Quantcast

ഫലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധം; ബെംഗളൂരുവിൽ 20ലേറെ വിദ്യാർഥികളെ മർദിച്ചും കസ്റ്റഡിയിലെടുത്തും പൊലീസ്

പുരുഷ പൊലീസ് ഉദ്യോ​ഗസ്ഥരാണ് വനിതാ പ്രതിഷേധക്കാരെയും ബലംപ്രയോ​ഗിച്ച് പൊലീസ് ജീപ്പിലേക്ക് വലിച്ചുകയറ്റിയത്.

MediaOne Logo

Web Desk

  • Updated:

    2024-06-03 10:23:15.0

Published:

3 Jun 2024 10:13 AM GMT

Several students detained amid pro-Palestine protest in Bengaluru
X

ബെം​ഗളൂരു: എട്ട് മാസമായി ഇസ്രായേലിന്റെ മനുഷ്യത്വരഹിത കൂട്ടക്കുരുതിയിൽ പിടയുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ച് പ്രതിഷേധിച്ച വിദ്യാർഥികളടക്കമുള്ളവരെ മർദിച്ചും കസ്റ്റഡിയിലെടുത്തും പൊലീസ്. ബെം​ഗളൂരുവിലെ ഫ്രേസർ ടൗണിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

പ്രതിഷേധക്കാരിൽ ഭൂരിഭാ​ഗവും വിദ്യാർഥികളായിരുന്നു. പ്രദേശത്തെ മസ്ജിദ് റോഡിൽ ലഘുലേഖകളും ഫലസ്തീൻ അനുകൂല പോസ്റ്ററുകളും വിതരണം ചെയ്യുന്നതിനിടെയാണ് ഇവരുടെ അടുത്തേക്ക് പൊലീസ് സംഘം എത്തിയത്.

തുടർന്ന് ഇവരെ പിടികൂടി ആർടി നഗർ, പുലകേശിനഗർ പൊലീസ് സ്റ്റേഷനുകളിലെത്തിച്ചു. പുരുഷ പൊലീസ് ഉദ്യോ​ഗസ്ഥരാണ് വനിതാ പ്രതിഷേധക്കാരെയും ബലംപ്രയോ​ഗിച്ച് പൊലീസ് ജീപ്പിലേക്ക് വലിച്ചുകയറ്റിയത്.

പ്രതിഷേധക്കാരെ പൊലീസ് മർദിച്ചതായും വനിതകൾക്കും മർദനമേറ്റതായും വിദ്യാർഥികൾ ആരോപിച്ചു. വനിതാ പ്രതിഷേധക്കാരെയുൾപ്പെടെ പുരുഷ പൊലീസുകാർ പിടിച്ചുകൊണ്ട് പോവുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോഴും ഇവർ മുദ്രാവാക്യം വിളിക്കുന്നുണ്ട്.

തുടർന്ന് സ്റ്റേഷനുകളിൽ അഞ്ച് മണിക്കൂറിലധികം തടഞ്ഞുവച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പുലകേശിനഗർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വിസമ്മതിച്ചു.

കഴിഞ്ഞദിവസം, റഫയിലെ കൂട്ടക്കൊലയ്ക്കെതിരെ ജന്തർമന്ദറിൽ നടത്താനിരുന്ന പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, പൊലീസ് അനുമതിയില്ലെങ്കിലും പരിപാടിയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ച സംഘാടകരായ ഓൾ ഇന്ത്യ പീസ് ആന്റ് സോളിഡാരിറ്റി ഓർഗനൈസേഷൻ പ്രതിഷേധം നടത്തുകയും ചെയ്തു.

ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷനും (എഐഎസ്എ) സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (എസ്എഫ്ഐ) ഉൾപ്പെടെ വിവിധ വിദ്യാർഥി സംഘടനകൾ പങ്കാളികളായ പ്രതിഷേധത്തിൽ ഇസ്രായേൽ ആക്രമണത്തിനെതിരെ ശബ്ദമുയർത്തുകയും ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

മെയ് 26ന് റഫയിലെ അഭയാർഥി ക്യാമ്പിന് മുകളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുഞ്ഞുങ്ങളടക്കം 45 പേരാണ് കൊല്ലപ്പെട്ടത്. ​ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 36500 കടന്നു.

TAGS :

Next Story