എം.പിമാരുടെ സസ്‌പെൻഷൻ നടപടിയിൽ പ്രതിഷേധം; ശശി തരൂർ സൻസദ് ടിവി ഷോയിൽ നിന്ന് പിന്മാറി
നേരത്തെ ശിവസേന എംപി പ്രിയങ്ക ചതുർവേദിയും അവതാരക സ്ഥാനം ഒഴിഞ്ഞിരുന്നു
രാജ്യസഭയിൽ നിന്ന് 12 പ്രതിപക്ഷ എംപിമാരെ സസ്‌പെന്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ശശിതരൂർ എം.പി സൻസദ് ടിവി ഷോയിൽ നിന്ന് പിന്മാറി.സൻസദ് ടിവിയുടെ ടോക്ക് ഷോയുടെ അവതാരകനാകുന്നതിൽ നിന്നാണ് ശശിതരൂർ പിന്മാറിയത്.നേരത്തെ ശിവസേന എംപി പ്രിയങ്ക ചതുർവേദിയും സൻസദ് ടിവിയുടെ മേരി കഹാനി എന്ന പരിപാടിയുടെ അവതാരക സ്ഥാനം ഒഴിഞ്ഞിരുന്നു.
സി.പി.എം എം.പി എളമരം കരീം, ബിനോയി വിശ്വം, ആറ് കോൺഗ്രസ് എം.പിമാർ, ശിവസേന എം.പി അനിൽദേശായി, ത്രിണമൂൽ കോൺഗ്രസിന്റെ എം.പി ഡോളാ സെൻ, ശാന്ത ഛെത്രി എന്നീ 12 എം.പിമാരെയാണ് ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്‌പെന്റ് ചെയ്തത്. സഭയുടെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ആഗസ്റ്റ് 11 ന് സഭയിൽ മോശം പെരുമാറ്റം നടത്തിയതെന്നാരോപിച്ചാണ് രാജ്യസഭ എം.പിമാരെ സസ്‌പെന്റ് ചെയ്തത്.
പെഗാസസ് വിഷയത്തിലെ അന്വേഷണവും പാർലമെന്റിൽ ചർച്ചയും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. എം.പിമാർ സ്പീക്കറോടും സഭയോടും മാപ്പുപറഞ്ഞാൽ സസ്‌പെൻഷൻ നടപടി പുന:പരിശോധിക്കാമെന്ന് പാർലമെന്റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നു.
Adjust Story Font
16