കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ശശി തരൂർ മത്സരിച്ചേക്കും
തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്ന് സോണിയ ഗാന്ധി
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂർ എം.പി മത്സരിച്ചേക്കും. ഇന്ന് സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ശശി തരൂർ നിലപാടുകൾ വിശദീകരിച്ചു. തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്ന് സോണിയ ഗാന്ധി ആവർത്തിച്ചു.
കോൺഗ്രസ് നേതാക്കളായ ദീപേന്ദർ ഹൂഡ, ജയപ്രകാശ് അഗർവാൾ, വിജേന്ദ്ര സിങ് എന്നിവരോടൊപ്പമാണ് തരൂർ സോണിയ ഗാന്ധിയെ കാണാനായി എത്തിയത്. അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ ശശി തരൂർ തള്ളിയിട്ടില്ല. ആര് മത്സരിച്ചാലും അധ്യക്ഷ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് തരൂർ നേരത്തെ അഭിപ്രായപ്പെട്ടത്. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാൽ താനും മത്സര രംഗത്തുണ്ടാകുമെന്ന സൂചന തരൂർ നൽകിയിരുന്നു.
പൊതുസ്ഥാനാർഥിയായി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് ശശി തരൂർ താത്പര്യപ്പെടുന്നത്. ജി 23 നേതാക്കളുടെ പിന്തുണ തരൂരിന് ഉണ്ട്. അതേസമയം ഛത്തീസ്ഗഡ്, രാജസ്ഥാൻ, ബിഹാര്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ രാഹുൽ ഗാന്ധി അധ്യക്ഷനാകണം എന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
രാഹുൽ മത്സരിക്കുന്നില്ലെങ്കിൽ മാത്രം അശോക് ഗെഹ്ലോട്ട് ഉൾപ്പെടെയുള്ള പേരുകളിലേക്ക് കടക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. നാളെ മുതൽ എ.ഐ.സി.സി ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിശോധിക്കാൻ അവസരമുണ്ടാകും. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള നോമിനേഷന്‍ മൂന്ന് ദിവസത്തിന് ശേഷം സ്വീകരിക്കാന്‍ തുടങ്ങും. ഒക്ടോബർ 17നാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാകണമെന്ന് ശശി തരൂര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വോട്ടർമാരുടെ പട്ടിക പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.
Adjust Story Font
16