'പരിതാപകരമായ സെല്‍ഫ് ഗോള്‍': ബിബിസി റെയ്ഡിനെ വിമര്‍ശിച്ച് ശശി തരൂര്‍
ബിബിസി ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം റെയ്ഡിനെ കാണൂവെന്ന് ശശി തരൂര്‍
ശശി തരൂര്‍
ഡല്‍ഹി: ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്‍റെ പരിശോധനയെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ഈ റെയ്ഡ് പരിതാപകരമായ സെല്‍ഫ് ഗോളാണ്. ബിബിസി ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം ഇതിനെ കാണൂവെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
"ഒരു സ്ഥാപനവും നിയമത്തിന് മുകളിലല്ല. എന്നാൽ 20 ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരുടെ ബിബിസിയുടെ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിലെയും സ്റ്റുഡിയോകളിലെയും റെയ്ഡ് പരിതാപകരമായ സെൽഫ് ഗോളാണ്. ബിബിസി ഡോക്യുമെന്‍ററിയോടുള്ള പ്രതികാരമായും മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ നീക്കമായും ലോകം ഇതിനെ കാണും"- ശശി തരൂര്‍ പറഞ്ഞു.
ഇന്നലെ രാവിലെ 11.30ഓടെയാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്. അന്താരാഷ്ട്ര നികുതികളിൽ ഉൾപ്പെടെ ക്രമക്കേടുണ്ടെന്ന പരാതികളിലാണ് റെയ്ഡ്. എന്നാൽ ഓഫീസുകളിലേത് പരിശോധനയല്ല സർവേയാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇന്നലെ മാധ്യമ പ്രവർത്തകരുടെ ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പിടിച്ചെടുത്തിരുന്നു. റെയ്ഡ് ഇതുവരെ അവസാനിച്ചിട്ടില്ല.
ബിബിസി ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധനയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. അദാനിക്കെതിരെ പാർലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെടുമ്പോൾ കേന്ദ്രം ബിബിസിക്ക് പിന്നാലെയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കേന്ദ്രത്തിന് വിനാശകാലേ വിപരീത ബുദ്ധിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം കോൺഗ്രസ് ദേശവിരുദ്ധ ശക്തികളെ പിന്തുണയ്ക്കുകയാണെന്ന് ബി.ജെ.പി വക്താവ് ഗൌരവ് ഭാട്ടിയ പറഞ്ഞു- "മോദിയോടുള്ള വെറുപ്പ് കാരണം അന്വേഷണ ഏജൻസിയുടെ പ്രവർത്തനത്തെ പോലും നിങ്ങൾ രാഷ്ട്രീയവത്കരിക്കുന്നു. നിങ്ങൾ എല്ലായ്പ്പോഴും സുപ്രിംകോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യംചെയ്യുന്നു". അഴിമതി കോര്‍പ്പറേഷനാണ് ബിബിസിയെന്നും അവര്‍ ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുകയാണെന്നും ഗൌരവ് ഭാട്ടിയ ആരോപിച്ചു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബിബിസിയിലെ റെയ്ഡിനെ പരിഹസിച്ച് രംഗത്തെത്തി. ആദ്യം ബിബിസിയുടെ ഡോക്യുമെന്ററി നിരോധിച്ചു. അദാനിക്കെതിരെ ജെ.പി.സി അന്വേഷണമില്ല. ഇപ്പോൾ ബിബിസി ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് തന്നെയോ? എന്നാണ് യെച്ചൂരി ട്വീറ്റ് ചെയ്തത്. എത്ര അപ്രതീക്ഷിതമായിരുന്നു റെയ്‌ഡെന്ന് തൃണമൂൽ എം.പി മഹുവ മൊയ്ത്ര പരിഹസിച്ചു. പ്രത്യയശാസ്ത്രപരമായ അടിയന്തരാവസ്ഥയെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു.
Adjust Story Font
16