Quantcast

നാഗ്പൂരിൽ ആർ.എസ്.എസ് ആസ്ഥാനത്ത് ശങ്കർ മഹാദേവൻ; വിജയദശമി ആഘോഷത്തിൽ മുഖ്യാതിഥി

അന്താരാഷ്ട്ര സമൂഹത്തെ ലക്ഷ്യമിട്ട് ആർ.എസ്.എസ് പുറത്തിറക്കുന്ന പ്രാർത്ഥനാഗീതത്തിന്റെ സംഗീത സംവിധാനം ശങ്കർ മഹാദേവൻ നിർവഹിക്കുമെന്ന് 'ഓർഗനൈസർ' റിപ്പോർട്ട് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2023-10-24 05:43:41.0

Published:

24 Oct 2023 5:13 AM GMT

Shankar Mahadevan attends RSS annual Vijayadashami Utsav at Nagpur
X

നാഗ്പൂർ: ആർ.എസ്.എസ് വിജയദശമി ആഘോഷത്തിൽ ഗായകൻ ശങ്കർ മഹാദേവൻ. ദസറയുടെ ഭാഗമായി നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് ഇന്നു നടന്ന ചടങ്ങിലാണ് ശങ്കർ മുഖ്യാതിഥിയായി പങ്കെടുത്തത്. മോഹൻ ഭാഗവത് ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് അദ്ദേഹം അതിഥിയായത്.

ആഘോഷത്തിനു മുന്നോടിയായി ആർ.എസ്.എസ് സ്ഥാപക നേതാക്കളും ആചാര്യന്മാരുമായ കേശവ് ബലിറാം ഹെഡ്‌ഗെവാർ, ഗുരുജി ഗോൾവാൾക്കർ എന്നിവരുടെ സമാധിസ്ഥലങ്ങളിലും ശങ്കർ സന്ദർശിച്ചു. ആർ.എസ്.എസ് നേതാക്കൾക്കൊപ്പം ഇവിടെ പുഷ്പാർച്ചന നടത്തുകയും ചെയ്തു. രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ സ്വയംസേവകരുടെ സംഭാവനകൾ അതുല്യമാണെന്ന് ചടങ്ങിൽ സംസാരിച്ച് ശങ്കർ പറഞ്ഞു. രാജ്യം ഒരു സംഗീതമാണെങ്കിൽ അതിനകത്തെ സ്വരങ്ങളാണ് സ്വയംസേവകരെന്നും രാജ്യം നേരിടുന്ന പലതരം വെല്ലുവിളികൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്തുകയാണ് അവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയിൽ അതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞത് അഭിമാനവും വിശേഷാംഗീകാരവുമായാണു കരുതുന്നതെന്ന് ശങ്കർ മഹാദേവൻ വാർത്താ ഏജൻസിയായ 'എ.എൻ.ഐ'യോട് പ്രതികരിച്ചു. തന്നെ ക്ഷണിച്ചതിൽ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനും മുഴുവൻ സ്വയംസേവക കുടുംബത്തിനും നന്ദി രേഖപ്പെടുത്തുകയാണ്. എല്ലാവർക്കും വിജയദശമി ആശംസ നേരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര സമൂഹത്തെ ലക്ഷ്യമിട്ട് ആർ.എസ്.എസ് പുറത്തിറക്കുന്ന പ്രാർത്ഥനാഗീതത്തിന്റെ സംഗീത സംവിധാനം ശങ്കർ മഹാദേവൻ നിർവഹിക്കുമെന്ന് നേരത്തെ 'ഓർഗനൈസർ' റിപ്പോർട്ട് ചെയ്തിരുന്നു. 1939ൽ നർഹാരി നാരായൺ ഭിഡെ രചിച്ച 'നമസ്‌തെ സദാ വത്സലേ മാതൃഭൂമി' എന്ന പ്രാർത്ഥനാഗീതമാണ് പുതിയ സംഗീതത്തിൽ പുറത്തിറക്കുന്നത്. മോഹൻ ഭാഗവതുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതിന്റെ സംഗീതസംവിധാനം ശങ്കർ മഹാദേവൻ ഏറ്റെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.

നാഗ്പൂരിൽ ആർ.എസ്.എസ് നടത്തുന്ന 98-ാമത് വിജയദശമി ആഘോഷമാണിത്. 1925ൽ സംഘടന രൂപീകരിച്ച ശേഷം എല്ലാ വർഷവും ദസറയുടെ ഭാഗമായി നാഗ്പൂരിലെ ആസ്ഥാനത്ത് ആഘോഷ പരിപാടികൾ നടത്താറുണ്ട്. രാവിലെ ആറിന് ആർ.എസ്.എസ് പ്രവർത്തകരുടെ പഥസഞ്ചലനത്തോടെയാണ് പരിപാടികൾക്കു തുടക്കമായത്. ശേഷം റെഷിംബാഗ് ഗ്രൗണ്ടിലായിരുന്നു പൊതുപരിപാടി.

കഴിഞ്ഞ വർഷം ഇന്ത്യൻ പർവതാരോഹക സന്തോഷ് യാദവായിരുന്നു മുഖ്യാതിഥി. ആദ്യമായായിരുന്നു നാഗ്പൂരിലെ വിജയദശമി ആഘോഷ പരിപാടിയിൽ ഒരു സ്ത്രീ അതിഥിയായി പങ്കെടുക്കുന്നത്.

Summary: Singer Shankar Mahadevan attends RSS annual Vijayadashami Utsav at Nagpur as chief guest

TAGS :

Next Story