Quantcast

35 വര്‍ഷത്തെ വേര്‍പാടിന് ശേഷം അവര്‍ ഒന്നിച്ചു; ഇതാ ഒരു അപൂര്‍വ പ്രണയകഥ

കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ദേവരമുദ്ദനഹള്ളി ഗ്രാമമാണ് ഈ അപൂര്‍വ പ്രണയകഥക്ക് സാക്ഷിയായത്

MediaOne Logo

Web Desk

  • Updated:

    2021-12-04 06:58:04.0

Published:

4 Dec 2021 6:57 AM GMT

35 വര്‍ഷത്തെ വേര്‍പാടിന് ശേഷം അവര്‍ ഒന്നിച്ചു; ഇതാ ഒരു അപൂര്‍വ പ്രണയകഥ
X

ആദ്യമായി പ്രണയിച്ച പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ നീണ്ട 35 വര്‍ഷത്തെ കാത്തിരിപ്പ്. ദീര്‍ഘനാളത്തെ വേര്‍പാടിന് ശേഷം അവളെ ജീവിതത്തിലേക്ക് കൂട്ടുവിളിച്ചതിന്‍റെ സന്തോഷത്തിലാണ് 65 കാരനായ ചിക്കണ്ണ. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ദേവരമുദ്ദനഹള്ളി ഗ്രാമമാണ് ഈ അപൂര്‍വ പ്രണയകഥക്ക് സാക്ഷിയായത്.

വളരെ ചെറുപ്പത്തിലെ ബന്ധുവായ ജയമ്മയുമായി ചിക്കണ്ണ പ്രണയത്തിലായിരുന്നു. അന്ന് കൂലിപ്പണിക്കാരനായിരുന്ന ചിക്കണ്ണയുമായുള്ള വിവാഹത്തിന് ജയമ്മയുടെ മാതാപിതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ജയമ്മ വേറെ വിവാഹം കഴിച്ചു. എന്നാല്‍ ചിക്കണ്ണ അവിവാഹിതനായി തുടര്‍ന്നു. ഒടുവില്‍ സങ്കടം സഹിക്കവയ്യാതെ മൈസൂരിനടുത്തുള്ള ഉള്ള ഒരു ഗ്രാമത്തിലേക്ക് താമസം മാറി. ഇവിടെ കൂലിവേല തുടര്‍ന്നു. എന്നാല്‍ ഇതിനിടയിലും ജയമ്മ അല്ലാതെ തന്‍റെ ജീവിതത്തില്‍ മറ്റൊരു പ്രണയമില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. പിന്നീട് ഇവര്‍ പരസ്പരം കണ്ടില്ലെങ്കിലും രണ്ടുപേരുടെ വിശേഷങ്ങള്‍ ബന്ധുക്കള്‍ വഴിയും സുഹൃത്തുക്കള്‍ വഴി രണ്ടുപേരും അറിയുന്നുണ്ടായിരുന്നു.


എന്നാല്‍ ജയമ്മയുടെ ജീവിതം പ്രതീക്ഷിച്ചതുപോലെ അത്ര സുഖകരമായിരുന്നില്ല. ഒരു മകന്‍ ജനിച്ച ശേഷം ഭര്‍ത്താവ് ജയമ്മയെ ഉപേക്ഷിച്ചു. ഈ വിവരങ്ങളെല്ലാം ചിക്കണ്ണ അറിഞ്ഞു. ഒടുവില്‍ ഒരിക്കല്‍ കൈവിട്ടുപോയ പ്രണയത്തെ വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു ചിക്കണ്ണ. മെൽകോട്ടില്‍ നടന്ന ഒരു സ്വകാര്യചടങ്ങില്‍ വച്ചാണ് 55കാരിയായ ജയമ്മയെ ചിക്കണ്ണ താലി ചാര്‍ത്തിയത്. ''ജീവിതത്തിന്‍റെ അവസാനസമയങ്ങള്‍ ഒരുമിച്ച് ജീവിച്ചുതീര്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു'' ദമ്പതികള്‍ പറഞ്ഞു.

25കാരനായ ജയമ്മയുടെ മകന്‍ ഗതാഗത വകുപ്പിലാണ് ജോലി ചെയ്യുന്നത്. അമ്മയുടെ വിവാഹത്തെക്കുറിച്ച് മകനറിയില്ല. അടുത്ത വര്‍ഷം മകന്‍റെ വിവാഹമുണ്ടാകൂ. അതിന് ശേഷമേ തങ്ങളുടെ ബന്ധത്തെക്കുറിച്ച് പറയുകയുള്ളുവെന്ന് ചിക്കണ്ണ പറഞ്ഞു. ജയമ്മയുടെ മകനെ സ്വന്തം മകനായിട്ടാണ് താന്‍ കാണുന്നതെന്നും ചിക്കണ്ണ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇവരുടെ വിവാഹ വാര്‍ത്ത നിമിഷനേരം കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. മേലുകോട് ശ്രീചെലുവ നാരായണ സ്വാമി ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങുകളിൽ ചിക്കണ്ണയുടെ നാല് ബന്ധുക്കള്‍ പങ്കെടുത്തിരുന്നു.

TAGS :

Next Story