Quantcast

ഫൈറ്റർ പൈലറ്റായി മോദി: വ്യോമസേനയുടെ 'തേജസ്' പറപ്പിച്ചു

ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി യുദ്ധവിമാനം പറപ്പിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    25 Nov 2023 11:53 AM GMT

modi_tejas
X

ബംഗളൂരു: യുദ്ധവിമാനത്തിൽ പൈലറ്റായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗളൂരുവിൽ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഫൈറ്റർ എയർക്രാഫ്റ്റ് 'തേജസിൽ' ആയിരുന്നു മോദി പൈലറ്റായത്. ബെംഗളൂരു ആസ്ഥാനമായുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി യുദ്ധവിമാനം പറപ്പിക്കുകയായിരുന്നു.

തേജസിലെ യാത്ര വിജയകരമായി പൂർത്തിയാക്കിയെന്നും രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളിൽ തന്റെ ആത്മവിശ്വാസം വർധിച്ചതായും അദ്ദേഹം എക്‌സിൽ കുറിച്ചു. "തേജസിന്റെ ഒരു യാത്ര വിജയകരമായി പൂർത്തിയാക്കി. അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു, നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളിൽ എന്റെ ആത്മവിശ്വാസം ഗണ്യമായി വർധിപ്പിച്ചു, ഒപ്പം നമ്മുടെ ദേശീയ സാധ്യതകളെക്കുറിച്ച് അഭിമാനവും ശുഭാപ്തിവിശ്വാസവും കൂടിയിരിക്കുകയാണ്": എക്‌സിൽ അദ്ദേഹം പോസ്റ്റ് ചെയ്തു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിനും ഡി.ആർ.ഡി.ഒക്കും എച്ച്.എ.എല്ലിനും ഒപ്പം എല്ലാ ഇന്ത്യക്കാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

തേജസ് സിംഗിൾ സീറ്റർ ഫൈറ്റർ എയർക്രാഫ്റ്റ് ആണെങ്കിലും എയർഫോഴ്‌സ് നടത്തുന്ന ഇരട്ട സീറ്റ് ട്രെയിനർ വേരിയന്റിലാണ് പ്രധാനമന്ത്രി യാത്ര ചെയ്തത്. ഇന്ത്യൻ നാവികസേനയും ഇരട്ട സീറ്റർ വേരിയന്റാണ് പ്രവർത്തിപ്പിക്കുന്നത്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് 4.5-തലമുറ മൾട്ടി-റോൾ യുദ്ധവിമാനമാണ്. വ്യോമാക്രമണങ്ങൾക്ക് മികച്ച പിന്തുണ നൽകുന്നതിനും ഗ്രൗണ്ട് ഓപ്പറേഷനുകൾക്ക് പോരാട്ട പിന്തുണ നല്കുന്നതിനുമാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ യുദ്ധവിമാനം എന്ന പ്രത്യേകത കൂടി തേജസിനുണ്ട്. അപകടരഹിത പറക്കലിന്റെ മികച്ച സുരക്ഷാ ട്രാക്ക് റെക്കോർഡാണ് ഈ യുദ്ധവിമാനത്തിനുള്ളത്. ഇന്ത്യൻ വ്യോമസേന നിലവിൽ 40 തേജസ് MK-1 വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. 36,468 കോടി രൂപയുടെ കരാറിൽ വ്യോമസേനക്ക് 83 തേജസ് MK-1A യുദ്ധവിമാനങ്ങളാണ് ഓർഡർ ചെയ്തിരിക്കുന്നത്.

TAGS :

Next Story