കാറിൽ അതിക്രമിച്ച് കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എ.സി.പി; ഭർത്താവിനും ഭർതൃമാതാവിനും മർദനം
യുവതിയുടെ മുറിയിലെ ശുചിമുറി തന്നെ ഉപയോഗിക്കണം എന്ന് ഇയാൾ വാശി പിടിച്ചു.
ഔറംഗാബാദ്: മദ്യപിച്ച് കാറിലും വീട്ടിലും അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എ.സി.പിക്കെതിരെ കേസ്. മഹാരാഷ്ട്ര ഔറംഗാബാദിലെ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണർ വിശാൽ ധൂമെയാണ് അക്രമം കാട്ടിയത്. യുവതിയുടെ പരാതിയിൽ എ.സി.പിക്കെതിരെ സിറ്റി ചൗക്ക് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അവരുടെ ഭർത്താവിനേയും ഭർതൃ മാതാവിനേയും മർദിക്കുകയും ചെയ്തു. കാറിൽ വച്ച് ലൈംഗികാതിക്രമവും വീട്ടിലെത്തി ആക്രമണവും നടത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
'താനും ഭർത്താവും കുടുംബവും പുറത്ത് ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഈ സമയം ഹോട്ടലിൽ തങ്ങൾ ഇരുന്നതിന്റെ തൊട്ടപ്പുറത്തായിരുന്നു എ.സി.പിയും അയാളുടെ സുഹൃത്തും ഇരുന്നിരുന്നത്. ഭക്ഷണം കഴിച്ച ശേഷം തന്നെ കമ്മീഷണർ ഓഫീസിൽ ആക്കാൻ എ.സി.പി തന്റെ ഭർത്താവിനോട് പറഞ്ഞു. ഉടൻ തന്നെ എ.സി.പി കാറിൽ കയറി ഇരിക്കുകയും തനിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു'- യുവതിയുടെ പരാതിയിൽ പറയുന്നു.
തുടർന്ന് ശുചിമുറി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് എ.സി.പി യുവതിയുടെ വീട്ടിലെത്തി. യുവതിയുടെ മുറിയിലെ ശുചിമുറി തന്നെ ഉപയോഗിക്കണം എന്ന് ഇയാൾ വാശി പിടിച്ചു. ഇതോടെ ഭർത്താവും ഭർതൃമാതാവും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാൾ ഇരുവരോടും തട്ടിക്കയറുകയും മർദിക്കുകയുമായിരുന്നു എന്നും പരാതിയിൽ വിശദമാക്കുന്നു.
ഇതോടെ യുവതിയും കുടുംബവും ഉടൻ പൊലീസ് ഹെൽപ് ലൈനിൽ വിളിച്ച് സഹായമാവശ്യപ്പെട്ടു. തുടർന്ന് പൊലീസ് സംഘമെത്തി എ.സി.പിയെ ഇവിടെ നിന്നും പിടികൂടുകയായിരുന്നു. യുവതിയുടെ പരാതിയിൽ, എ.സി.പിക്കെതിരെ സിറ്റി ചൗക്ക് പൊലീസ് സ്റ്റേഷനിൽ 354, 354 ഡി, 452, 323, 504, 506 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16