'നിർബന്ധിച്ച് കുത്തിവെപ്പുകളെടുത്തു, ഹൃദയാഘാതം ഉണ്ടെന്ന് വരുത്താൻ ശ്രമിച്ചു'..സൂറത്തിൽ നിന്ന് വീണ്ടുമൊരു എം.എൽ.എ കൂടി തിരിച്ചെത്തി
നേരത്തെ എം.എൽ.എയായ കൈലാസ് പാട്ടീലും ഗുജറാത്തിലേക്ക് പോയ വിമത ശിവസേനാ എംഎൽഎമാരുടെ സംഘത്തിൽനിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ കൊടുങ്കാറ്റിനിടെ വിമത സേന നേതാവ് ഏക് നാഥ് ഷിൻഡെക്കൊപ്പം പോയെന്ന് കരുതിയ ശിവസേന എം.എൽ.എ നിതിൻ ദേശ്മുഖ് തിരിച്ചെത്തി. ഗുജറാത്തിലേക്ക് പോയ വിമത ശിവസേനാ എംഎൽഎമാരുടെ സംഘത്തിൽനിന്ന് രക്ഷപ്പെട്ട് എത്തുന്ന രണ്ടാമത്തെ എം.എൽ.എയാണ് നിതിൻ. നേരത്തെ എം.എൽ.എയായ കൈലാസ് പാട്ടീലും രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു.
തന്നെ തട്ടിക്കൊണ്ടുപോയി ഗുജറാത്തിലെ സൂററ്റിലേക്ക് കൊണ്ടുപോയെന്നും അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും നിതിൻ ദേശ്മുഖ് അവകാശപ്പെട്ടു. ' പുലർച്ചെ മൂന്ന് മണിയോടെയാണ് സൂറത്തിലെ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ടത്. അവിടെ നിന്ന് ഏതെങ്കിലും യാത്രക്കാരന്റെ വണ്ടിയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ നൂറിലധികം പൊലീസുകാർ വന്ന് എന്നെ പിടിച്ചുകൊണ്ടുപോകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എനിക്ക് ഹൃദയാഘാതം ഉണ്ടായെന്ന് വരുത്താനായിരുന്നു അവരുടെ ശ്രമമെന്നും നിതിൻ ദേശ്മുഖ് ആരോപിച്ചു. രക്ഷപ്പെട്ടെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിരവധി ചെക്കപ്പുകളും മറ്റും അവർ നടത്തി. എന്നാൽ എനിക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. പക്ഷേ അവർ എന്നെ നിർബന്ധിച്ച് ആശുപത്രിയിൽ കിടത്തുകയും ചില കുത്തിവെപ്പുകൾ എടുക്കുകയും ചെയ്തു. എന്റെ രക്തസമ്മർദ്ദം ഉയർന്നില്ല. അവരുടെ ഉദ്ദേശം തെറ്റായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഒപ്പമാണെന്നും എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം ദേശ്മുഖിന്റെ ജീവന് ഭീഷണിയുണ്ടെന്ന് സംശയിക്കുന്നതായി കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ പ്രഞ്ജലി അകോല കഴിഞ്ഞ ദിവസം ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ജൂൺ 20 ന് രാത്രി 7 മണിക്കാണ് ഭർത്താവുമായി അവസാനമായി ഫോണിൽ സംസാരിച്ചതെന്നും പിന്നീട് ഫോൺ സ്വിച്ച് ഓഫായി. പിന്നീട് ആശയവിനിമയം നടത്താനായില്ലെന്നും ദേശ്മുഖിന്റെ ജീവന് ഭീഷണിയുണ്ടെന്ന് സംശയിക്കുന്നതായി അവർ പരാതിയിൽ പറയുന്നു.
സംസ്ഥാന അതിർത്തിയിൽ അഞ്ചു കിലോമീറ്റർ കാൽനട യാത്ര ചെയ്ത ശേഷമാണ് താൻ മുംബൈയിൽ തിരിച്ചെത്തിയതെന്ന് നേരത്തെ രക്ഷപ്പെട്ടെത്തിയ കൈലാസ് പാട്ടീൽ പറഞ്ഞിരുന്നു. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഗുജറാത്തിലേക്ക് പോകുന്നതിനിടെയാണ് അതിർത്തിയിലെ ചെക് പോസ്റ്റിൽ വച്ച് ഉസ്മാനാബാദ് എംഎൽഎ രക്ഷപ്പെട്ടത്.'കുറച്ചു കിലോമീറ്റർ ബൈക്കിലാണ് വന്നത്. പിന്നീട് മുംബൈയിലേക്ക് പോകുന്ന ട്രക്കിൽ കയറി. പുലർച്ചെ 1.30ന് ദഹിസാർ ചെക്ക് പോസ്റ്റിലെത്തി. അവിടെ നിന്ന് നേതൃത്വത്തെ ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, ഭരണ പ്രതിസന്ധി പരിഹരിക്കാൻ ശിവസേനയുടെ അവസാനവട്ട ശ്രമവും പാളി. അന്ത്യശാസനവുമായി അഞ്ച് മണിക്ക് ചേരുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യോഗത്തിനില്ലെന്ന് ഏകനാഥ് ഷിന്‍ഡേ വ്യക്തമാക്കിയതോടെ യോഗം ഉപേക്ഷിച്ചു. അതേസമയം 46 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന് ഷിന്‍ഡേ അവകാശപ്പെട്ടു. ഇതോടെ സർക്കാർ വീഴുമെന്ന് ഉറപ്പായി.
Adjust Story Font
16