Quantcast

തരൂരിന് തമിഴ്‌നാട്ടിൽ തണുത്ത പ്രതികരണം; എത്തിയത് 700ൽ 12 പേർ

നൂറു പേരെങ്കിലും വരുമെന്നാണ് തരൂര്‍ അനുയായികള്‍ പറഞ്ഞിരുന്നത്

MediaOne Logo

Web Desk

  • Published:

    7 Oct 2022 6:57 AM GMT

തരൂരിന് തമിഴ്‌നാട്ടിൽ തണുത്ത പ്രതികരണം; എത്തിയത് 700ൽ 12 പേർ
X

ചെന്നൈ: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എംപി ശശി തരൂരിന് തമിഴ്‌നാട്ടിൽ തണുത്ത പ്രതികരണം. വോട്ടവകാശമുള്ള അംഗങ്ങളെ കാണാൻ ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനിലെത്തിയ തരൂരിന് 12 പേരെ മാത്രമാണ് കാണാനായത്. ആകെ 700 പേർക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുള്ളത്. 75 പ്രതിനിധികളുടെയെങ്കിലും തരൂരിനുണ്ടാകുമെന്നാണ് ടിഎൻസിസി ജനറൽ സെക്രട്ടറി അരുൾ പെട്ടയ്യ പറഞ്ഞിരുന്നത്.

പ്രതീക്ഷിച്ചതിനേക്കാൾ കുറവ് പ്രതിനിധികളെ മാത്രമാണ് കാണാനായത് എന്ന് തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. വന്നിരുന്നെങ്കിൽ ക്രിയാത്മകമായി സംസാരിക്കാമായിരുന്നു. ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ഗാന്ധി കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയാണെന്ന മിത്ത് മാറ്റും- അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരം എംപിയാണ് തരൂരിന്റെ പേര് നിർദേശിച്ചവരിൽ പ്രമുഖൻ. ടിഎൻസിസി ജനറൽ സെക്രട്ടറി അരുൺ പെട്ടയ്യയും തരൂരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നൂറു വരെ ആളുകൾ തരൂരിനെ കാണാനെത്തുമെന്നാണ് സന്ദർശനത്തിന് മുമ്പ് അരുൺ പറഞ്ഞിരുന്നത്. തരൂരിനൊപ്പം തങ്ങളെ കാണാതിരിക്കുന്നതാണ് നല്ലതെന്ന് ഒരു നേതാവ് ദ ഹിന്ദുവിനോട് പ്രതികരിച്ചു. 'പാർട്ടി സംവിധാനത്തിനും അതിന്റെ സ്ഥാനാർത്ഥിയായ (കരുതപ്പെടുന്ന) ഖാർഗെയ്ക്കും എതിരെ നിൽക്കാൻ ആരും ആഗ്രഹിക്കുന്നില്ല. എത്ര പേർ വരുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ഞാൻ' - എന്നാണ് ഒരാൾ പറഞ്ഞത്.

സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം തരൂർ സന്ദർശിക്കുന്ന നാലാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. കേരളത്തിൽ നിന്നാണ് തിരുവനന്തപുരം എംപി ചെന്നൈയിലെത്തിയത്. കേരളത്തിൽ നിന്ന് മുതിർന്ന നേതാക്കളുടെ പിന്തുണ ഉറപ്പാക്കാൻ തരൂരിനായിരുന്നില്ല. ഗുജറാത്തിൽ പ്രചാരണത്തിലാണ് ഖാർഗെ. രമേശ് ചെന്നിത്തലയാണ് ഖാർഗെയുടെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. ഒക്ടോബർ 17നാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്. 19ന് വോട്ടെണ്ണും.

TAGS :

Next Story