Quantcast

'അവൾ മകളെപ്പോലെ': കുറ്റം നിഷേധിച്ച് യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറില്‍ വേവിച്ച കേസിലെ പ്രതി

താനെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂണ്‍ 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

MediaOne Logo

Web Desk

  • Published:

    9 Jun 2023 6:24 AM GMT

She was like daughter says man accused of cutting partner into pieces
X

മുംബൈ: താന്‍ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്ന് മുംബൈയിലെ ഫ്ലാറ്റിലെ അരുംകൊലയ്ക്ക് പിന്നാലെ അറസ്റ്റിലായ പ്രതി. സരസ്വതി വൈദ്യയെന്ന (32) യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുക്കറില്‍ വേവിച്ച കേസില്‍ അറസ്റ്റിലായ രമേഷ് സാനെയാണ് കുറ്റം നിഷേധിച്ചത്. അവള്‍ തനിക്ക് മകളെപ്പോലെയായിരുന്നുവെന്ന് 56കാരനായ രമേഷ് പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രമേഷും സരസ്വതിയും മൂന്ന് വര്‍ഷമായി മിരാ റോഡിലെ ഗീതാ നഗർ പ്രദേശത്തെ ഫ്ലാറ്റിൽ ലിവ്- ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രമേഷിന്‍റെ ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന് അയല്‍വാസി അറിയിച്ചതോടെയാണ് പൊലീസെത്തി ഫ്ലാറ്റ് ബലംപ്രയോഗിച്ച് തുറന്നത്. അപ്പോള്‍ രമേഷ് ഫ്ലാറ്റിലുണ്ടായിരുന്നില്ല. അടുക്കളയിലെ മൂന്ന് ബക്കറ്റുകളില്‍ സരസ്വതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. എന്നാല്‍ ശരീര ഭാഗങ്ങള്‍ പൂര്‍ണമായി കണ്ടെത്തിയിട്ടില്ല. നഗരത്തിന്‍റെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. പൊലീസെത്തി ഫ്ലാറ്റ് തുറന്നപ്പോള്‍ ഒരു ഇലക്‌ട്രിക് കട്ടറടക്കം രണ്ട് കട്ടറുകൾ കണ്ടെത്തി. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഫ്ലാറ്റില്‍ പൊലീസെത്തിയത് അറിയാതെ രമേഷ് വൈകുന്നേരം മടങ്ങിവന്നു. ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. താനെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂണ്‍ 16 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

എന്നാല്‍ താന്‍ കൊല ചെയ്തിട്ടില്ലെന്നും ജൂൺ 3ന് രാവിലെ എഴുന്നേറ്റപ്പോള്‍ സരസ്വതി ഫ്ലാറ്റില്‍ നിലത്ത് വീണുകിടക്കുന്നതാണ് കണ്ടതെന്നും രമേഷ് സാനെ പൊലീസിനോട് പറഞ്ഞു. നാഡിമിടിപ്പ് പരിശോധിച്ചപ്പോൾ മരിച്ചുവെന്ന് മനസ്സിലായി. സരസ്വതി ജീവനൊടുക്കിയതാണെന്ന് രമേഷ് അവകാശപ്പെട്ടു. എന്നാല്‍ തന്നെ കേസില്‍ കുടുക്കുമെന്ന് ഭയന്ന് മൃതദേഹം മാറ്റിയെന്നാണ് രമേഷ് സാനെ ചോദ്യംചെയ്യലിനിടെ പൊലീസിനോട് പറഞ്ഞത്.

താന്‍ വീട്ടില്‍ വൈകിയെത്തുമ്പോഴെല്ലാം സരസ്വതി തന്നെ സംശയിച്ചിരുന്നുവെന്ന് രമേഷ് മൊഴി നല്‍കി. പത്താം ക്ലാസ് എസ്‌എസ്‌സി പരീക്ഷ എഴുതാൻ ഒരുങ്ങുന്ന സരസ്വതിയെ കണക്ക് പഠിപ്പിക്കാറുണ്ടായിരുന്നു. താന്‍ എച്ച്‌ഐവി ബാധിതനാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

TAGS :

Next Story