Quantcast

'99 ശതമാനം ബാറ്ററി ചാർജുണ്ടായിരുന്ന ഇവിഎമ്മുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തോറ്റു': പവന്‍ ഖേര

സ്ഥാനാർഥികളുടെ പരാതികളും അട്ടിമറി ആരോപിക്കുന്ന 20 സീറ്റുകളുടെ വിവരവും തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി

MediaOne Logo

Web Desk

  • Published:

    12 Oct 2024 1:40 PM GMT

99 ശതമാനം ബാറ്ററി ചാർജുണ്ടായിരുന്ന ഇവിഎമ്മുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തോറ്റു: പവന്‍ ഖേര
X

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞടുപ്പിലെ തോൽവിക്ക് പിന്നാലെ ഇവിഎമ്മുകളിൽ കൃത്രിമം നടന്നുവെന്ന് ആവർത്തിച്ച് കോൺഗ്രസ്. അട്ടിമറി ആരോപിക്കുന്ന 20 സീറ്റുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

ഹരിയാനയിലെ തോൽവിക്ക് പിന്നാലെ ഇവിഎമ്മുകളിലും വോട്ട് എണ്ണിയതിലും കോൺഗ്രസ് അട്ടിമറി നടന്നതായി ആരോപിച്ചിരുന്നു. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുകയും പരാതി നൽകുകയും ചെയ്തിരുന്നു.

അട്ടിമറി ആരോപിക്കുന്ന 20 സീറ്റുകൾ സംബന്ധിച്ച വിവരമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയത്. സ്ഥാനാർഥികളുടേതായി എഴുതി തയ്യാറാക്കിയതും വാക്കാലുള്ളതുമായ പരാതികളാണ് ഇവ. 99 ശതമാനം ബാറ്ററി ചാർജുണ്ടായിരുന്ന ഇവിഎമ്മുകളിലാണ് പ്രധാന സംശയമെന്നും പവൻ ഖേര പറഞ്ഞു.

വോട്ടെണ്ണൽ ദിനത്തിൽ തന്നെ അട്ടിമറി നടന്നതായി കോൺഗ്രസ് ഉന്നയിച്ചിരുന്നു. 99 ശതമാനം ബാറ്ററി ചാർജ് കാണിച്ച വോട്ടിങ് യന്ത്രങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടത്. ഇത് വിചിത്രമാണ്. യാദൃശ്ചികമായി തോന്നുന്നില്ല. 60നും 70 നും ഇടയിൽ ബാറ്ററി ചാർജുണ്ടായിരുന്ന മെഷിനുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിക്കുകയുണ്ടായെന്നും പവൻ ഖേര പറഞ്ഞു.

പരാതി ഉന്നയിക്കപ്പെട്ട വോട്ടിങ് മെഷീനുകൾ സീൽ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോൺ​ഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഹിസാർ, മഹേന്ദ്രഗഡ്, പാനിപ്പത്ത് ജില്ലകളിൽ വോട്ടിങ് മെഷീനിൽ കൃത്രിമം നടന്നു എന്നായിരുന്നു ഫലം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ്‌ ആരോപണം. ഹരിയാനയിൽ 90 അംഗ നിയമസഭയിൽ 48 സീറ്റുകളാണ് ബിജെപി നേടിയത്. 37 സീറ്റാണ് കോൺഗ്രസ് സ്വന്തമാക്കിയത്.

Next Story