ഐഐടി ഹോസ്റ്റലിൽ പാതി അഴുകിയ നിലയിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് മരണവാർത്ത ട്വീറ്റ് ചെയ്തത്
ഖരഗ്പൂരിലെ ഐഐടി ഹോസ്റ്റലിൽ പാതി അഴുകിയ നിലയിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനീയറിങ് മൂന്നാം വർഷ വിദ്യാർഥിയായ അസം സ്വദേശി ഫയ്‌സാൻ അഹ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഫയ്‌സാന്റെ മരണ വാർത്ത ട്വീറ്റ് ചെയ്തത്. മിടുക്കനായ വിദ്യാർഥിയായിരുന്നു ഫയ്‌സാനെന്നും മരണത്തിൽ വേദനയുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ബിശ്വ ശർമ ട്വിറ്ററിൽ കുറിച്ചു.
2018ൽ ഒരു മലയാളി വിദ്യാർഥിയെയും ഖരഗ്പൂർ ഐ.ഐ.ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. എഞ്ചിനീയറിംഗ് അഞ്ചാം വർഷ വിദ്യാർത്ഥിയായിരുന്ന നിധിനായിരുന്നു മരിച്ചത്. നിധിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അടുത്തടുത്ത മാസങ്ങളിലായി ഒന്നിലേറെ ആത്മഹത്യകളാണ് രാജ്യത്തെ ഐഐടികളിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം രണ്ട് ഐഐടി വിദ്യാർത്ഥികളെ രണ്ട് ക്യാമ്പസുകളിലായി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സെപ്റ്റംബർ 15 ന് മദ്രാസ് ഐഐടിയിൽ എയ്‌റോസ്‌പെയ്‌സ് എഞ്ചിനീയറിങ് വിദ്യാർഥിയേയും സെപ്റ്റംബർ 17 ന് ഐഐടി ഗുവാഹത്തിയിൽ മലയാളിയായ സൂര്യനാരായൺ പ്രേംകിഷോറിനേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടാതെ ഹൈദരാബാദ്, കാൺപൂർ ഐഐടികളിൽ നിന്നായി രണ്ട് ആത്മഹത്യാക്കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.
ജൂലൈയിൽ ഐഐടി മദ്രാസ് ഹോക്കി സ്റ്റേഡിയത്തിൽ വെച്ചും ഒരു മൃതദേഹം ലഭിച്ചിരുന്നു. ഐഐടിയിൽ പ്രോജക്ട് എഞ്ചിനീയറായി ജോലി ചെയ്യുന്നയാളുടെ മൃതദേഹമായിരുന്നു അത്. പ്രാഥമികാന്വേഷണത്തിൽ ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തിയിരുന്നു. ജോലിയുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
Adjust Story Font
16