ശശി തരൂര്‍ വരേണ്യ വിഭാഗത്തില്‍പ്പെട്ടയാള്‍, പിന്തുണ ഖാര്‍ഗെയ്ക്ക്: ഗെഹ്‍ലോട്ട്
മല്ലികാർജുൻ ഖാർഗെക്ക് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിചയ സമ്പത്തുണ്ടെന്ന് അശോക് ഗെഹ്‍ലോട്ട്
കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും ഏറ്റുമുട്ടുമ്പോള്‍ ആരെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കുകയാണ് നേതാക്കള്‍. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. തരൂര്‍ വരേണ്യ വിഭാഗത്തില്‍പ്പെട്ടയാള്‍ ആണെന്നും ഗെഹ്‍ലോട്ട് പറഞ്ഞു.
മല്ലികാർജുൻ ഖാർഗെക്ക് കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിചയ സമ്പത്തുണ്ടെന്ന് ഗെഹ്‍ലോട്ട് പറഞ്ഞു. അദ്ദേഹത്തിന് സംശുദ്ധമായ ഹൃദയമുണ്ട്. ദലിതനാണ്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാര്‍ഗെ വിജയിക്കുമെന്നും ഗെഹ്‍ലോട്ട് വാര്‍ത്താഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു.
നേരത്തെ ഔദ്യോഗികപക്ഷം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് അശോക് ഗെഹ്‍ലോട്ടിനെയായിരുന്നു. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നയം നടപ്പിലാക്കുമ്പോള്‍ ആരാവണം രാജസ്ഥാന്‍ മുഖ്യമന്ത്രിയെന്ന തര്‍ക്കം രൂക്ഷമായതോടെയാണ് ആ നീക്കം ഉപേക്ഷിച്ചത്. തുടര്‍ന്ന് ദിഗ് വിജയ് സിങ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണ് ഖാര്‍ഗെയുടെ പേര് ഉയര്‍ന്നുവന്നത്. ഇതോടെ ദിഗ് വിജയ് സിങ് പിന്മാറി. അതേസമയം പിന്മാറില്ലെന്ന് തരൂര്‍ വ്യക്തമാക്കിയതോടെ അധ്യക്ഷ സ്ഥാനത്ത് മത്സരം ഉറപ്പായി.
ഖാർഗെ പാർട്ടി ആസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ മുപ്പതോളം മുതിർന്ന നേതാക്കൾ പിന്തുണയുമായെത്തിയിരുന്നു. കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവായ ഖാർഗെ, ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനാണ്. പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്നും തങ്ങൾ നിഷ്പക്ഷത പാലിക്കുമെന്നും ഗാന്ധി കുടുംബം തന്നോട് പറഞ്ഞതായി ശശി തരൂർ നേരത്തെ പ്രതികരിച്ചിരുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറില്ല. തന്നെ പിന്തുണയ്ക്കുന്നവരെ വഞ്ചിക്കാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
Adjust Story Font
16