Quantcast

സെഡ് പ്ലസ് സുരക്ഷ പവാറിനെ പൂട്ടാനോ? നിരന്തരം വിമർശിക്കുന്ന ബി.ജെ.പി പിന്നെ എന്തിന് സുരക്ഷ കൂട്ടി?

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ തിരക്കേറിയ ഷെഡ്യൂള്‍ കാരണം സുരക്ഷയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച അദ്ദേഹം ചര്‍ച്ച ചെയ്തിട്ടില്ല.

MediaOne Logo

Web Desk

  • Updated:

    2024-08-29 06:06:19.0

Published:

29 Aug 2024 6:02 AM GMT

Sharad Pawar
X

മുംബൈ: കേന്ദ്ര സർക്കാർ അനുവദിച്ച സെഡ് പ്ലസ് കാറ്റഗറി സുരക്ഷ അംഗീകരിക്കാതെ എൻ.സി.പി നേതാവ് ശരദ് പവാർ. സുരക്ഷയുമായി ബന്ധപ്പെട്ട് അദ്ദേഹം സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സുമായി (സി.ആർ.പി.എഫ്) ചർച്ച ചെയ്യുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ തിരക്കേറിയ ഷെഡ്യൂള്‍ കാരണം സുരക്ഷയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച അദ്ദേഹം ചര്‍ച്ച ചെയ്തിട്ടില്ല. അതേസമയം എതിര്‍പാളയത്തിലുള്ളൊരു നേതാവിന് അതും ആവശ്യങ്ങളൊന്നും ഇല്ലാതെ സെഡ് പ്ലസ് സുരക്ഷ നൽകാനുള്ള കേന്ദ്രത്തിൻ്റെ തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിൽ പലരെയും അമ്പരപ്പിച്ചിട്ടുണ്ട്.

പവാറിനെ എപ്പോഴും രാഷ്ട്രീയമായി തന്നെ ബി.ജെ.പി ലക്ഷ്യമിടാറുണ്ട്. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ, സോളാപൂരിൽ നടന്ന ഒരു റാലിയിൽ , മഹാരാഷ്ട്രയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഈ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ശരദ് പവാറിനെതിരെ രംഗത്ത് എത്തിയിരുന്നു.

അദ്ദേഹത്തെ അലഞ്ഞുതിരിയുന്ന ആത്മാവ് എന്നാണ് മോദി വിശേഷിപ്പിച്ചത്. എന്‍.സി.പിക്കാരല്ലാത്തതും ശരദ് പവാറിനെ ഏറെ സ്നേഹിക്കുന്നവരുമായ ആളുകള്‍ക്ക മോദിയുടെ ഈ കടന്ന പ്രയോഗം ഉള്‍ക്കൊള്ളാനായിരുന്നില്ല.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സംസ്ഥാനത്ത് പരാജയപ്പെടാനുള്ള കാരണവും ഇത്തരത്തിലുള്ള പരാമര്‍ശങ്ങളാണെന്ന് വിലയിരുത്തലുണ്ടായിരുന്നു. അടുത്തിടെ, അമിത് ഷാ തന്നെ അഴിമതിയുടെ ഉറവയായും അദ്ദേഹത്തെ മുദ്രകുത്തിയിരുന്നു. എന്നാല്‍ ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിനെ തുടർന്നാണു സുരക്ഷ കൂട്ടുന്നതെന്നാണു കേന്ദ്ര സർക്കാരിന്റെ വിശദീകരണം. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യം വലിയ വിജയം നേടിയതോടെ പവാറിനെ നിരീക്ഷിക്കാനാണ് സുരക്ഷ കൂട്ടുന്നതെന്ന വാദത്തിന് പിന്തുണയേറെയാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തനിക്ക് സുരക്ഷ കൂട്ടുന്നതിൽ പവാർ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിരീക്ഷിക്കാനാണോ കൂടുതൽ സുരക്ഷയെന്ന സംശയവും പ്രകടിപ്പിച്ചിരുന്നു. അതേസമയം സുരക്ഷ കൂട്ടി ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് കുറയ്ക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത് എന്നാണ് മഹാവികാസ് അഘാഡി നേതാക്കള്‍ പറയുന്നത്.

ജനങ്ങളുമായി നിരന്തരം ഇടപെടുന്ന നേതാവാണ് പവാര്‍, സെഡ് പ്ലസ് സുരക്ഷ വന്നാല്‍, പവാറിന്റെ ഷെഡ്യൂളുകളില്‍ നിയന്ത്രണങ്ങൾ വരും. കൂടാതെ അദ്ദേഹത്തിൻ്റെ പൊതു ചടങ്ങുകളിലും വേദികളിലുമൊക്കെ എല്ലാവര്‍ക്കും എളുപ്പത്തില്‍ കയറിച്ചെല്ലാനാവില്ല. ഇങ്ങനെ എളുപ്പത്തില്‍ സമീപിക്കാത്ത രീതിയില്‍ പവാറിനെ മാറ്റിയെടുക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ് അവര്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളുമായുള്ള ബന്ധത്തിന് പേരുകേട്ട നേതാവിനെ സംസ്ഥാനത്തുടനീളം കാണുകയും കേൾക്കുകയും ചെയ്യേണ്ടത് മഹാവികാസ് അഘഡി സഖ്യത്തിന് ഏറെ ആവശ്യമാണ്. അതു ഇല്ലാതാക്കാനാണോ ബിജെപി ശ്രമിക്കുന്നത് എന്നാണ് കോണ്‍ഗ്രസും ഉദ്ധവ് വിഭാഗവും അടങ്ങുന്ന സഖ്യം സംശയിക്കുന്നത്.

TAGS :

Next Story