച്ചെടുത്ത ഉന്തുവണ്ടികൾ തിരികെനൽകണം. നോൺവെജ് ഭക്ഷണങ്ങൾ കച്ചവടം ചെയ്യാൻ അനുമതി നൽകാൻ ഗുജറാത്ത് സർക്കാരിനും നഗരസഭാ അധികൃതർക്കും നിർദേശം നൽകണമെന്നും കച്ചവടക്കാർ ഹരജിയിൽ കോടതിയോട് ആവശ്യപ്പെട്ടു.
മതവികാരത്തിനു പുറമെ തെരുവിൽ നോൺവെജ് ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോഴുണ്ടാകുന്ന പുക ആരോഗ്യത്തിന് ഹാനികരമാണെന്ന വാദമാണ് അഹ്‌മദാബാദ് നഗരസഭാ അധികൃതർ തെരുവുകച്ചവടം നിരോധിക്കാൻ കാരണമായി ഉന്നയിച്ചത്. ദുർഗന്ധം സഹിക്കാനാവുന്നില്ലെന്ന് പരിസരവാസികളുടെ പരാതി ലഭിച്ചുവെന്നാണ് വഡോദര നഗരസഭാ അധികൃതർ റോഡരികിൽ നോൺവെജ് വിഭവങ്ങൾ കച്ചവടം ചെയ്യുന്നതു വിലക്കാൻ കാരണമായി പറഞ്ഞത്. 15 ദിവസത്തിനുള്ളിൽ നഗരസഭാ പരിധിയിലെ മുഴുവൻ നോൺവെജ് ഭക്ഷണശാലകളും ഒഴിപ്പിക്കണമെന്ന് വഡോദര നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹിതേന്ദ്ര പട്ടേൽ അധികൃതർക്ക് നിർദേശം നൽകിയിരുന്നു.
അതേസമയം, വിവിധ നഗരസഭകളുടെ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ആളുകൾ എന്തുകഴിക്കണമെന്ന് രാഷ്ട്രീയ പാർട്ടിക്കോ സർക്കാരിനോ തീരുമാനിക്കാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് അമി റാവത്ത് പറഞ്ഞു.
Summary: Street food vendors from Gujarat's Ahmedabad city selling non-vegetarian food have filed a petition in the Gujarat High Court after their handcarts were seized by the municipal corporation. 'Selling non-veg food doesn't harm anybody's rights', they says in petition.
Adjust Story Font
16