Quantcast

‘കേദാർനാഥ് ക്ഷേത്രത്തിലെ 228 കിലോഗ്രാം സ്വർണം കാണാനില്ല’; ഗുരുതര ആരോപണവുമായി ശങ്കരാചാര്യർ

ഡൽഹിയിൽ കേദാർനാഥ് ക്ഷേത്രം നിർമിക്കുന്നതിനെയും അദ്ദേഹം എതിർത്തു

MediaOne Logo

Web Desk

  • Published:

    15 July 2024 4:03 PM GMT

Shankaracharya of Jyotirmath Swami Avimukteshwaranand
X

മുംബൈ: ഡൽഹിയിൽ കേദാർനാഥ് ക്ഷേത്രം നിർമിക്കുന്നതിനെതിരെ പ്രതിഷേധവുമായി ശങ്കരാചാര്യരും പുരോഹിതൻമാരും. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലെന്ന് ജ്യോതിർമഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ് പറഞ്ഞു. കേദാർനാഥിലെ ​ശ്രീകോവിലിനുള്ളിൽ വലിയ സ്വർണ തട്ടിപ്പ് നടന്നതായും അദ്ദേഹം ആരോപിച്ചു

രാഷ്ട്രീയക്കാർ നമ്മുടെ ആരാധനാലയങ്ങളിലേക്ക് കടന്നുകയറുകയാണ്. 12 ജ്യോതിർലിംഗങ്ങൾ ശിവപുരാണത്തിൽ പേരും സ്ഥലവും സഹിതം പരാമർശിച്ചിട്ടുണ്ട്. കേദാർനാഥിന്റെ വിലാസം ഹിമാലയത്തിലാണ്. അത് എങ്ങനെ ഡൽഹിയിൽ നിർമിക്കാനാകുമെന്ന് ശങ്കരാചാര്യർ ചോദിച്ചു.

‘കേദാർനാഥിൽ സ്വർണകുംഭകോണമാണ് നടന്നിട്ടുള്ളത്. എന്തുകൊണ്ട് ആ വിഷയം ഉയർന്നുവരുന്നില്ല. അവിടെ അഴിമതി നടത്തി​യശേഷം ഇനി ഡൽഹിയിൽ കേദാർനാഥ് ക്ഷേത്രം നിർമിക്കുകയാണ്. അങ്ങനെ​യാണെങ്കിൽ മറ്റൊരു തട്ടിപ്പാണ് നടക്കുക’ -അദ്ദേഹം പറഞ്ഞു.

‘228 കിലോഗ്രാം സ്വർണമാണ് കേദാർനാഥിൽനിന്ന് നഷ്ടമായത്. ഇതുവരെ അന്വേഷണം തുടങ്ങിയിട്ടില്ല. ആരാണ് ഇതിന് ഉത്തരവാദി. ഇപ്പോൾ അവർ പറയുന്നത് ഡൽഹിയിൽ കേദാർനാഥ് നിർമിക്കുമെന്നാണ് പറയുന്നത്. ഇത് സംഭവിക്കാൻ പാടില്ല’ -ശങ്കരാചാര്യർ വ്യക്തമാക്കി.

കഴിഞ്ഞവർഷം കേദാർനാഥ് ക്ഷേത്രത്തിൽ സ്വർണം പാകിയതിൽ 125 കോടി രൂപയുടെ അഴിമതി നടന്നതായി മുതിർന്ന പുരോഹിതൻ ആരോപിച്ചിരുന്നു. സ്വർണത്തിന് പകരം പിച്ചളയാണ് ഉപയോഗിച്ചതെന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. എന്നാൽ, ഇത് ക്ഷേത്ര കമ്മിറ്റി നിഷേധിച്ചിരുന്നു.

ഡൽഹിയിൽ മറ്റൊരു കേദാർനാഥ് ക്ഷേത്രം നിർമിക്കുന്നതിനെതിരായ പ്രതിഷേധം നടക്കുന്നതിനിടെയാണ് ശങ്കരാചാര്യരുടെ വിമർശനം വരുന്നത്. ജൂലൈ പത്തിന് ഡൽഹിയിൽ നടന്ന ശിലാസ്ഥാപന ചടങ്ങിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും പ​ങ്കെടുത്തിരുന്നു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബുരാരിക്ക് സമീപമുള്ള ഹിരങ്കി ​പ്രദേശത്താണ് ക്ഷേത്രം നിർമിക്കുന്നത്.

ഡൽഹിയിലെ ക്ഷേത്രത്തിനെതിരെ കേദാർനാഥിലെ പുരോഹിതൻമാരും പ്രതിഷേധവുമായി രംഗത്തുണ്ട്. ഞായറാഴ്ച ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിൽ പുരോഹിതൻമാർ പ്രതിഷേധം സംഘടിപ്പിച്ചു. കേദാർ സഭയടക്കമുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ ഇവർ മുദ്രാവാക്യം മുഴക്കി.

കേദാർനാഥ് ക്ഷേത്രത്തിന്റെ അതേ രൂപത്തിൽ ഡൽഹിയിൽ ക്ഷേത്രം നിർമിക്കുന്നതിനെയാണ് തങ്ങൾ എതിർക്കുന്നതെന്ന് കേദാർ സഭയുടെ വക്താവ് പങ്കജ് ശുക്ള പറഞ്ഞു. ‘പുതിയൊരു ക്ഷേത്രം നിർമിക്കുന്നതിനെ ഞങ്ങൾ എതിർക്കുന്നില്ല. എന്നാൽ, കേദാർനാഥിലെ അതേ രൂപത്തിൽ ഒരു മത ട്രസ്റ്റ് ക്ഷേത്രം നിർമിക്കുന്നതിനെയാണ് എതിർക്കുന്നത്. കേദാർനാഥ് ക്ഷേത്ര പരിസരത്തുനിന്നുള്ള കല്ല് അവിടേക്ക് കൊണ്ടുപോയിട്ടുണ്ട്. ഇത് ഹിമാലയത്തിലെ കേദാർനാഥ് ക്ഷേത്രത്തിന്റെ മതപരമായ പവിത്രതയെ കളങ്കപ്പെടുത്തും’ -പങ്കജ് ശുക്ള പറഞ്ഞു.

കേദാർനാഥ് ക്ഷേത്രത്തിന്റെ പേരും രൂപവും ഉപയോഗിച്ച് ഡൽഹിയിൽ ക്ഷേത്രം നിർമിക്കുന്നത് മതപരമായ പവിത്രത കുറയ്ക്കാനും ഭക്തരിൽനിന്ന് പണം തട്ടാനുമുള്ള ഗൂഢാലോചനയാണെന്ന് കേദാർ സഭാംഗമായ പ്രദീപ് ശുക്ള പറഞ്ഞു. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ സുരക്ഷയുടെയും ദുരന്തങ്ങളുടെയും പേര് പറഞ്ഞ് കശ്മീരിലെ അമർനാഥ് ക്ഷേത്രവും ഡൽഹിയിൽ ഉയരും. സനാതധ ധർമത്തിന് ഏറ്റവും നിർഭാഗ്യകരമായ ദിവസമായിരിക്കുമതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഡൽഹിയിലെ ക്ഷേത്രത്തിൽനിന്ന് വിശുദ്ധജലം വിതരണം ചെയ്യുമോ എന്ന ആശങ്കയും കേദാർ സഭയ്ക്കുണ്ട്. ഇത് മതപരമായ മർഗനിർദേശങ്ങളുടെ ലംഘനമാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു.

അതേസമയം, കേദാർ സഭയുടെ ആക്ഷേപങ്ങൾക്കെതിരെ ഡൽഹിയിലെ കേദാർനാഥ് ധാം ട്രസ്റ്റിന്റെ പ്രസിഡന്റ് സു​രീ​ന്ദർ റൗത്തേല രംഗത്തുവന്നു. ‘ഡൽഹിയിൽ ക്ഷേത്രം നിർമിക്കുന്നത് ​ശ്രീ കേദാർനാഥ് ധാം ട്രസ്റ്റിന്റെ കീഴിലാണ്. ഇതിൽ ഉത്തരാഖണ്ഡ് സർക്കാറിന് യാതൊരു പങ്കുമില്ല. ട്രസ്റ്റിമാരുടെ പിന്തുണയോടെയാണ് ക്ഷേത്രം നിർമിക്കുന്നത്. ഇതിൽ പലരും ഉത്തരാഖണ്ഡിൽനിന്നുള്ളവരാണ്. രാജ്യത്തെ വിവിധ നഗരങ്ങളി​ൽ പ്രശസ്തമായ ധാമുകളുടെ പേരിൽ ക്ഷേത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ഇൻഡോറിൽ കേദാർനാഥ് ക്ഷേത്രവും മുംബൈയിൽ ബദ്‍രീനാഥ് ക്ഷേത്രവുമുണ്ട്. ഈ ക്ഷേത്രങ്ങൾ ഉദ്ഘാടനം ചെയ്തത് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്താണ്’ -സുരീന്ദർ റൗത്തേല പറഞ്ഞു.

Summary : Shankaracharya opposed the construction of Kedarnath temple in Delhi

TAGS :

Next Story