Quantcast

ആറു ദിവസത്തിനിടെ നാല് അരുംകൊല; സെക്യൂരിറ്റി ജീവനക്കാരുടെ പേടിസ്വപ്നം- സീരിയൽ കൊലയിൽ നടുങ്ങി നാട്

യാഷ് നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം കെ.ജി.എഫിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു കൊല നടത്തിയതെന്നാണ് 18കാരന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-09-03 13:09:14.0

Published:

3 Sep 2022 1:08 PM GMT

ആറു ദിവസത്തിനിടെ നാല് അരുംകൊല; സെക്യൂരിറ്റി ജീവനക്കാരുടെ പേടിസ്വപ്നം- സീരിയൽ കൊലയിൽ നടുങ്ങി നാട്
X

ഭോപ്പാൽ: മധ്യപ്രദേശിനെ നടുക്കിയ സീരിയൽ കൊലയ്ക്കു പിന്നാലെ അറസ്റ്റിലായ 18കാരനെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. യാഷ് നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം കെ.ജി.എഫിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആറു ദിവസത്തിനിടെ അഞ്ച് അരുംകൊലകളാണ് സാഗറിലെ കേക്ര സ്വദേശിയായ ശിവപ്രസാദ് ധുർവ് എന്ന ശിവ നടത്തിയത്. ചെറുപ്പം തൊട്ടേ ഒറ്റയ്ക്കു നടക്കുന്ന ശിവപ്രസാദ് എപ്പോഴും മുഖംകൂർപ്പിച്ചായിരുന്നു നടക്കാറുള്ളതെന്ന് നാട്ടുകാർ പറയുന്നു.

നാട്ടിൽ ആരുമായും കൂട്ടില്ല; ചെറുപ്പം തൊട്ടേ ഏകാന്തൻ

എട്ടാം ക്ലാസിനുശേഷം പഠനം നിർത്തിയ ശിവപ്രസാദിനെ എപ്പോഴും ഒറ്റയ്ക്കാണ് കാണാറുണ്ടായിരുന്നതെന്ന് കേക്ര ഉപ ഗ്രാമമുഖ്യൻ ബസന്ത് മെഹർ പറയുന്നു. ചെറുപ്പംതൊട്ടേ വിശദീകരിക്കാനാകാത്ത എന്തൊക്കെയോ പ്രശ്‌നങ്ങളുമായാണ് നടക്കാറുള്ളത്.

നാട്ടിലെ സ്‌കൂളിൽ പഠിച്ച ശിവ അവിടെയും ചെറിയ കാര്യങ്ങൾക്കു വേണ്ടി വിദ്യാർത്ഥികളുമായി അടികൂടുന്നത് പതിവായിരുന്നു. സ്‌കൂളിലും നാട്ടിലുമൊന്നും ഇയാൾക്ക് കൂട്ടുകാരൊന്നുമുണ്ടായിരുന്നില്ലെന്നും ഗ്രാമമുഖ്യൻ പറയുന്നു. പിതാവിന് സ്വന്തമായി 1.5 ഏക്കർ ഭൂമിയുണ്ട്. അവിടെ കൃഷി ചെയ്താണ് നാല് മക്കളടങ്ങുന്ന കുടുംബത്തെ ഇദ്ദേഹം പോറ്റിയിരുന്നത്.

സാഗറിൽനിന്ന് ഭോപ്പാൽ വരെ; ഞെട്ടിപ്പിച്ച കൊലപാതക പരമ്പര

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് പുതിയ സീരിയിൽ കൊലപാതകത്തിന് ശിവപ്രസാദ് തുടക്കം കുറിക്കുന്നത്. രാത്രി ജോലിക്കിടയിൽ ഉറങ്ങുന്ന സെക്യൂരിറ്റി ജീവനക്കാരെ ലക്ഷ്യമിട്ടായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തിരുന്നത്. രാത്രി പുറത്തിറങ്ങി വ്യാപാരസ്ഥാപനങ്ങൾക്ക് കാവലിരിക്കുന്നവരെ നോട്ടമിട്ടുവച്ചായിരുന്നു ആസൂത്രണം. ആഗസ്റ്റ് 28നും 30നും ഇടയിലായിരുന്നു കൊലപാതക പരമ്പര നടന്നത്.

ഭോപ്പാലിൽനിന്ന് 169 കിലോമീറ്റർ അകലെയുള്ള സാഗറിലായിരുന്നു ആദ്യത്തെ കൊല. ആഗസ്റ്റ് 28നാണ് സാഗറിലെ ഒരു ഫാക്ടറിയിൽ സെക്യൂരിറ്റി ജീവനക്കാരനായ കല്യാൺ ലോധി(50)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചുറ്റികൊണ്ടായിരുന്നു ലോധിയെ വകവരുത്തിയത്. തൊട്ടുപിന്നാലെ നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായ ശംഭു നാരായൻ ദുബെ(60)യെും കൊലപ്പെടുത്തി. കൂടുതൽ ഞെട്ടിപ്പിക്കുന്നതായിരുന്നു ശംഭുവിന്റെ മരണം. ഭീമൻ കല്ലുകൊണ്ട് തലക്കടിച്ചായിരുന്നു കൊല.

തൊട്ടടുത്ത രാത്രി മോട്ടി നഗറിലെ ഒരു വീട്ടിലുള്ള സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഇര. മംഗൾ അഹിർവാർ എന്നു പേരുള്ള വയോധികനെ വടികൊണ്ട് അടിച്ചാണ് കൊന്നത്.

ഇതോടെ സാഗറിലെ കൊലപാതക പരമ്പര അവസാനിപ്പിച്ച് സംസ്ഥാനതലസ്ഥാനമായ ഭോപ്പാലിലെത്തി. എന്നാൽ, ഭോപ്പാലിലേക്ക് രക്ഷപ്പെട്ടതായിരുന്നില്ല. സാഗറിൽ തുടങ്ങിവച്ച കൊലപാതക പരമ്പര ഭോപ്പാലിലേക്കും വ്യാപിപ്പിക്കുകയായിരുന്നു ലക്ഷ്യം. 30ന് രാത്രി അങ്ങനെ ഭോപ്പാലിലും ക്രൂരമായൊരു കൊല അരങ്ങേറി. നഗരത്തിലെ ഒരു മാർബിൾ കടയിലെ സെക്യൂരിറ്റി ജീവനക്കാരൻ സോനു വർമ എന്ന 23കാരനായിരുന്നു ഇത്തവണ ഇര. ഭീമൻ മാർബിൾ കഷണം ഉപയോഗിച്ചായിരുന്നു ക്രൂരകൃത്യം.

തുണയായത് മൊബൈൽ ഫോൺ ലൊക്കേഷൻ

സാഗറിൽ നടത്തിയ കൊലയ്ക്കിടെ ഒരു ഇരയുടെ ഫോൺ പ്രതി മോഷ്ടിച്ചിരുന്നു. ഇതുമായാണ് ഭോപ്പാലിലെത്തിയത്. ഈ മൊബൈലിന്റെ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

കൊലപാതക പരമ്പര വൻ കോളിളക്കം സൃഷ്ടിച്ചതോടെ പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സർക്കാർ നിയമിച്ചിരുന്നു. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തു. ഇതിനിടയിലാണ് ഭോപ്പാലിലെ കോഹെ ഫിസയിൽനിന്ന് പ്രതിയെ സംശയം തോന്നി നാട്ടുകാരൻ പൊലീസിൽ വിവരം അറിയിക്കുന്നത്. തുടർന്ന് പൊലീസെത്തി 18കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Summary: Serial killer of MP: Angry 18-year-old went on to become a serial killer of security guards

TAGS :

Next Story