Quantcast

'ഷര്‍ജീല്‍ ഇമാമിന് ജാമ്യം നിഷേധിക്കാന്‍ ഒരു ന്യായവുമില്ല'; വിചാരണാ കോടതിയെ തള്ളി ഡല്‍ഹി ഹൈക്കോടതി

ആരോപണങ്ങള്‍ ഗുരുതരമാണെന്നതു ജാമ്യം നിഷേധിക്കാനുള്ള ന്യായമല്ലെന്ന് ഹൈക്കോടതി

MediaOne Logo

Web Desk

  • Published:

    11 Jun 2024 6:58 AM GMT

ഷര്‍ജീല്‍ ഇമാമിന് ജാമ്യം നിഷേധിക്കാന്‍ ഒരു ന്യായവുമില്ല; വിചാരണാ കോടതിയെ തള്ളി ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ വിദ്യാര്‍ഥി നേതാവ് ഷര്‍ജീല്‍ ഇമാമിനു ജാമ്യം നിഷേധിക്കാന്‍ ഒരു ന്യായവുമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഷര്‍ജീലിനെതിരായ ഗുരുതരമായ ആരോപണങ്ങള്‍ വിചാരണാ കോടതിയെ സ്വാധീനിച്ചെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ മേയ് 29ന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വിശദമായ ഉത്തരവ് പുറത്തുവന്നത്.

2020ല്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ പങ്ക് ആരോപിച്ചായിരുന്നു ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്ന ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2019ല്‍ പൗരത്വ സമരത്തിനിടെ ഡല്‍ഹിയിലെ ഷാഹീന്‍ ബാഗില്‍ ഉള്‍പ്പെടെ നടത്തിയ പ്രസംഗമായിരുന്നു കേസിനാസ്പദമായത്. കേസില്‍ നാലു വര്‍ഷം തടവില്‍ കഴിഞ്ഞ ശേഷമാണു കഴിഞ്ഞ മാസം അവസാനത്തില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രാജ്യദ്രോഹം, യു.എ.പി.എ വകുപ്പുകളാണ് വിദ്യാര്‍ഥി നേതാവിനെതിരെ ചുമത്തിയിരുന്നത്.

സുരേഷ് കുമാര്‍ കേട്ട്, മനോജ് ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഷര്‍ജീലിനു ജാമ്യം നല്‍കിയത്. ആരോപണങ്ങള്‍ ഗുരുതരമാണെന്നതുകൊണ്ടു മാത്രം ജാമ്യം അനുവദിക്കാതിരിക്കാന്‍ ന്യായമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഒരു വിചാരണാ തടവുകാരനെയും പരമാവധി ശിക്ഷാ കാലയളവിന്റെ പാതിക്കപ്പുറം തടങ്കലില്‍ വയ്ക്കരുതെന്ന ആശയത്തിലാണ് സി.ആര്‍.പി.സി നടപ്പാക്കിയിട്ടുള്ളത്. അതിനപ്പുറം തടവില്‍ നിര്‍ത്തണമെങ്കില്‍ യുക്തിസഹമായ കാരണങ്ങള്‍ വേണം. ഇപ്പോഴത്തെ കേസില്‍ യുവാവിനു ജാമ്യം നല്‍കാതെ ജയിലില്‍ തന്നെ നിര്‍ത്താന്‍ തക്ക കാരണമൊന്നും കണ്ടെത്താനായിട്ടില്ല. ഷര്‍ജീലിനെതിരായ ആരോപണങ്ങള്‍ ഗൗരവമാണെന്ന ചിന്തയിലാണ്, കലാപത്തിലേക്കു നയിച്ച പ്രകോപനപരമായ പ്രസംഗം നടത്തിയെന്നു കാണിച്ച് കോടതി ജാമ്യാപേക്ഷ നിരസിച്ചതെന്നും കോടതി നിരീക്ഷിച്ചു.

2019 ഡിസംബര്‍ 13ന് ജാമിഅ മില്ലിയ്യയിലും ഡിസംബര്‍ 16ന് അലിഗഢ് സര്‍വകലാശാലയിലും ഷര്‍ജീല്‍ നടത്തിയ പരാമര്‍ശങ്ങള്‍ സംഘ്പരിവാര്‍ അനൂകൂലികള്‍ വലിയ ആയുധമാക്കിയിരുന്നു. അസമിനെയും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ഇന്ത്യയില്‍നിന്നു വിഭജിക്കുമെന്നു പ്രസംഗത്തില്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. പ്രസംഗത്തിനെതിരെ അസം, യു.പി, മണിപ്പൂര്‍, അരുണാചല്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

കേസില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഷര്‍ജീലിനു പുറത്തിറങ്ങാനായിട്ടില്ല. 2020ലെ ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന കേസില്‍ ഇനിയും ജാമ്യം ലഭിച്ചിട്ടില്ല.

Summary: No justifiable reason to not grant bail to Sharjeel Imam in sedition case: Delhi HC

TAGS :

Next Story