'പ്രതിസന്ധിയിൽ അദ്ദേഹത്തെ സഹായിച്ചിരുന്നു'; മോദിയുടെ വിമർശനത്തിൽ പ്രതികരിച്ച് ശരദ് പവാർ
ശരദ് പവാർ കേന്ദ്ര മന്ത്രിയായിരുന്ന കാലത്ത് കർഷകർക്കായി ഒന്നും ചെയ്തിട്ടില്ല എന്നായിരുന്നു മോദിയുടെ വിമർശനം.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. താൻ കേന്ദ്ര മന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലെ കാർഷിക പ്രതിസന്ധി മറികടക്കാൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദിയെ ഏറെ സഹായിച്ചിരുന്നുവെന്ന് പവാർ പറഞ്ഞു. 2004-2014 കാലത്ത് യു.പി.എ മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നു പവാർ.
കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പറഞ്ഞ് അദ്ദേഹം എന്റെ അടുക്കൽ വരികയും ഗുജറാത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുമായിരുന്നു. ഒരിക്കൽ ഇസ്രായേൽ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ താൻ അദ്ദേഹത്തെയും അവിടെ കൊണ്ടുപോയി. നരേന്ദ്ര മോദി എന്ത് പറഞ്ഞാലും എനിക്ക് ആശങ്കയില്ലെന്നും പവാർ വ്യക്തമാക്കി.
ശരദ് പവാർ കേന്ദ്ര കൃഷിമന്ത്രിയായിരുന്ന കാലത്ത് കർഷകർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മോദി വിമർശിച്ചിരുന്നു. ശരദ് പവാറിന്റെ പേര് പറയാതെയായിരുന്നു മോദിയുടെ വിമർശനം. ഇതിന് മുമ്പും തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ മോദി പവാറിനെതിരെ വിമർശനമുന്നയിച്ചിരുന്നു. കർഷകരുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു മോദിയുടെ വിമർശനം.
Adjust Story Font
16