മുതിർന്ന കോൺഗ്രസ് നേതാവ് ഇവികെഎസ് ഇളങ്കോവൻ അന്തരിച്ചു
കേന്ദ്രമന്ത്രിയും തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷനുമായിരുന്നു
ഇവികെഎസ് ഇളങ്കോവൻ
ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവ് ഇവികെഎസ് ഇളങ്കോവൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയിലേറെയായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 75 വയസായിരുന്നു. കേന്ദ്രമന്ത്രിയും തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷനുമായിരുന്നു.
സാമൂഹിക പരിഷ്കർത്താവ് പെരിയാർ ഇവി രാമസ്വാമിയുടെ സഹോദരൻ കൃഷ്ണസാമിയുടെ കൊച്ചുമകനാണ് ഇവികെഎസ് ഇളങ്കോവൻ. 1984 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സത്യമംഗലം മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. 2004 ൽ ഗോബിചെട്ടിപാളയം എംപിയായിരുന്നു. 2004 മുതൽ 2009 വരെ മൻമോഹൻ സിങ് സർക്കാരിൽ ടെക്‌സ്‌റ്റൈൽസ് മന്ത്രിയായിരുന്നു.നിലവിൽ ഈറോഡ് ഈസ്റ്റ് എംഎൽഎയാണ് ഇളങ്കോവൻ. ഇവിടെ എംഎൽഎയായിരുന്ന മകൻ തിരുമകൻ ഇവേര മരിച്ചതിനെത്തുടർന്ന് കഴിഞ്ഞവർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് ഇളങ്കോവൻ എംഎൽഎയായത്.
ജയലളിതയുടെ കടുത്ത വിമർശകനായി തമിഴ്‌നാട് രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടയാളാണ് ഇളങ്കോവൻ. നെഹ്റു കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. എകെ ആന്‍റണി സമിതിയുടെ റിപ്പോർട്ടിനെ തുടർന്ന് 2014 ൽ സോണിയ ഗാന്ധി അധ്യക്ഷയായ സമിതിയാണ് ഇളങ്കോവനെ പിസിസി അധ്യക്ഷനായി നിയമിച്ചത്. ഡിഎംകെയുമായി അടുത്ത ബന്ധം പുലർത്തുന്ന സംസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാവ് കൂടിയാണ് അദ്ദേഹം.
Adjust Story Font
16