Quantcast

തനിച്ചു പൊരുതി ജയിച്ചു കയറുമോ തരൂര്‍?

തെരഞ്ഞെടുപ്പുകളിൽ അടിക്കടി പരാജയങ്ങളേറ്റുവാങ്ങി നിലംപരിശായ കോൺഗ്രസിന് ജീവവായു ഏകാൻ, മുൻകാല മാതൃകകളുടെ ഭാരങ്ങളില്ലാത്ത പുതിയൊരു നേതാവ് വരണമെന്ന് കരുതുന്നവർ തരൂരിനെ പിന്തുണയ്ക്കുകയാണ്

MediaOne Logo

സിതാര ശ്രീലയം

  • Updated:

    2022-10-11 16:18:00.0

Published:

11 Oct 2022 4:17 PM GMT

തനിച്ചു പൊരുതി ജയിച്ചു കയറുമോ തരൂര്‍?
X

രാഷ്ട്രീയത്തിൽ മുൻ പരിചയമില്ലാത്ത, ഹൈക്കമാൻഡ് കെട്ടിയിറക്കിയ, മലയാളം ഒഴുക്കോടെ സംസാരിക്കാനറിയാത്ത സ്ഥാനാർഥി- സ്വന്തം പാർട്ടിക്കുള്ളിൽ നിന്നു തന്നെ കടുത്ത എതിർപ്പ് നേരിടേണ്ടി വന്ന ആ സ്ഥാനാർഥി 2009 മുതൽ തുടർച്ചയായി മൂന്നു തവണ വിജയിച്ച് തിരുവനന്തപുരത്തിന്‍റെ എംപിയായി. കേന്ദ്രമന്ത്രിയായി. അതിനിടയിൽ പല തവണ വിവാദ നായകനായി. 'ഞാൻ ഹിന്ദുവാണ്, ദേശീയവാദിയാണ്, എന്നാൽ ഹിന്ദു ദേശീയവാദിയല്ലെ'ന്ന് വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളോട് വിയോജിക്കുമ്പോഴും അന്ധമായി എതിർക്കാതെ സംവാദ സാധ്യതകൾ തേടി. ഇന്ന് ഹൈക്കമാൻഡിന്‍റെ, കെ.പി.സി.സിയുടെ പോലും പിന്തുണയില്ലാതെ മാറ്റത്തിനായി വോട്ട് തേടി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നു. അതെ ശശി തരൂരിനെ കുറിച്ചാണ്.

1956ൽ ലണ്ടനിൽ ജനനം. കൊൽക്കത്തയിലും മുംബൈയിലുമായി കുട്ടിക്കാലം. ഇന്ത്യയിലും അമേരിക്കയിലുമായി വിദ്യാഭ്യാസം. ഫ്‌ലെച്ചർ സ്‌കൂൾ ഓഫ് ലോയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ഡോക്ട്രേറ്റ് നേടുമ്പോള്‍ പ്രായം 22. 1978 മുതൽ 2007 വരെ ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചു. യുഎന്നിൽ വാർത്താവിനിമയം കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറലായിരുന്നു തരൂർ. കോഫി അന്നനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചെങ്കിലും വിജയിക്കില്ലെന്ന ഘട്ടത്തിൽ പിന്മാറി. എഴുത്തുകാരൻ, കോളമിസ്റ്റ്, പ്രാസംഗികൻ എന്നീ നിലകളിലും പ്രഗൽഭനാണ് തരൂർ.


രാഷ്ട്രീയത്തിൽ അരങ്ങേറുന്നതിനിടെ വിവാദങ്ങൾ തരൂരിനെ നിരന്തരം പിന്തുടർന്നു കൊണ്ടേയിരുന്നു. 2008ൽ കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുക്കവേ ദേശീയ ഗാനം ആലപിക്കുമ്പോൾ അമേരിക്കൻ മാതൃകയിൽ കൈ നെഞ്ചോടു ചേർത്തു പിടിക്കണമെന്നു തരൂർ നിർദേശിച്ചത് ദേശീയ ഗാനത്തോടുള്ള അവഹേളനമാണെന്ന് ആരോപണം ഉയർന്നു. എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ പരാതിയെത്തി. അബദ്ധത്തിൽ സംഭവിച്ചതാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും തരൂർ പിന്നീട് വ്യക്തമാക്കുകയുണ്ടായി. കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

2009ലെ ലോക്‌സഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ തിരുവനന്തപുരത്തെത്തുമ്പോൾ ശശി തരൂരിന് രാഷ്ട്രീയ കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. രാഷ്ട്രീയത്തിൽ മുൻപരിചയം ഇല്ലാതിരുന്നിട്ടും സ്വന്തം പാർട്ടിയിൽ നിന്നുൾപ്പെടെ എതിർപ്പ് നേരിടേണ്ടി വന്നിട്ടും ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടി എംപിയായി. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി. കേന്ദ്രമന്ത്രിയായി ചുമതലയേറ്റതിന് ശേഷം മൂന്നു മാസം ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചത് വിവാദമായി. പിന്നീട് കോൺഗ്രസ് നേതൃത്വം ഇടപെട്ട് സർക്കാർ സംവിധാനത്തിലേക്ക് മാറാൻ നിർദേശം നൽകി.

കൊച്ചി ഐ. പി.എൽ ടീമുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് 2010ൽ വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടിവന്നു. കൊച്ചി ഐ.പി.എൽ ടീമിന്റെ ഉടമസ്ഥരായിരുന്ന റോൺഡിവൂ കൺസോർഷ്യത്തിന്റെ സൗജന്യ ഓഹരികളിൽ 19 ശതമാനം അതായത് ഏകദേശം 70 കോടി രൂപ തരൂരുമായി അടുത്ത ബന്ധമുള്ള സുനന്ദ പുഷ്‌കറിന് വിയർപ്പ് ഓഹരി എന്ന നിലയിൽ നൽകിയെന്ന ആരോപണം കോളിളക്കമുണ്ടാക്കി. ഐ.പി.എൽ ചെയർമാൻ ലളിത് മോദിയാണ് ആരോപണം ഉന്നയിച്ചത്. തുടർന്ന് തരൂർ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ചു. പിന്നാലെയായിരുന്നു സുനന്ദ പുഷ്‌കറുമായുള്ള വിവാഹം. 2012ൽ തരൂർ കേന്ദ്ര മന്ത്രിസഭയിൽ മടങ്ങിയെത്തി. മനുഷ്യ വിഭവശേഷി സഹമന്ത്രിയായിട്ടായിരുന്നു തിരിച്ചുവരവ്.


വിമാനത്തിൽ സാധാരണക്കാർ യാത്ര ചെയ്യുന്ന ഇക്കോണമി ക്ലാസിനെ തരൂർ കന്നുകാലി ക്ലാസ് എന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തതും വിവാദമായി. കോണ്‍ഗ്രസ് നേതൃത്വം ചെലവു ചുരുക്കൽ നടപടികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ട്വീറ്റ്. 'നമ്മുടെ എല്ലാ വിശുദ്ധ പശുക്കളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കന്നുകാലി ക്ലാസിൽ യാത്രചെയ്യു'മെന്നാണ് തരൂർ ട്വീറ്റ് ചെയ്തത്. അനുചിതമെന്ന് കോൺഗ്രസിനുള്ളിൽ തന്നെ വിലയിരുത്തലുണ്ടായി. തുടർന്ന് തരൂർ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞു. വിമാന യാത്രക്കാരെ കുറിച്ചല്ല പറഞ്ഞതെന്നും യാത്രക്കാരെ കന്നുകാലികളായി കാണുന്ന വിമാന കമ്പനികളെയാണ് ഉദ്ദേശിച്ചതെന്നും എല്ലാവരും തെറ്റിദ്ധരിച്ചുവെന്നുമായിരുന്നു തരൂരിന്റെ വാദം. 2010 ഫെബ്രുവരിയിൽ പ്രധാനമന്ത്രിയോടൊപ്പം സൗദി അറേബ്യ സന്ദർശിച്ചപ്പോൾ ഇന്ത്യ-പാക് ചർച്ചകളിൽ സൗദി അറേബ്യയും പങ്കാളിയാവണമെന്ന തരൂരിന്റെ നിർദേശവും വിവാദമായി.


അതിനിടെ ശശി തരൂരിന്‍റെ വ്യക്തിജീവിതവും വിവാദങ്ങളിൽ കുരുങ്ങി. പാക് മാധ്യമപ്രവർത്തക മെഹർ തരാറുമായി തരൂരിന് ബന്ധമുണ്ടെന്നും ഇത് സുനന്ദ പുഷ്‌കറുമായുള്ള ബന്ധത്തിൽ ഉലച്ചിലുകളുണ്ടാക്കിയെന്നും ആരോപണമുയർന്നു. തുടർന്ന് തങ്ങൾക്കിടയിൽ പ്രശ്‌നങ്ങളില്ലെന്ന് തരൂരും സുനന്ദ പുഷ്‌കറും സംയുക്ത പ്രസ്താവന നടത്തുകയുണ്ടായി. 2014 ജനുവരി 17ന് ഡൽഹിയിലെ ലീല പാലസ് ഹോട്ടലിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തരൂർ വീണ്ടും സംശയനിഴലിലായി. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. വർഷങ്ങൾ നീണ്ട നിയമ പോരാട്ടം. ഒടുവിൽ തരൂരിനെ ഡൽഹിയിലെ റോസ് അവന്യു കോടതി കഴിഞ്ഞ വർഷം കുറ്റവിമുക്തനാക്കി.

എന്തുകൊണ്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുന ഖാർഗെയെ പിന്തുണയ്ക്കുന്നു എന്ന ചോദ്യത്തിന്, ശശി തരൂർ വരേണ്യ വിഭാഗക്കാരനാണെന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നൽകിയ മറുപടി. വരേണ്യ മനോഭാവം എന്ന് വ്യാഖ്യാനിക്കാൻ കഴിയുന്ന പരാമർശങ്ങൾ തരൂർ പലപ്പോഴും നടത്തിയിട്ടുണ്ടെന്നത് വാസ്തവമാണ്. ഉദാഹരണമായി മീൻ മണക്കുമ്പോൾ ഓക്കാനം വരും വിധം വെജിറ്റേറിയനായ തനിക്ക് പോലും മത്സ്യ മാർക്കറ്റിലെ അനുഭവം ആവേശം നൽകിയെന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തരൂർ ട്വീറ്റ് ചെയ്തു. ഈ പരാമർശത്തിനെതിരെ രൂക്ഷ വിമർശനമുയർന്നു. എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിച്ചു എന്നായിരുന്നു തരൂരിന്റെ വിശദീകരണം.


എന്നാൽ ഈ വിവാദങ്ങൾ മാത്രം ചൂണ്ടിക്കാട്ടി ശശി തരൂർ എന്ന നേതാവിനെ അളക്കാനാവില്ല. മോദി സർക്കാരിൻറെ നയങ്ങളെയും ബി.ജെ.പിയുടെയും ആർ.എസ്.എസിൻറെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും പാർലമെൻറിനകത്തും പുറത്തും തരൂർ എതിർക്കാറുണ്ട്. അതേസമയം എതിരാളികളുടെ നേട്ടങ്ങളെ പരസ്യമായി അഭിനന്ദിക്കാനും തരൂർ മടിക്കാറില്ല. നരേന്ദ്ര മോദിയെ വിമർശനപരമായി സമീപിച്ച ദ പാരഡോക്‌സിക്കൽ പ്രൈംമിനിസ്റ്റർ എന്ന പുസ്തകമെഴുതിയ അതേ തരൂർ, അതിശയകരമായ വീര്യവും ചടുലതയും ഉള്ള മനുഷ്യൻ എന്ന് മോദിയെ ഒരു തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പ്രശംസിക്കാനും മടിച്ചില്ല. കേരളത്തിലെ ഇടതു സർക്കാരിനെ തരൂർ അടച്ചാക്ഷേപിക്കാറില്ലെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കാര്യക്ഷമതയുള്ള വ്യക്തിയാണെന്നും അദ്ദേഹം വാക്ക് നൽകിയാൽ ഉറപ്പായും പാലിക്കുമെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. രാഷ്ട്രീയമായി എതിർ ചേരിയിലുള്ളവരോട് എല്ലാ കാര്യത്തിലും നിസഹകരണമല്ല, സംവാദമാണ് വേണ്ടതെന്നാണ് തരൂരിൻറെ നിലപാട്. ഇത്തവണ സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കാൻ തരൂർ തയ്യാറായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ പിന്തിരിപ്പിച്ചു.


കോൺഗ്രസിൽ സമൂലമായ മാറ്റങ്ങൾ വേണമെന്നും സ്ഥിരം അധ്യക്ഷനെ വേണമെന്നും ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ച ജി23 നേതാക്കളിൽ ഒരാളാണ് തരൂർ. ജി 23 ഒരു സംഘടനയല്ലെന്നും ആ പദം മാധ്യമ സൃഷ്ടിയാണെന്നും ശശി തരൂർ അടുത്ത കാലത്ത് പറഞ്ഞു. 23 പേർ ചേർന്ന് കോൺഗ്രസ് നേതൃത്വത്തിനുള്ള ഒരു കത്തിൽ ഒപ്പിട്ടു എന്ന സാംഗത്യമേ ജി 23ക്കുള്ളൂ. ജി 23 പ്രതിനിധിയായല്ല താൻ മത്സരിക്കുന്നതെന്നും തരൂർ വ്യക്തമാക്കുകയുണ്ടായി. ഏറെ നാടകീയതകൾക്കൊടുവിൽ ഗാന്ധി കുടുംബത്തിന്റെ ആശീർവാദത്തോടെ തരൂരിനെതിരെ മത്സരിക്കാൻ നിയോഗിക്കപ്പെട്ടത് മല്ലികാർജുൻ ഖാർഗെയാണ്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്നും നിഷ്പക്ഷത പാലിക്കുമെന്നുമാണ് ഗാന്ധി കുടുംബം പുറമേ പറഞ്ഞതെങ്കിലും പിന്തുണ ആർക്കാണെന്ന് പകൽ പോലെ വ്യക്തമായിരുന്നു. മാറ്റത്തിനായി ശബ്ദമുയർത്തിയ ജി 23യിലെ നേതാക്കൾ പരസ്യമായി തന്നെ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിലെ മുതിർന്ന നേതാക്കളും ഖാർഗെയ്‌ക്കൊപ്പമാണ്. ഖാർഗെയ്ക്ക് പിന്തുണ നൽകിയ മുതിർന്ന നേതാക്കളോട് വോട്ടഭ്യർഥിക്കില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും തരൂർ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. വോട്ടഭ്യർഥിച്ച് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിലൂടെ, ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദിയിൽ ആശയവിനിമയം നടത്തുന്നതിലൂടെയൊക്കെ പൊരുതാൻ തന്നെയാണ് തീരുമാനമെന്ന് തരൂർ പറയാതെ പറയുകയാണ്. ഈ പോരാട്ടത്തിൽ താൻ അധസ്ഥിതനായി കാണപ്പെടുന്നതിൽ അഭിമാനമേയുള്ളൂവെന്നും തരൂർ വ്യക്തമാക്കിയിട്ടുണ്ട്.


തെരഞ്ഞെടുപ്പുകളിൽ അടിക്കടി പരാജയങ്ങളേറ്റുവാങ്ങി നിലംപരിശായ കോൺഗ്രസിന് ജീവവായു ഏകാൻ, മുൻകാല മാതൃകകളുടെ ഭാരങ്ങളില്ലാത്ത പുതിയൊരു നേതാവ് വരണമെന്ന് കരുതുന്നവർ തരൂരിനെ പിന്തുണയ്ക്കുകയാണ്. പ്രത്യയശാസ്ത്ര ബാധ്യതകളോ നൂറ്റാണ്ടുകളുടെ പാരമ്പര്യമോ ഇല്ലാതെ ആം ആദ്മി പാർട്ടി ഡൽഹിയിലും പഞ്ചാബിലും സാധ്യമാക്കിയ മാജിക്കാണ് തരൂരിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടണമെങ്കിൽ പുതിയ ദിശാബോധവും നയപരിപാടികളും വേറിട്ട ചിന്തകളുമുള്ള നേതാവ് അനിവാര്യമാണെന്നും കോൺഗ്രസിനുള്ളിൽ അഭിപ്രായമുണ്ട്. എന്നാൽ ഭിന്നിച്ചുനിൽക്കുന്ന നേതാക്കളെ ഒന്നിച്ചു അണിനിരത്താനും പ്രവർത്തകർക്ക് ഊർജമേകാനും ഖാർഗെയെപ്പോലെ പരിണിത പ്രജ്ഞൻ അധ്യക്ഷനാവണമെന്നാണ് എതിർപക്ഷത്തിന്റെ വാദം.

നിലവിലെ സാഹചര്യത്തിൽ തരൂർ അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നുണ്ടാവില്ല. എങ്കിലും ചരിത്രത്തിലെ രണ്ടു സംഭവങ്ങൾ തരൂരിന് അനുകൂലമാണ്. ഒന്ന് 1939ലാണ്. അന്ന് ഗാന്ധിജിയുടെ പിന്തുണയോടെ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച പട്ടാഭി സീതാരാമയ്യ പരാജയപ്പെട്ടു. തോൽപ്പിച്ചത് സുഭാഷ് ചന്ദ്രബോസാണ്. രണ്ടാമത്തേത് 1950ൽ. ജവഹർലാൽ നെഹ്റുവിൻറെ പിന്തുണയുണ്ടായിരുന്ന ആചാര്യ കൃപലാനി പരാജയപ്പെട്ടു. കൃപലാനിയെ മലർത്തിയടിച്ചത് പുരുഷോത്തം ദാസ് ടാണ്ഠനാണ്. സർദാർ പട്ടേൽ വിഭാഗത്തിന്റെ സ്ഥാനാർഥിയായിരുന്നു ടാണ്ഠൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഒരേയൊരു മലയാളി ചേറ്റൂർ ശങ്കരൻ നായർ എന്ന സർ സി.ശങ്കരൻ നായരാണ്. 1897ലായിരുന്നു ഇത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ പലപ്പോഴും പ്രവചനങ്ങൾക്ക് അതീതമാണ്. ചേറ്റൂരിന്റെ പിൻഗാമിയാവുമോ തരൂർ എന്നറിയാൻ ഇനിയും കാത്തിരിക്കുക തന്നെ വേണം.

TAGS :

Next Story