Quantcast

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട മരുന്നു കമ്പനികള്‍ ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയത് കോടികള്‍

തിരിച്ചറിയൽ കോഡ് കൂടി പുറത്തുവരുന്നതോടെ രാഷ്ട്രീയപാർട്ടികൾക്ക് ആരുടെയൊക്കെ ബോണ്ടുകൾ കിട്ടി എന്നതിൽ കൂടുതൽ വ്യക്തത വരും

MediaOne Logo

Web Desk

  • Published:

    19 March 2024 6:21 AM GMT

pharmaceutical company
X

പ്രതീകാത്മക ചിത്രം

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വഴി സംഭാവന നല്‍കിയവരില്‍ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട മരുന്നു കമ്പനികളും. ഏഴ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളാണ് ഇത്തരത്തില്‍ കോടിക്കണക്കിന് രൂപ സംഭാവന നല്‍കിയത്. രാജ്യത്തെ 35 ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് ഏകദേശം 1,000 കോടി രൂപ സംഭാവന നൽകിയതായി മാർച്ച് 14 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പറയുന്നു. അതേസമയം തിരിച്ചറിയൽ കോഡ് കൂടി പുറത്തുവരുന്നതോടെ രാഷ്ട്രീയപാർട്ടികൾക്ക് ആരുടെയൊക്കെ ബോണ്ടുകൾ കിട്ടി എന്നതിൽ കൂടുതൽ വ്യക്തത വരും.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെറ്റ്റോ ലാബ്‌സ് ആന്‍ഡ് ഹെറ്ററോ ഹെൽത്ത്‌കെയര്‍ 39 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് 2022 ഏപ്രിലില്‍ വാങ്ങിയത്. 2023 ജൂലൈയിൽ 10 കോടിയുടെയും 2023 ഒക്ടോബറിൽ 11 കോടി രൂപയുടെയും ബോണ്ടുകളും കമ്പനി വാങ്ങിയിരുന്നു. മൊത്തം 60 കോടിയാണ് ഇലക്ടറല്‍ ബോണ്ട് വഴി കമ്പനി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കിയത്. കഴിഞ്ഞ 10 മാസത്തിനുള്ളിൽ, ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ പേരിൽ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആറ് നോട്ടീസുകള്‍ ലഭിച്ചിട്ടുള്ള കമ്പനിയാണ് ഹെറ്റ്റോ. അവയിൽ മൂന്നെണ്ണമെങ്കിലും കോവിഡിന് ചികിത്സിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ആൻറിവൈറൽ മരുന്നായ റെംഡെസിവിറുമായി ബന്ധപ്പെട്ടതാണ്. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ നടത്തിയ ലാബ് പരിശോധനയിൽ റെംഡെസിവിർ സാമ്പിളിൽ തെളിഞ്ഞ ദ്രാവകത്തിന് പകരം മഞ്ഞ നിറത്തിലുള്ള ദ്രാവകമാണ് കണ്ടെത്തിയത്.2021 ജൂലൈയിൽ ഹെറ്ററോയ്ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു. പിന്നീട് ആ വര്‍ഷം ഒക്ടോബറിലും ഡിസംബറിലും കമ്പനിക്ക് നോട്ടീസ് ലഭിച്ചിരുന്നു. 2021ല്‍ ഹെറ്റ്റോയുടെ മറ്റ് രണ്ടു മരുന്നുകളും ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയിരുന്നു.

ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടോറൻ്റ് ഫാർമ 2019 മെയ് മുതൽ 2024 ജനുവരി വരെ 77.5 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് വാങ്ങി. 2019 മേയ്, ഒക്‌ടോബർ മാസങ്ങളിൽ 12.5 കോടി രൂപയും 2021 ഏപ്രിലിൽ 7.50 കോടി രൂപയും 2022 ജനുവരിയിലും ഒക്‌ടോബറിലും 25 കോടി രൂപയും 2023 ഒക്‌ടോബറിൽ 7 കോടി രൂപയും 2024 ജനുവരിയിൽ 25.5 കോടി രൂപയും കമ്പനി സംഭാവനയായി നല്‍കിയിരുന്നു. കമ്പനിയുടെ ആൻ്റി പ്ലേറ്റ്‌ലെറ്റ് മെഡിസിൻ ഡിപ്ലാറ്റ് -150 സാലിസിലിക് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ 2018ൽ ഗുണനിലവാരമില്ലാത്തതായി പ്രഖ്യാപിച്ചിരുന്നു.

അഹമ്മാദാബാദ് ആസ്ഥാനമായുള്ള സൈഡസ് ഹെല്‍ത്ത് കെയര്‍ 2022നും 2023നും ഇടയില്‍ 29 കോടിയുടെ ബോണ്ടുകളാണ് വാങ്ങിയത്. കമ്പനി നിർമ്മിക്കുന്ന ഒരു ബാച്ച് റെംഡെസിവിർ മരുന്നുകളിൽ ബാക്ടീരിയൽ എൻഡോടോക്‌സിൻ്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് 2021ല്‍ ബിഹാര്‍ ഡ്രഗ് റെഗുലേറ്റര്‍ നിലവാരമില്ലാത്തതായി പ്രഖ്യാപിച്ചിരുന്നു. നിരവധി രോഗികളും മരുന്നിനെതിരെ പരാതിപ്പെട്ടിരുന്നു. എന്നാൽ ഗുജറാത്ത് ഡ്രഗ് റെഗുലേറ്റർ കൂടുതൽ പരിശോധനക്കായി ഈ ബാച്ചുകളുടെ സാമ്പിളുകൾ ശേഖരിക്കുകയോ സൈഡസിൻ്റെ നിർമാണ യൂണിറ്റിനെതിരെ നടപടിയെടുക്കുകയോ ചെയ്തില്ല.

9.75 കോടിയുടെ ബോണ്ടുകള്‍ വാങ്ങിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഗ്ലെന്‍മാര്‍ക്ക് 2022നും 2023നും ഇടയിലുള്ള കാലയളവില്‍ അഞ്ച് നോട്ടീസുകള്‍ ലഭിച്ചിട്ടുള്ള കമ്പനിയാണ്. ഇതിൽ നാലെണ്ണം മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍റെതാണ്. 2018 നും 2022 നും ഇടയിൽ നാല് നോട്ടീസുകള്‍ ലഭിച്ചിട്ടുള്ള കമ്പനിയാണ് സിപ്ല. 2019 മുതല്‍ 39.2 കോടി രൂപ ബോണ്ട് വഴി കമ്പനി സംഭാവന ചെയ്തിട്ടുണ്ട്. 2018 ഓഗസ്റ്റിൽ സിപ്ലയുടെ ആർസി കഫ് സിറപ്പ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. 2019ൽ സിപ്ല 14 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി. 2021 ജൂലൈയിൽ, സിപ്ലയുടെ റെംഡെസിവിർ മരുന്നായ സിപ്രേമിക്ക് രണ്ട് തവണ നോട്ടീസ് ലഭിച്ചു. ഹെറ്ററോയെപ്പോലെ,സിപ്രേമിയിലും ആവശ്യമായ അളവിൽ റെംഡെസിവിറിൻ്റെ അളവ് കുറവാണെന്ന് കണ്ടെത്തി.2022 നവംബറിൽ സിപ്ല 25.2 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി.

ഐപിസിഎ ലബോറട്ടറീസ് ലിമിറ്റഡ്(IPCA ) 2022 നവംബറിനും 2023 ഒക്ടോബറിനും ഇടയിൽ 13.5 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി.2018 ഒക്‌ടോബറിൽ,ആൻ്റി പാരസൈറ്റിക് മരുന്നായ ലാരിയാഗോയ്ക്ക് ആവശ്യമായ അളവിൽ ക്ലോറോക്വിൻ ഫോസ്ഫേറ്റ് കുറവായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. മറ്റൊരു കമ്പനിയായ ഇന്‍റാസ് ഫാര്‍മസ്യൂട്ടിക്കല്‍ 2020ൽ ഇൻ്റാസ് ഫാർമസ്യൂട്ടിക്കൽസിൻ്റെ ഇനാപ്രിൽ-5 ടാബ്‌ലറ്റ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തിയ ഡിസൊല്യൂഷൻ പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. 2022 ഒക്ടോബറിൽ ഇൻ്റാസ് 20 കോടിയുടെ ഇലക്ടറൽ ബോണ്ടുകള്‍ വാങ്ങി.

TAGS :

Next Story